സിയറയുടെ ഇമേജ് തകർക്കുമോ പുത്തൻ സെൽറ്റോസ്; ഒരു കിടിലൻ താരതമ്യം ആയാലോ
ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിൽ പുതിയൊരു തരംഗമായി കിയ സെൽറ്റോസ് എത്തിയിരിക്കുകയാണ്. പുത്തൻ ഡിസൈനും പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന ഈ വാഹനം, അടുത്തിടെ പുറത്തിറക്കിയ ടാറ്റ സിയറ എസ്‌യുവിയുമായി നേരിട്ട് മത്സരിക്കുന്ന മോഡലാണ്. ഈ രണ്ട് കോംപാക്ട് എസ്‌യുവികളെയും ഒരു വിശദമായ താരതമ്യത്തിലൂടെ ഒന്ന് പരിശോധിച്ചാലോ. എന്തായാലും ഇനി സെഗ്മെൻ്റിൽ കടുത്ത മത്സരം തന്നെയാണ് നടക്കാൻ പോകുന്നതെന്ന് 100 ശതമാനം ഉറപ്പാണ്. പുതിയ സെൽറ്റോസ് എസ്‌യുവിയുടെ ഡിസൈനി കിയ സമഗ്രമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആഗോളതലത്തിലുള്ള തങ്ങളുടെ എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇതിന്റെ മുൻഭാഗത്തും പിൻഭാഗത്തും കാര്യമായ അഴിച്ചുപണികൾ നടത്തിയിട്ടുണ്ട്.
ടൈഗർ നോസ് ഗ്രില്ലിന് പകരം വലിയ ടൈഗർ ഫേസ് ഗ്രിൽ, പുതിയ സ്ക്വയേർഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വെർട്ടിക്കൽ എൽഇഡി ഡിആർഎല്ലുകൾ എന്നിവയെല്ലാമാണ് മുന്നിലെ പ്രധാന ആകർഷണങ്ങളായി എടുത്തു പറയേണ്ടത്. പിൻഭാഗത്ത്, കണക്റ്റഡ് സി-ഷേപ്പ് ടെയിൽ ലാമ്പുകളാണ് സെൽറ്റോസിലുള്ളത്. പുതുക്കിയ അലോയ് വീലുകളും ഫ്ലഷ് ഡോർ ഹാൻഡിലുകളും വാഹനത്തിന് കൂടുതൽ മിഴിവേകുന്നു. മൊത്തത്തിൽ, പുതിയ സെൽറ്റോസ് മുൻപത്തേതിനേക്കാൾ വലിപ്പവും മസ്കുലർ ലുക്കും നൽകുന്നുണ്ട്.

ടാറ്റ സിയറയുടെ ഡിസൈനിലേക്ക് വന്നാൽ വാഹനം കൂടുതൽ ബോക്സിയും ലംബവുമാണ്. 1990-കളിലെ യഥാർത്ഥ ടാറ്റ സിയറയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മാറ്റങ്ങൾ. മുൻഭാഗത്ത് ഗ്ലോസി ബ്ലാക്ക് ഗ്രിൽ, പൂർണ്ണ നീളത്തിലുള്ള സേബർ ലൈറ്റുകളും ഡിആർഎല്ലുകളും, സ്ലീക്ക് ബൈ-എൽഇഡി ഹെഡ്‌ലാമ്പുകൾ, സിൽവർ സ്കിഡ് പ്ലേറ്റുകൾ എന്നിവയുണ്ട്.
പിൻഭാഗത്തേക്ക് വന്നാൽ കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകളോടുകൂടിയ ലംബമായ നിലപാടാണ് സിയറയ്ക്ക്. ആകർഷകമായ പുതിയ അലോയ് വീലുകളും ഫ്ലഷ് ഡോറുകളും ഇതിന് ലഭിക്കുന്നുണ്ട്. ആധുനികവും കൂടുതൽ സിറ്റി റൈഡിനും യോജിക്കുന്ന രൂപകൽപ്പനയുള്ള കിയ സെൽറ്റോസിനെ അപേക്ഷിച്ച് സിയറയ്ക്ക് കൂടുതൽ എസ്‌യുവി ലുക്കുണ്ട്.

കിയ സെൽറ്റോസിലും ടാറ്റ സിയറയിലും രണ്ട് പെട്രോൾ, ഒരു ഡീസൽ പവർട്രെയിൻ ഓപ്ഷനുകളായാണുള്ളത്. സെൽറ്റോസിൽ 1.5 ലിറ്റർ പെട്രോൾ (114 PS), 1.5 ലിറ്റർ ടർബോ പെട്രോൾ (158 PS), 1.5 ലിറ്റർ ഡീസൽ (114 PS) എഞ്ചിനുകൾ ലഭ്യമാണ്. ടോർക്ക് യഥാക്രമം 144 Nm, 253 Nm, 250 Nm എന്നിങ്ങനെയാണ്.
ടാറ്റ സിയറയിൽ 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് 106 PS പരമാവധി പവറും, 1.5 ലിറ്റർ ടർബോ പെട്രോൾ 160 PS പവറും, 1.5 ലിറ്റർ ഡീസൽ 118 PS കരുത്ത് പുറപ്പെടുവിക്കുന്നു. ഇവയുടെ ടോർക്ക് യഥാക്രമം 145 Nm, 255 Nm, 260 Nm എന്നിങ്ങനെയാണ്. ഇരു മോഡലുകളിലെയും എഞ്ചിൻ കരുത്ത് ഏതാണ്ട് സമാനമാണെങ്കിലും, സെൽറ്റോസിന് കൂടുതൽ ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭിക്കുന്നു. രണ്ട് വാഹനങ്ങളും ടു-വീൽ ഡ്രൈവ് സംവിധാനത്തിലാണ് വരുന്നത്.

വലിപ്പത്തിന്റെ കാര്യത്തിൽ ടാറ്റ സിയറ എസ്‌യുവി പുതിയ കിയ സെൽറ്റോസിനേക്കാൾ മസ്‌കുലറായി തോന്നുന്നു. സിയറയ്ക്ക് 4340 mm നീളവും, 1841 mm വീതിയും, 1715 mm ഉയരവുമുണ്ട്. ഇതിന് 2730 mm വീൽബേസും, 622 ലിറ്റർ ബൂട്ട് സ്പേസും ലഭിക്കുന്നു. സെൽറ്റോസിന് 4460 mm നീളം, 1830 mm വീതി, 1635 mm ഉയരം, 2690 mm വീൽബേസ്, 447 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയാണ് ലഭിക്കുന്നത്.
സിയറക്ക് കൂടുതൽ വീതിയും ഉയരവും ബൂട്ട് സ്പേസും വീൽബേസും ലഭിക്കുമ്പോൾ, സെൽറ്റോസ് അല്പം നീളം കൂടിയതാണ്. മൊത്തത്തിൽ, ടാറ്റ സിയറ സെൽറ്റോസിനെക്കാൾ കൂടുതൽ വിശാലമായി അനുഭവപ്പെടുന്നു. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ സിയറ കൂടുതൽ പ്രീമിയമാണ് എന്ന് സമ്മതിക്കാതെ വയ്യ. ഇതിന് "സൂപ്പർ ഗ്ലൈഡ്" സസ്പെൻഷൻ സിസ്റ്റം ലഭിക്കുന്നു. രണ്ട് കാറുകളിലും ലെവൽ 2 ADAS സുരക്ഷാ പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സിയറയ്ക്ക് വലിയ വീലുകളും ടയറുകളുമുണ്ട്.
സെൽറ്റോസിൽ 6 എയർബാഗുകൾ ലഭ്യമാകുമ്പോൾ, സിയറയുടെ ഉയർന്ന വേരിയന്റുകളിൽ ഒരു അധിക എയർബാഗ് ഉൾപ്പെടെ 7 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നു. ഇരുവാഹനങ്ങളിലും എല്ലാ ടയറുകളിലും ഡിസ്ക് ബ്രേക്കുകൾ ലഭ്യമാണ്. കിയ കാറുകൾ അവയുടെ പ്രീമിയം ഫീച്ചറുകൾക്കും ഇന്റീരിയറിനും പേരുകേട്ടതാണല്ലോ. എന്നാൽ ചില കാര്യങ്ങളിൽ ടാറ്റ സിയറ എസ്‌യുവി കിയയെ കടത്തിവെട്ടുന്നു.
ഹൈപ്പർആർ ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, ട്രിപ്പിൾ പനോരമിക് സ്ക്രീൻ, പിന്നിൽ ഗ്ലാസ് റൂം, തൈ സപ്പോർട്ട് എക്സ്റ്റെൻഡർ, 12 സ്പീക്കറുകളുള്ള ജെബിഎൽ സൗണ്ട് സിസ്റ്റം, ബോസ് മോഡ്, സോണിക് സൗണ്ട്ബാർ തുടങ്ങിയ സെഗ്മെന്റിൽ പുതിയ പല ഫീച്ചറുകളും സിയറയിലുണ്ട്. കിയ സെൽറ്റോസിലും ലെവൽ 2 ADAS, 8 പ്രീമിയം ബോസ് സ്പീക്കറുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ മികച്ച ഫീച്ചറുകൾ ലഭ്യമാണ്.
രണ്ട് വാഹനങ്ങളിലും വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, വയർലെസ് ചാർജിംഗ്, റിയർ എസി വെന്റുകൾ എന്നിവയുണ്ട്. വിലയുടെ കാര്യത്തിൽ ടാറ്റ സിയറയുടെ എക്സ്-ഷോറൂം വില 11.49 ലക്ഷം രൂപയാണ്. ഇത് കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ മികച്ച മൂല്യമുള്ള കാറുകളിലൊന്നാണ്. കസ്റ്റമർ ഫ്രണ്ട്ലി വിലനിർണ്ണയത്തിനും സർവീസിനും പേരുകേട്ട കിയ, പുതിയ സെൽറ്റോസ് എസ്‌യുവിയുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








