പഞ്ച് ഇനി കൂടുതൽ പവർഫുൾ ലുക്കിൽ! 2026 ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സൂചനകൾ പുറത്തേക്ക്
ശക്തമായ ബിൽഡ് ക്വാളിറ്റി, അന്യായ സേഫ്റ്റി, മോഡേൺ ഡിസൈൻ എന്നിവ സമ്മാനിച്ചുക്കൊണ്ട് ടാറ്റ കഴിഞ്ഞ വർഷങ്ങളിൽ വിപണിയിൽ വലിയ ഉയർച്ച നേടിയിരുന്നു. പ്രത്യേകിച്ച് നെക്സോൺ, ഹാരിയർ, സഫാരി പോലുള്ള മോഡലുകളിലൂടെ സുരക്ഷിതവും ആധുനികവുമായ എസ്‌യുവികൾ നൽകുന്ന ബ്രാൻഡെന്ന നിലയിൽ പ്രശസ്‌തിയാർജിച്ച ടാറ്റ 2021-ൽ പുറത്തിറക്കിയ ഗെയും ചേഞ്ചറായിരുന്നു പഞ്ച് എന്ന കുഞ്ഞൻ എസ്‌യുവി. സിയറയുടെ ലോഞ്ച് കഴിഞ്ഞതോടെ ഇനി ടാറ്റയിൽ നിന്നും അടുത്തതായി വിപണിയിലെത്താൻ പോവുന്നത് പഞ്ചിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാവും. നിലവിൽ പുത്തൻ പതിപ്പിൻ്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുകയാണ്.
പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ഒരു പൂർണമായ മറ്റൊരു രൂപത്തിലേക്ക് മാറ്റിക്കൊണ്ടുവരുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ടെസ്റ്റിംഗ് സമയത്ത് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ നോക്കുമ്പോൾ തന്നെ, അടുത്ത തലമുറ പഞ്ച് രൂപകൽപ്പനയിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങൾ കൈവരിക്കുമെന്ന് വ്യക്തമാണ്. മുൻവശം മുഴുവനായും പുനർനിർമിച്ചിരിക്കുന്നതായി തോന്നിക്കുന്ന വിധത്തിലാണ് മാറ്റങ്ങൾ വന്നിരിക്കുന്നത്.

പുതിയ ഗ്രില്ലിന് കൂടുതൽ വിസ്തൃതിയും ലെനുകളും നൽകി അതിനെ ആകർഷകമാക്കിയിട്ടുണ്ട്. അതിന്റെ മുകളിലൂടെ നീളുന്ന സ്ലിം എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളും, താഴെ കൂടുതൽ ശക്തമായി ദൃശ്യമാകുന്ന പുതിയ ഹൊറിസോണ്ടൽ ഹെഡ്‌ലാമ്പ് യൂണിറ്റുകളും ചേർന്നപ്പോൾ പഞ്ചിന്റെ മുഖഭാവം കൂടുതൽ ആധുനികവും ഇവി ഡിസൈൻ തീമുകളോട് അടുത്തതുമായ രൂപം കൈക്കൊള്ളുന്നുണ്ട്. മുൻബമ്പറിലും കട്ടിയേറിയ പാനലുകളും വ്യക്തമായ രേഖകളും ചേർത്തതോടെ മുൻവശം കൂടുതൽ മസ്ക്കുലാർ ലുക്ക് നേടി.
കൂടാതെ അലോയി വീലുകൾക്കും പുത്തൻ ഡിസൈൻ ലഭിക്കുമെന്ന സൂചനകൾ ടെസ്റ്റിംഗ് മോഡലുകളിൽ നിന്ന് വ്യക്തമാണ്. അതിനാൽ വാഹനത്തിൻ്റെ സൈഡ് പ്രൊഫൈൽ കൂടുതൽ സ്റ്റൈലിഷ് ആകും. മാത്രവുമല്ല ഇത് പഞ്ച് ഇപ്പോഴത്തെതിനെക്കാൾ ഒരു സെഗ്‌മെന്റ് മുകളിലേക്കുള്ള വാഹനമെന്ന തോന്നൽ നൽകുന്നു. പിന്നിലെ മാറ്റങ്ങളും അത്ര തന്നെ ശ്രദ്ധേയമാണ്. ഏറ്റവും പ്രധാനമായും ആൾട്രോസിൻ്റെ പ്രചോദനം ഉൾക്കൊണ്ട കണക്ടഡ് എൽഇഡി ടെയിൽ ലാമ്പ് ബാറാണ് മുഴുവൻ റിയർ ഡിസൈനിന്റെയും ഹൈലൈറ്റ്.

ഇത് രാത്രികളിൽ വാഹനത്തിന് കൂടുതൽ പ്രീമിയം ആകർഷണം നൽകുന്നതിനൊപ്പം, പഞ്ചിന്റെ ഡിസൈൻ ഐഡന്റിറ്റിയെയും പുതിയ തലത്തിലേക്ക് എത്തിക്കുന്നു. കൂടുതൽ കട്ടിയുള്ളതും സ്പോർട്ടി ലുക്കുളളതുമായ റിയർ ബമ്പർ, റിയർ വൈപ്പർ, വാഷർ ക്രമീകരണങ്ങൾ എന്നിവയും ഒരുമിച്ച് ചേർന്നപ്പോൾ പഞ്ചിന്റെ റിയർ സെക്ഷൻ ഇപ്പോഴത്തെതിനെക്കാൾ കൂടുതൽ മെച്ചപ്പെട്ട രൂപമെടുക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ എല്ലാ ഭാഗങ്ങളിലും അതിന്റെ നിലവിലെ പതിപ്പിനെക്കാൾ കൂടുതൽ ഭംഗി വരുത്തിയിട്ടുണ്ടെന്ന് സാരം.
ഏറ്റവും കൂടുതൽ മാറ്റങ്ങൾ വരുത്തിയ മറ്റൊരു മേഖലയാണ് ഇന്റീരിയർ. മോഡലിന്റെ ക്യാബിൻ മുഴുവൻ കൂടുതൽ ആധുനികതയോടെയും യുവത്വമുള്ള ഡിസൈൻ ഭാഷയോടെയുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത് പുതുതായി നൽകിയ ട്വു-സ്‌പോക്ക് സ്റ്റിയറിങ് വീൽ ആണ്. ഇത് ഇപ്പോഴത്തെ മോഡലിൽ ഉള്ളതിനേക്കാൾ സ്ലിം ആയും സ്റ്റൈലിഷ് ആയും തോന്നിക്കുന്നു. സ്റ്റിയറിങിൽ ടാറ്റയുടെ പുതുമയാർന്ന ഇല്ലുമിനേറ്റഡ് ലോഗോയും ഗ്ലോസ് ബ്ലാക്ക് ഫിനിഷും ചേർത്ത് ക്യാബിന് കൂടുതൽ പ്രീമിയം ഫീൽ നൽകുന്നു.

മാത്രവുമല്ല ടെക്നോളജി വിഭാഗത്തിൽ പഞ്ച് വലിയ ചുവടുവെപ്പ് നടത്തുന്നുണ്ട്. ഡാഷ്ബോർഡിന്റെ മധ്യഭാഗത്ത് ഇപ്പോൾ 10.25 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ നൽകും എന്നതാണ് പ്രധാന ഹൈലൈറ്റ്. ഈ വലിയ സ്‌ക്രീൻ പുതിയ UI, മെച്ചപ്പെടുത്തിയ റെസ്‌പോൺസ്, സ്മൂത്ത് ഗ്രാഫിക്സ് എന്നിവ സമ്മാനിച്ചേക്കും. കൂടാതെ ടാറ്റയുടെ കണക്റ്റഡ് കാർ ഫീച്ചറുകൾ, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും ലഭ്യമാകും എന്നാണ് സൂചന.
എഞ്ചിൻ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിലും നിലവിലെ പവർട്രെയിൻ ഓപ്ഷനായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ ഏകദേശം 88 bhp പവറും 115 Nm ടോർക്കും ഉൽപാദിപ്പിക്കുന്നു. ഗിയർബോക്സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവലും 5-സ്പീഡ് എഎംടിയും തുടരും. കൂടാതെ 20 കിലോമാറ്റർ വരെ മൈലേജ് ലഭിക്കുമെന്ന് കണക്കാക്കുന്നു. കൂടുതൽ മൈലേജ് ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി 1.2 ലിറ്റർ CNG പതിപ്പും ലഭ്യമായേക്കും.


Click it and Unblock the Notifications








