ലോഞ്ചിന് മുന്നേ റോഡിലിറങ്ങി ഞെട്ടിച്ച് ഡസ്റ്റർ; മുട്ടിടിച്ച് സെൽറ്റോസും ഗ്രാൻഡ് വിറ്റാരയും
ഇന്ത്യൻ വാഹന വിപണിയിലേക്ക് റെനോ ഡസ്റ്റർ തിരിച്ചെത്താനൊരുങ്ങുന്നതിനാൽ വലിയ ആകാംഷയാണ് ഉയരുന്നത്. 2026 ജനുവരി 26-നാണ് വാഹനത്തിന്റെ ഔദ്യോഗിക അവതരണം റെനോ സ്ഥിരീകരിച്ചിട്ടുള്ളത്. ലോഞ്ചിന് മുന്നോടിയായി, ചെന്നൈയിൽ റോഡിൽ കാമഫ്ലോഗിൽ മറച്ച നിലയിൽ പരീക്ഷണയോട്ടം നടത്തുന്ന പുതിയ ഡസ്റ്ററിന്റെ സ്പൈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കാറിൻ്റെ ഡിസൈൻ വളരെ വ്യക്തമായി തന്നെ മനസിലാകുന്ന തരത്തിലാണ് സ്പൈ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ വിപണിക്ക് മാത്രമായി ഇന്ത്യയിൽ വികസിപ്പിച്ച 'സി.എം.എഫ്-ബി' (CMF-B) പ്ലാറ്റ്‌ഫോമിലാണ് പുതിയ തലമുറ ഡസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത്.
റെനോയുടെ 'റെനോ. റീതിങ്ക്.' എന്ന ഇന്ത്യൻ തന്ത്രത്തിന്റെ നിർണായക ഭാഗമാണിത്. ലോകമെമ്പാടുമുള്ള യൂറോപ്യൻ ഡസ്റ്ററുമായി ഏറെ സാമ്യം പുലർത്തുന്നതായിരിക്കും ഇന്ത്യൻ പതിപ്പെങ്കിലും, ഇന്ത്യയുടെ പ്രത്യേകതകൾക്കനുസരിച്ചുള്ള ചില മാറ്റങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. റെനോ-നിസ്സാൻ ബ്രാൻഡിൻ്റ നിർമ്മാണ പ്ലാൻ്റ് സ്ഥിതി ചെയ്യുന്ന ചെന്നൈയ്ക്ക് സമീപം ഒറഗടത്താണ് വാഹനം ക്യാമറക്കണ്ണിൽ കൂടുങ്ങിയത്.

നിലവിൽ അധിക കഠിനമായ മത്സരം നടക്കുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ കിങ് ഹ്യുണ്ടായി ക്രെറ്റയാണ്. ഇവർക്ക് പുറമെ മാരുതി സുസുക്കി, മഹീന്ദ്ര, ടൊയോട്ട, കിയ, ടാറ്റ, എംജി, ഹോണ്ട, ഫോക്‌സ്‌വാഗൺ, സ്കോഡ, സിട്രൺ എന്നിവയുൾപ്പെടെ നിരവധി നിർമാതാക്കളും മത്സരിക്കുന്നുണ്ട്. ഇവിടെ ഏതുതരത്തിലുള്ള ഫലം നേടാനാവുമെന്നത് ഊഹിച്ചെടുക്കാനാവില്ല.
5-സീറ്റർ, 7-സീറ്റർ മോഡലുകളിലാവും ഇത്തവണ ജനപ്രിയനായ ഡസ്റ്റർ പുനരവതരിക്കുകയെന്നാണ് വിവരം. ഡിസൈൻ ആരേയും ആകർഷിക്കുന്ന വിധത്തിലാവും ഉണ്ടാവുക. Y ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റ്, പുതിയ രൂപത്തിലുള്ള ഗ്രിൽ, എൽഇഡി ഡിആർഎല്ലുകൾ, പുതിയ ബമ്പർ, പുതിയ എയർ ഇൻടേക്കുകൾ എന്നിവയാണ് മുൻവശത്തെ കിടിലമാക്കാനായി എത്തിയിരിക്കുന്നത്.

അതേസമയം വശക്കാഴ്ച്ചയിൽ പരുക്കൻ സ്റ്റൈൽ പിടിക്കാനായി റൂഫ് റെയിലുകളും പ്ലാസ്റ്റിക് വീൽ ആർച്ചുകളും റെനോ സമ്മാനിച്ചിട്ടുണ്ട്. പുതിയ ബ്ലാക്ക്-ഔട്ട് അലോയ് വീലാണ് ശ്രദ്ധേയമായ മറ്റൊരു വശം. പിൻഭാഗത്ത് Y-ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളും ടെയിൽഗേറ്റിൽ റെനോ, ഡസ്റ്റർ ബാഡ്ജുകളുമാണ് ലഭിക്കുക. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ന്യൂജെൻ റെനോ ഡസ്റ്ററിന് മൊത്തത്തിൽ 4,343 mm നീളവും 1656 mm ഉയരവും 2657 mm വീൽബേസുമാണുള്ളത്.
ഇന്റീരിയറിലേക്ക് കയറിയാൽ ആരേയും മോഹിപ്പിക്കുന്ന രീതിയിലാണ് ഡിസൈനിംഗ് വന്നിരിക്കുന്നത്. ഓട്ടോമാറ്റിക് വേരിയന്റുകൾക്കായി ഇ-ഷിഫ്റ്ററുള്ള ഉയർന്ന സെന്റർ കൺസോൾ പ്രത്യേക ശ്രദ്ധപിടിച്ചുപറ്റും. പുതിയ ഡസ്റ്ററിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

പുതിയ തലമുറ ഡസ്റ്റർ ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി, റെനോ ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പുറത്തിറക്കിയ ടീസർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം വൈറലായിരുന്നു. എതിരാളികളായ മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിലെ മോഡലുകളെല്ലാം തന്നെ വളരെ ആകാംക്ഷയോടെയാണ് തങ്ങളുടെ പുതിയ എതിരാളിയെ കാത്തിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








