വീണ്ടും പുതിയ അപ്ഡേറ്റുകളുമായി വെർണ ഫെയ്‌സ്‌ലിഫ്റ്റ്; അടുത്ത വർഷം ആളെത്തുമെന്ന് ഉറപ്പ്
ഇന്ത്യൻ സെഡാൻ വിപണിയിൽ വീണ്ടും ശ്രദ്ധ നേടാൻ തയ്യാറെടുക്കുകയാണ് 2026 ഹ്യുണ്ടായി വെർണ ഫെയ്‌സ്‌ലിഫ്റ്റ്. അടുത്തിടെ ടെസ്റ്റിംഗ് സമയത്ത് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ വെർണക്ക് ലഭിക്കാനിരിക്കുന്ന പുതിയ ഡിസൈൻ ടച്ചുകളെയും ഫീച്ചർ അപ്ഡേറ്റുകളെയും കുറിച്ചുള്ള സൂചനകളാണ് നൽകുന്നത്. നിലവിലെ മോഡലിന്റെ അടിസ്ഥാന സ്വഭാവം നിലനിർത്തിക്കൊണ്ടു തന്നെ കൂടുതൽ ആധുനികമായ ടെക്‌നോളജികൾ ഉൾപ്പെടുത്തി സെഡാൻ ആരാധകരെ വീണ്ടും ആകർഷിക്കുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം. മാത്രവുമല്ല ഹോണ്ട സിറ്റി, സ്കോഡ സ്ലാവിയ എന്നിവരോടുള്ള മത്സരം കടുപ്പിക്കുന്നതിനുള്ള ഒരു പ്രധാന നീക്കമായാണ് വെർണ ഫെയ്‌സ്‌ലിഫ്റ്റിനെ കാണുന്നത്.
നിലവിൽ ഹ്യുണ്ടായി വെർണ നാലാം തലമുറ മോഡലായാണ് വിപണിയിൽ ലഭ്യമാകുന്നത്. ഇത് 2023 മാർച്ചിലാണ് ഔദ്യോഗികമായി പുറത്തിറങ്ങിയത്. പുറത്തിറങ്ങി ഏകദേശം മൂന്ന് വർഷം പൂർത്തിയാകാനിരിക്കെ ഈ സെഡാനിന് ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് നൽകാനുള്ള തയ്യാറെടുപ്പിലാണ് ഹ്യുണ്ടായി എന്നതാണ് ഇപ്പോഴത്തെ സൂചനകൾ. അടുത്ത കാലത്തായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെസ്റ്റ് വാഹനങ്ങൾ പതിവായി റോഡുകളിൽ കാണപ്പെടുന്നുണ്ട്. ഇത് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ വികസനം അവസാന ഘട്ടത്തിലേക്കെത്തിയതായാണ് വ്യക്തമാക്കുന്നത്.

അത്തരത്തിൽ തന്നെയാണ് വെർണ ഫെയ്‌സ്‌ലിഫ്റ്റും കാണപെട്ടിരിക്കുന്നത്. നിരവധി തവണ ടെസ്റ്റ് നടത്തുന്നതായി കാണപെട്ടിട്ടുള്ളതിനാൽ ഈ മോഡൽ ഉടൻതന്നെ ലോഞ്ച് ചെയ്യും എന്ന് കരുതുന്നു. ഡിസൈൻ കാര്യത്തിൽ വലിയ വിപ്ലവമല്ലെങ്കിലും നിലവിലെ മോഡലിനെക്കാൾ കൂടുതൽ ഷാർപ്പും ബാലൻസും ഉള്ള ലുക്ക് നൽകുക എന്നതാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം. മുൻവശത്തെ ബംപറും ഗ്രില്ലും പുതുക്കിയിട്ടുണ്ട്. ഹെഡ്‌ലാമ്പുകളുടെ ഡിസൈനിലും ചെറിയ മാറ്റങ്ങൾ കാണാം.
മാത്രവുമല്ല എൽഇഡി ഡിആർഎല്ലുകളുടെ സ്റ്റൈൽ പുതുക്കി കൂടുതൽ ഫ്യൂച്ചറിസ്റ്റിക് ഫീൽ നൽകാൻ ശ്രമിച്ചിരിക്കുന്നതായി സ്പൈ ചിത്രങ്ങളിൽ നിന്ന് മനസിലാക്കാം. പിന്നിൽ കണക്റ്റഡ് എൽഇഡി ടെയിൽലാമ്പ് സെറ്റപ്പ് തുടരുന്നുണ്ടെങ്കിലും ലൈറ്റുകളുടെ ഗ്രാഫിക്സിലും ബംപറിന്റെ ഡിസൈനിലും ചെറിയ റീഫ്രഷുകൾ പ്രതീക്ഷിക്കുന്നുണ്ട്. സൈഡ് പ്രൊഫൈൽ വലിയ മാറ്റമില്ലാതെ തന്നെ തുടരുമ്പോൾ പുതിയ അലോയ് വീൽ ഡിസൈൻ ഫെയ്‌സ്‌ലിഫ്റ്റിന് ഒരു ഫ്രെഷ് ടച്ച് നൽകുന്നു.

ഇന്റീരിയറിൽ തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ അപ്ഡേറ്റുകൾ പ്രതീക്ഷിക്കുന്നത്. പുതിയ വെർണയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനുമായി രണ്ട് വലിയ ഡ്യുവൽ കർവ്ഡ് സ്‌ക്രീൻ സെറ്റപ്പ് എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതോടെ ക്യാബിൻ കൂടുതൽ പ്രീമിയവും ടെക്-ഫോക്കസ്ഡുമായ അനുഭവം നൽകും. പുതിയ സ്റ്റിയറിംഗ് വീൽ ഡിസൈൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, അപ്ഡേറ്റഡ് കണക്റ്റഡ് കാർ ഫീച്ചറുകൾ എന്നിവയും പ്രതീക്ഷിക്കാം.
സുരക്ഷാ കാര്യത്തിലും വെർണ ഫെയ്‌സ്‌ലിഫ്റ്റ് ഒരു പടി മുന്നോട്ട് പോകും. കാരണം ലെവൽ-2 ADAS ഫീച്ചറുകൾ കൂടുതൽ ട്രിംസുകളിലേക്ക് വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. എഞ്ചിൻ സംബന്ധമായ കാര്യത്തിൽ ഫെയ്‌സ്‌ലിഫ്റ്റിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിലവിലെ മോഡലിൽ ലഭ്യമായ അതേ 1.5 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ, 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും തുടരുമെന്നാണ് സൂചനകൾ.

അടിസ്ഥാന പെട്രോൾ ഓപ്ഷനായ 1.5 ലിറ്റർ NA എഞ്ചിൻ 112 bhp കരുത്തും 143.8 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. സ്മൂത്തായ ഡ്രൈവിംഗിനും നല്ല ഫ്യൂവൽ എഫിഷൻസിക്കും പ്രാധാന്യം നൽകുന്ന ഈ എഞ്ചിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായോ iVT ഓട്ടോമാറ്റിക് ഗിയർബോക്സുമായോ ജോടിയാക്കിയിരിക്കും. സിറ്റി ഉപയോഗത്തിനും ദീർഘ ദൂര യാത്രകൾക്കും ഒപ്പം ദിവസേന ഓടിക്കാനുമുള്ള ഏറ്റവും ബാലൻസ്ഡ് ഓപ്ഷനായിരിക്കും ഇത്.
അതേസമയം കൂടുതൽ പവറും സ്പോർട്ടി ഡ്രൈവിംഗ് അനുഭവവും ആഗ്രഹിക്കുന്നവർക്ക് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കുന്നതായിരിക്കും. ഈ യൂണിറ്റ് 158 bhp കരുത്തും 253 Nm ടോർക്കുമാണ് നൽകുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്സിനോ വേഗത്തിൽ ഗിയർ മാറ്റുന്ന 7-സ്പീഡ് DCT ഓട്ടോമാറ്റിക്കിനോ ഒപ്പം ലഭിക്കും. ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ കൊണ്ടു തന്നെ വെർണ ഫെയ്‌സ്‌ലിഫ്റ്റ് സാധാരണ ഉപയോക്താക്കളെയും പെർഫോമൻസ് പ്രേമികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു സെഡാനായി മാറും.


Click it and Unblock the Notifications








