കാത്തിരിപ്പിന് വിരാമം, ഹൈബ്രിഡ് വെച്ച് ക്രെറ്റയെ തീര്‍ക്കുമോ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്? നാളെയെത്തും
ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാരായ കിയ തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ സെല്‍റ്റോസിന്റെ 2026 മോഡല്‍ നാളെ (2025 ഡിസംബര്‍ 10) അവതരിപ്പിക്കാന്‍ പോകുകയാണ്. വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോംപാക്ട് എസ്‌യുവിയുടെ പുത്തന്‍ മോഡലിന്റെ മൂടുപടമഴിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ കുറച്ച് ദിവസമായി ടീസറുകള്‍ പുറത്തുവിട്ട് കിയ ഹൈപ്പ് ഉയര്‍ത്തിയിരുന്നു. പുതിയ കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ് കൂടുതല്‍ ആകര്‍ഷകവും കരുത്തുറ്റതുമായ സ്‌റ്റൈലിംഗില്‍ എത്തുമെന്നാണ് ടീസറുകള്‍ സൂചിപ്പിക്കുന്നത്. നാളെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന 2026 കിയ സെല്‍റ്റോസില്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് ഈ ലേഖനത്തില്‍ വായിക്കാം.
2019-ല്‍ സെല്‍റ്റോസിന്റെ കൈയ്യും പിടിച്ചാണ് കിയ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയത്. കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ അതുവരെയുണ്ടായിരുന്ന പല മാനദണ്ഡങ്ങളും മാറ്റിമറിച്ച സെല്‍റ്റോസ് ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലറായി മാറി. സെല്‍റ്റോസ് എന്ന കാര്‍ ഇന്ത്യക്കാര്‍ക്കിടയില്‍ സൃഷ്ടിച്ച സല്‍പ്പേരാണ് പിന്നീട് വന്ന വാഹനങ്ങള്‍ക്കും കിയക്കും അതിവേഗം ഇന്ത്യയില്‍ വേരൂന്നാന്‍ സഹായിച്ചത്. വിപണിയിലെത്തിയ അന്നുമുതല്‍ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ സെല്‍റ്റോസ് ശക്തമായ സ്ഥാനം നിലനിര്‍ത്തുന്നുണ്ട്.

സമീപകാലത്ത് കൂടുതല്‍ ആധുനികവും ഫീച്ചര്‍ റിച്ചുമായി ഒത്തിരി മോഡലുകള്‍ സെഗ്‌മെന്റില്‍ പ്രവേശിച്ചത് സെല്‍റ്റോസിന്റെ വില്‍പ്പനയെ ചെറുതായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്‌യുവിക്ക് ഫെയ്‌സ്‌ലിഫ്റ്റ് നല്‍കാന്‍ കമ്പനി തീരുമാനിച്ചത്. 2026 മോഡലിലൂടെ സെഗ്‌മെന്റില്‍ തങ്ങളുടെ സ്വാധീനം കൂട്ടി വിപണി വിഹിതം ഉയര്‍ത്താനാണ് കിയ ലക്ഷ്യമിടുന്നത്. ഇത്തവണ കേവലം കോസ്മെറ്റിക് അപ്ഡേറ്റുകളില്‍ ഒതുക്കാതെ നെക്‌സ്റ്റ് ജെന്‍ ഡിസൈനും ഫീച്ചറുകളുമായാണ് സെല്‍റ്റോസ് അവതാരപ്പിറവിയെടുക്കാന്‍ പോകുന്നത്.
കിയയുടെ പുതിയ ഡിസൈന്‍ ഫിലോസഫി അനുസരിച്ച്, എസ്‌യുവിയുടെ ഫ്രണ്ട് ഫാസിയ കൂടുതല്‍ വിശാലവും പ്രീമിയവും ശക്തവുമായി കാണപ്പെടുന്നു. പുതിയ 2026 കിയ സെല്‍റ്റോസിന് കൂടുതല്‍ ഷാര്‍പ്പ് ലൈനുകളും, കരുത്തുറ്റ ഗ്രില്ലും, ആധുനിക എല്‍ഇഡി ഘടകങ്ങളും ഉണ്ടാകും. ട്വിന്‍-പീസ് എല്‍ഇഡി ഡിആര്‍എല്‍, പുതിയ ഫോഗ്-ലാംപ് സറൗണ്ടുകള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍, വലിയ എല്‍ഇഡി ടെയില്‍-ലൈറ്റുകള്‍, ടെയില്‍ഗേറ്റില്‍ ഫുള്‍-വിഡ്ത്ത് എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവ ഡിസൈന്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

റൂഫ് റെയിലുകള്‍, ഷാര്‍ക്ക്-ഫിന്‍ ആന്റിന, ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, പുതിയ പെയിന്റ് സ്‌കീമുകള്‍ എന്നിവയും വാഹനത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കും. പുതിയ സെല്‍റ്റോസിന്റെ പുറമെ മാത്രമല്ല, അകത്തും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജിടി ലൈന്‍ വേരിയന്റില്‍ ഡ്യുവല്‍-ടോണ്‍ ക്യാബിന്‍, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ഇന്‍ഫോടെയ്ന്‍മെന്റിനും ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കുമായി രണ്ട് വലിയ പനോരമിക് കര്‍വ്ഡ് സ്‌ക്രീനുകള്‍ എന്നിവയുണ്ടാകുമെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
ക്യാബിന് സ്‌പോര്‍ട്ടി ലുക്ക് ലഭിക്കാനായി പുതിയ HVAC പാനല്‍, ടെക്‌സ്ചര്‍ഡ് മെറ്റീരിയലുകള്‍, വലിയ സ്റ്റോറേജ് സൗകര്യം, പെഡലുകളില്‍ മെറ്റല്‍ ഫിനിഷ് എന്നിവ നല്‍കുന്നു. പുതിയ സെല്‍റ്റോസിന്റെ പവര്‍ട്രെയിനിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും, നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തുടര്‍ന്നും സേവനത്തിലുണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു.

ഇതിനുപുറമെ, പുതിയ 1.6 ലിറ്റര്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ കൂടി കിയ സെല്‍റ്റോസില്‍ ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. മെച്ചപ്പെട്ട ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യം സെല്‍റ്റോസിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. അപ്‌ഡേറ്റുകള്‍ക്കൊപ്പം ക്രെറ്റയില്‍ ഇല്ലാത്ത ഹൈബ്രിഡ് സെറ്റപ്പ് കൂടി ലഭിക്കുന്നത് സെല്‍റ്റോസിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ അടുപ്പിക്കും.
സ്‌റ്റൈല്‍, പ്രായോഗികത, ഫ്യൂചറിസ്റ്റിക് ടെക്‌നോളജി എന്നിവ സമ്മേളിക്കുന്ന ഒരു എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സെല്‍റ്റോസ് പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. വിലയെ കുറിച്ച് കൃത്യമായ വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. ഏകദേശം 12 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.
ആകര്‍ഷകമായ ഡിസൈന്‍, നവീകരിച്ച ഇന്റീരിയറുകള്‍, വിശാലമായ ഫീച്ചര്‍ ലിസ്റ്റ്, ഹൈബ്രിഡ്-റെഡി പവര്‍ട്രെയിന്‍ ഓപ്ഷന്‍ എന്നിവ ലഭിക്കുകയാണെങ്കില്‍ 2026 സെല്‍റ്റോസ് മിഡ്‌സൈസ് എസ്‌യുവി വിഭാഗം വീണ്ടും കൈപ്പിടിയിലൊതുക്കും. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, വിക്‌ടോറിസ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് സെല്‍റ്റോസിന്റെ മത്സരം.


Click it and Unblock the Notifications








