ഓൾവീൽ ഡ്രൈവുമായി സിയറ വരും! പുതിയ അവതാരപ്പിറവിക്ക് ശേഷം ടാറ്റ ഒരുക്കുന്ന മറ്റൊരു തന്ത്രം
ഈയിടെയായി വാർത്തകളിലെല്ലാം സ്റ്റാറായി നിൽക്കുന്നത് നമ്മുടെ ടാറ്റ സിയറ (Tata Sierra SUV) ആണല്ലോ. പുതുപുത്തൻ ഡിസൈനും ഇൻ്റീരിയറും സുരക്ഷാസംവിധാനങ്ങളും ഒപ്പം കിടിലൻ നിറങ്ങളിലും വരെ അവതരിച്ച കഥകളെല്ലാം നമ്മൾ ഇതിനോടകം തന്നെ അറിഞ്ഞതാണ്. ഗംഭീരവിജയത്തിൻ്റ ആർപ്പുവിളികൾ തീരുംമുമ്പേ ടാറ്റ ഇപ്പോൾ മറ്റൊരു മാസ്റ്റർ പ്ലാനുമായി രംഗത്തെത്തിയിട്ടുണ്ട് കേട്ടോ. 2027-ൽ സിയറയുടെ പുതിയ AWD പതിപ്പ് പുറത്തിറക്കാനായി തയ്യാറായിരിക്കുകയാണ് കമ്പനി. ഒന്നിനുപുറകെ ഒന്നായി നേട്ടം കൊയ്യുന്ന ടാറ്റക്കും പുതുമകൾ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്കും ഇത് വലിയ ഒരു മുതൽക്കൂട്ടാണ്.
സിയറ പുറത്തിറങ്ങിയ ദിനം തന്നെ ടാറ്റ പ്രേമികൾ ഏറ്റവും കൂടുതൽ ചോദിച്ചിരുന്ന ചോദ്യമായിരുന്നു ഓൾ-വീൽ ഡ്രൈവ് AWD (All-Wheel Drive) ഉണ്ടാവുമോയെന്നത്. ആർഗോസ് (ARGOS) പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്ത ആദ്യ ഘട്ടം മുതൽ ഈ സിസ്റ്റം പൂർണ്ണമായും വികസിപ്പിച്ചിരുന്നുവെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പുറത്തിറങ്ങിയ സിയറ FWD (Front-Wheel Drive) എന്ന ഒരേയൊരു ഡ്രൈവ് സംവിധാനത്തിലാവും ലഭ്യമാകുന്നത്.

നല്ല ഇന്ധനക്ഷമതയും സുഖകരമായ ഡ്രൈവിംഗ് അനുഭവവും നൽകുന്നു എന്നതാണ് നിലവിലെ ഫ്രണ്ട് വീൽ ഡ്രൈവിൻ്റെ പ്രധാന ഗുണങ്ങൾ. എന്നാൽ കുണ്ടും കുഴിയുമുള്ള റോഡുകളിലോ ദുർഘടമായ റോഡുകളിലോ ഓടിക്കുകയാണെങ്കിൽ FWD സംവിധാനത്തിന് ഒരു പരിധിവരെ മാത്രമേ ട്രാക്ഷനും നിയന്ത്രണവും നൽകാനാകൂ. ഇതുകൊണ്ടാണ് ഉപഭോക്താക്കൾ AWD സിസ്റ്റം വേണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടതിന്റെ പ്രധാന കാരണം. അത് കൂടുതൽ സ്റ്റെബിലിറ്റിയും കൺട്രോളും നൽകാൻ സഹായിക്കുന്നതാണ്.
പുതിയ സിസ്റ്റത്തിൽ വരുന്ന എഞ്ചിൻ കാര്യക്ഷമതയെയും ഡ്രൈവ് മോഡുകളെക്കുറിച്ചും ഉള്ള വിവരങ്ങൾ കമ്പനി ഔദ്യോഗികമായി ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. എങ്കിലും ടാറ്റയുടെ പുതിയ തലമുറ എസ്‌യുവികളിലുള്ള സാങ്കേതിക പുരോഗതികൾ പരിശോധിക്കുമ്പോൾ 2027-ലാവും സിയറ AWD പുറത്തിറങ്ങുക. ഇപ്പോഴത്തെ എഞ്ചിൻ ഓപ്ഷനുകൾ ഏറെ വൈവിധ്യമാർന്നതും ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ളതുമാണ്.

1.5 ലിറ്റർ നാചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 106 bhp പവറും 145 Nm ടോർക്കും നൽകുന്നതുകൊണ്ട് ദിവസേനയുള്ള സിറ്റി യാത്രകൾക്ക് കൂടുതൽ അനുയോജ്യമാണ്. എന്നാൽ കൂടുതൽ കരുത്തും വേഗതയും ആവശ്യമുള്ളവർക്കാണെങ്കിൽ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനായിരിക്കും മികച്ച ഓപ്ഷൻ. ഇത് 160 bhp പവറും 255 Nm ടോർക്കുമാണ് ഉൽപ്പാദിപ്പിക്കുന്നത്. അതേസമയം 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ 118 bhp പവറും 260-280 Nm വരെ ടോർക്കുമാണ് നൽകുന്നത്.
സുരക്ഷയുടെ കാര്യത്തിലാണെങ്കിൽ മറ്റ് എസ്‌യുവികളെക്കാൾ എറ്റവും മികച്ച അപ്ഡേറ്റുകളാണ് ടാറ്റ നൽകിയിരിക്കുന്നത്. 6 എയർബാഗുകളോടൊപ്പം ABS, ESC, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിവ ചേർന്നുള്ള ഒരു പാക്കേജുതന്നെ ഒരുക്കിയിട്ടുണ്ട്. മുന്നിലും പിന്നിലുമായി പാർക്കിങ് സെൻസറുകളും 360-ഡിഗ്രി കാമറയും നൽകിയിരിക്കുന്നതിനാൽ തിരക്കേറിയ റോഡുകളിൽ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യാൻ സഹായിക്കും. മാത്രവുമല്ല ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകളും മൂന്നു-പോയിന്റ് സീറ്റ് ബെൽറ്റ് എല്ലാ സീറ്റുകൾക്കും ഒരുക്കിയിരിക്കുന്നതും സുരക്ഷയിലെ വലിയ നേട്ടമാണ്.

രൂപഭംഗിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. പഴയ സിയറയുടെ സിഗ്നേച്ചർ രൂപരേഖ ഇപ്പോഴത്തെ അപ്ഡേറ്റഡ് മോഡലിൽ നിന്ന് ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും കാഴ്ച്ചയിൽ ഒരു പുത്തൻ ഫീൽ നൽകുന്നുമുണ്ട്. മുന്നിൽ കാണുന്ന എൽഇഡി ലൈറ്റുകളും സ്ലിം ഡിആർഎല്ലുകളും അതിൻ്റെ വലിയ ഉദാഹരണങ്ങളാണ്. കൂടാതെ ഭംഗിയുള്ള ബോണറ്റും ശക്തമായ ബംമ്പറും സിയറയെ റോഡിൽ കൂടുതൽ ആകർഷണമുള്ളതാക്കുന്നുണ്ട്. സൈഡ് പ്രൊഫൈലിലെ വലിയ ക്വാർട്ടർ ഗ്ലാസിന് വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
കാറിനുള്ളിലേക്ക് കടക്കുമ്പോൾ സീറ്റിംഗ് സ്‌പേസ്, ഡാഷ്‌ബോർഡ് ഡിസൈൻ, മെറ്റീരിയൽ ഗുണമേന്മ എന്നിവ എല്ലാം തന്നെ മുൻ മോഡലുകളേക്കാൾ വമ്പിച്ച പുരോഗതിയുള്ളതാണ്. മൊത്തത്തിൽ പറഞ്ഞാൽ AWD പതിപ്പ് കൂടിയിറങ്ങിക്കഴിഞ്ഞാൽ ടാറ്റ ഇതുവരെ എഴുതിച്ചേർത്ത അധ്യായത്തിൽ ഒരു വിജയക്കൊടികൂടി പാറും. മാത്രവുമല്ല ഇന്ത്യൻ എസ്‌യുവി വിപണി ഏറെ നാളായി കാത്തിരുന്ന ഒരു ശക്തനായ മണത്സരാർത്ഥികൂടി പിറവിക്കൊള്ളുതായിരിക്കും.


Click it and Unblock the Notifications








