മൈലേജ് വാരിക്കോരി, ഫീച്ചറുകള്‍ ഇഷ്ടംപോലെ! 2026-ല്‍ വിപണി 'കത്തിക്കാനെത്തുന്ന' മാരുതി എസ്‌യുവി
രാജ്യത്തെ സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ മുമ്പന്‍മാരാണ് മാരുതി സുസുക്കി ബ്രെസ. 2022-ല്‍ രണ്ടാം തലമുറ അപ്ഗ്രേഡ് ലഭിച്ചതിന് ശേഷം കോംപാക്റ്റ് എസ്‌യുവിക്ക് സുപ്രധാനമായ അപ്‌ഡേറ്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് മാരുതി സുസുക്കി. 2026 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് (Maruti Suzuki Brezza Facelift) വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ലോഞ്ചിന് മുന്നോടിയായി 2026 ബ്രെസയുടെ ടെസ്റ്റിംഗ് തകൃതിയായി നടക്കുന്നുണ്ട്. ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം എസ്‌യുവിയുടെ സ്‌റ്റൈലിംഗിലും നവീനമായ മാറ്റങ്ങള്‍ വരുമെന്നാണ് അവസാനം വന്ന സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
മാരുതി സുസുക്കി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്‌സ്റ്റീരിയറിലേക്ക് വെളിച്ചം വീശുന്ന പുതിയ സ്‌പൈ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കാറിന്റെ എക്‌സ്റ്റീരിയറില്‍ ശ്രദ്ധേയമായ ചില അപ്‌ഡേറ്റകളുണ്ടാകാമെന്ന് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുമ്പോഴും ഹെഡ്ലൈറ്റുകളും ടെയില്‍ ലൈറ്റുകളും കാര്യമായ മാറ്റമില്ലാതെ തുടരുമെന്നാണ് കരുതുന്നത്. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ പുതിയ രൂപകല്‍പ്പനയിലാകും വരിക. അതുപോലെ, പുത്തന്‍ ഘടകങ്ങളുമായി വരുന്ന ഗ്രില്ലും റിയര്‍ ബമ്പറുകളും പ്രതീക്ഷിക്കാം.

പുത്തന്‍ അലോയ് വീലുകള്‍ ഒഴികെ എസ്‌യുവിയുടെ വശക്കാഴ്ച ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായിരിക്കും. ബോക്‌സി ഡിസൈന്‍, അപ്‌റൈറ്റ് ഫ്രണ്ട് ഫാസിയ, സ്‌ക്വയര്‍ വീല്‍ ആര്‍ച്ചുകള്‍, മെറ്റാലിക് ഫിനിഷുള്ള ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയോടുകൂടിയ ബ്രെസയുടെ തനതായ രൂപം അപ്‌ഡേറ്റഡ് മോഡലും നിലനിര്‍ത്തും. ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ബ്ലാക്ക് ഒആര്‍വിഎമ്മുകള്‍, റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയാണ് മറ്റ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.
ബ്രെസ ഫെയ്സ്ലിഫ്റ്റിന്റെ അകത്തളത്തിലും നിരവധി മാറ്റങ്ങളുണ്ടാകും. പുനര്‍രൂപകല്‍പ്പന ചെയ്ത സ്റ്റിയറിംഗ് വീല്‍ ആണ് അതില്‍ ഒന്ന്. കൂടാതെ, ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, പ്രീമിയം ഓഡിയോ സിസ്റ്റം, മെച്ചപ്പെടുത്തിയ ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഫീച്ചര്‍ അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, ബ്രെസയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, മിഡ്-റേഞ്ച് വേരിയന്റുകളില്‍ 7 ഇഞ്ച് ടച്ച്സ്‌ക്രീനുമാണ് ഓഫര്‍ ചെയ്യുന്നത്.

മുഖംമിനുക്കിയെത്തുന്ന ബ്രെസ ഫെയ്സ്ലിഫ്റ്റിന് 10.1 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. പവര്‍ട്രെയിന്‍ വശം മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ബ്രെസ ഫെയ്സ്ലിഫ്റ്റില്‍ നിലവിലുള്ള എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ തുടര്‍ന്നും സേവനമനുഷ്ഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രെസ പെട്രോള്‍ പതിപ്പുകള്‍ക്ക് 101.6 bhp പവറും 136.8 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ K15C സ്മാര്‍ട്ട് ഹൈബ്രിഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്.
ഇത് 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. വേരിയന്റുകള്‍ക്ക് അനുസരിച്ച് ബ്രെസ പെട്രോള്‍ പതിപ്പ് ലിറ്ററിന് 17.80 കിലോമീറ്റര്‍ മുതല്‍ 19.89 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് ARAI അവകാശപ്പെടുന്നത്. സിഎന്‍ജി ഓപ്ഷനിലും ബ്രെസ വാങ്ങാനാകും. അടുത്തിടെ ക്യാമറയില്‍ പതിഞ്ഞത് ബ്രെസ സിഎന്‍ജി ടെസ്റ്റ് മ്യൂള്‍ ആയിരുന്നു.

സിഎന്‍ജി മോഡില്‍ പവറും ടോര്‍ക്കും 86.6 bhp, 121.5 Nm ആയി കുറയുമെങ്കിലും കിലോഗ്രാമിന് 25.51 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ബ്രെസ സിഎന്‍ജി 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുക. മികച്ച ഇന്ധനക്ഷമതയുള്ള സിഎന്‍ജി പതിപ്പാണ് നിലവില്‍ ബ്രെസയുടെ വില്‍പ്പനയില്‍ ഗണ്യമായ സംഭാവന ചെയ്യുന്നത്. എന്നിരുന്നാലും പിന്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സിഎന്‍ജി സിലിണ്ടര്‍ ബൂട്ട് സ്‌പെയ്‌സിന്റെ വലിയൊരു പങ്കും കവരുന്നുവെന്നത് ഉപഭോക്താക്കളുടെ പരാതിയാണ്.
അതിനാല്‍ ഫെയ്‌സ്‌ലിഫ്റ്റഡ് ബ്രെസയുടെ സിഎന്‍ജി മോഡലില്‍ അണ്ടര്‍ഫ്‌ലോര്‍ സിഎന്‍ജി ടാങ്ക് നല്‍കാനാണ് കമ്പനി ആലോചിക്കുന്നത്. അടുത്തിടെ വിപണിയില്‍ എത്തിയ വിക്‌ടോറിസ് എസ്‌യുവിയില്‍ സമാനമായ സജ്ജീകരണമാണ് നല്‍കിയത്. ടാറ്റ മോട്ടോര്‍സും ഹ്യുണ്ടായിയും ഇരട്ട സിലിണ്ടറുകള്‍ നല്‍കിയാണ് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടത്. നിലവില്‍ ടാറ്റ നെക്‌സോണ്‍, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, സ്‌കോഡ കൈലാക്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നിവയടക്കമുള്ള സബ്-കോംപാക്ട് എസ്‌യുവികളുമായാണ് ബ്രെസയുടെ മത്സരം.
എതിരാളികളുടെ എണ്ണം കൂടിയതും അവയില്‍ പലതും മോഡേണായി പുറത്തിറങ്ങുകയും ചെയ്തതിനാല്‍ ബ്രെസയെ സെഗ്‌മെന്റില്‍ മത്സരക്ഷമതയോടെ നിലനിര്‍ത്താന്‍ ഈ അപ്‌ഡേറ്റ് അനിവാര്യമാണ്. അണ്ടര്‍ ബോഡി സിഎന്‍ജി ടാങ്ക് കൊണ്ടുവരുന്നത് അടക്കമുള്ള മാറ്റങ്ങള്‍ ബ്രെസയെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് അടുക്കുന്ന മുറയ്ക്ക് എസ്‌യുവിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിടുന്നതായിരിക്കും.


Click it and Unblock the Notifications








