ഹ്യുണ്ടായിയുടെ ഹൈബ്രിഡ് കാലം വരവായി; അണിയറയിൽ ഒരുങ്ങുന്നത് നാല് പുലികുട്ടികൾ
ഹ്യുണ്ടായി അടുത്ത കാലത്തായി ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ടുകൊണ്ട് നാല് പുതിയ ഹൈബ്രിഡ് എസ്‌യുവികൾ പുറത്തിറക്കാനുള്ള പദ്ധതി ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. കർശനമാകുന്ന എമിഷൻ നിയമങ്ങളും ഉയർന്ന ഇന്ധന വിലയും ഉപഭോക്താക്കളുടെ മാറുന്ന മുൻഗണനകളും പരിഗണിച്ചുകൊണ്ടാണ് കമ്പനി ഇങ്ങനെയൊരു മുന്നേറ്റത്തിന് തയ്യാറാകുന്നത്. മാത്രവുമല്ല ഇതിനോടകം തന്നെ മറ്റു പല ബ്രാൻഡുകളും ഹൈബ്രിഡ് സെഗ്മെൻ്റിൽ ആധിപത്യം പുലർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിലനിൽപ്പ് കാത്തുസൂക്ഷിക്കേണ്ടത് കമ്പനിക്ക് അത്യാവശ്യമായ കാര്യമാണ്. ഇതുംകൂടെ മുൻനിർത്തിയാണ് ഹ്യുണ്ടായി പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നത്. കമ്പനി ഏതെല്ലാം ഹൈബ്രിഡ് എസ്‌യുവികളാണ് കൊണ്ടുവരാൻ ഇരിക്കുന്നതെന്ന് അറിഞ്ഞാലോ.
ഇന്ത്യക്കായി പ്രത്യേകം വികസിപ്പിക്കുന്നതായി കരുതപ്പെടുന്ന Ni1i എന്ന രഹസ്യനാമത്തിലുള്ള മോഡൽ ബ്രാൻഡിൻ്റെ ആദ്യത്തെ ശക്തമായ ഹൈബ്രിഡ് എസ്‌യുവിയായി അവതരിപ്പിക്കപ്പെടാനാണ് സാധ്യത. വിപണിയിൽ എത്തുന്ന സമയം 2026 അവസാനത്തോടെയോ അല്ലെങ്കിൽ 2027 ആരംഭത്തിലോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 4.68 മീറ്റർ നീളമുള്ള ഈ എസ്‌യുവി ഇന്ത്യൻ കുടുംബ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് 6-സീറ്ററും 7-സീറ്ററും എന്ന രണ്ട് സീറ്റിംഗ് ഓപ്ഷനുകളിൽ അവതരിപ്പിക്കപ്പെടും.

ടാറ്റ സഫാരി പോലുള്ള ജനപ്രിയ മൂന്ന് നിര എസ്‌യുവികൾക്കുള്ള ഒരു ഹൈബ്രിഡ് ബദലായാണ് Ni1i ഒരുക്കുന്നത്. പവർട്രെയിൻ ഭാഗത്ത് 1.5 ലിറ്റർ ശക്തമായ ഹൈബ്രിഡ് സജ്ജീകരണം ഉപയോഗിക്കുമെന്നാണ് സൂചനകൾ. അതിനൊപ്പം ഒരു ഇലക്ട്രിക് മോട്ടോർ കൂടാതെ ചെറിയ ലിഥിയം-ഐയൺ ബാറ്ററി പായ്ക്ക് എന്നിവ ഉൾപ്പെടും. ഡ്രൈവിംഗിൽ കുറഞ്ഞ വേഗതയിൽ വാഹനത്തിന് ഇലക്ട്രിക് മോട്ടോർ മാത്രം ഉപയോഗിച്ച് സഞ്ചരിക്കാൻ കഴിയുന്ന രീതിയിലായിരിക്കും ഈ സിസ്റ്റം പ്രവർത്തിക്കുക.
ബ്രാൻഡിൽ നിന്നും അടുത്തതായി വിപണിയലെത്താൻ പോകുന്ന മോഡൽ ക്രെറ്റ ഹൈബ്രിഡ് ആണെന്നാണ് വിലയിരുത്തൽ. SX3 എന്ന കോഡ് നാമത്തിലാണ് ഈ മോഡൽ ഇപ്പോൾ വികസനത്തിലിരിക്കുന്നത്. 2027-ൽ ക്രെറ്റ ഹൈബ്രിഡ് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്ന് ഹ്യുണ്ടായി അടുത്തിടെ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രവുമല്ല തമിഴ്‌നാട്ടിലെ ഹ്യുണ്ടായിയുടെ ഇന്ത്യൻ പ്ലാന്റിൽ തന്നെ ഇത് നിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിലൂടെ ഉയർന്ന ലോക്കലൈസേഷനും മത്സരാധിഷ്ഠിതമായ വിലയും ഉറപ്പാക്കാനാണ് ഹ്യുണ്ടായിയുടെ ശ്രമം.

Ni1i-യിൽ ഉപയോഗിക്കുന്നത് പോലെതന്നെയുള്ള 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണം ക്രെറ്റ ഹൈബ്രിഡിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രകടനവും മൈലേജും തമ്മിൽ നല്ല ബാലൻസ് നിലനിർത്തുന്ന ഈ ഹൈബ്രിഡ് സജ്ജീകരണം ഡീസൽ എഞ്ചിനുകൾക്ക് ഒരു പ്രായോഗിക ബദലായിട്ടാണ് ഹ്യുണ്ടായി സ്ഥാനപ്പെടുത്തുന്നത്. വിപണിയിലുള്ള മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ പോലുള്ള സ്ട്രോംഗ് ഹൈബ്രിഡ് എസ്‌യുവികളാണ് ക്രെറ്റ ഹൈബ്രിഡിന്റെ നേരിട്ടുള്ള മത്സരക്കാർ.
അടുത്തതായി നിലവിലെ തലമുറ ഹ്യുണ്ടായി അൽകാസറിൻ്റെ അതേ പ്ലാറ്റ്‌ഫോമും പവർട്രെയിൻ തന്ത്രവും പിന്തുടർന്ന് അൽകാസർ ഹൈബ്രിഡ് അവതരിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. മുമ്പത്തെ മോഡലുകളെ പോലെതന്നെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, ഇലക്ട്രിക് മോട്ടോർ, ലിഥിയം-ഐയൺ ബാറ്ററി പായ്ക്ക് എന്നിവ ചേർന്ന സജ്ജീകരണമായിരിക്കും ഇതിലും ഉണ്ടാവുക. ട്രാൻസ്മിഷൻ ഭാഗത്ത് ക്രെറ്റ ഹൈബ്രിഡിനെയും ഈ മോഡലിനെയും സ്റ്റാൻഡേർഡായി ഓട്ടോമാറ്റിക് ഗിയർബോക്സോടുകൂടി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിലൂടെ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കാര്യക്ഷമത പരമാവധി ഉപയോഗപ്പെടുത്താനും സ്മൂത്തായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കാനും കഴിയും. ലോഞ്ച് സമയക്രമം നോക്കിയാൽ 2027-ൽ അൽകാസർ ഹൈബ്രിഡ് വിപണിയിലെത്തിയേക്കും. എന്നാൽ ഇത് ക്രെറ്റ ഹൈബ്രിഡിന്റെ ഔദ്യോഗിക ലോഞ്ചിന് ശേഷമാകാനാണ് സാധ്യത. മാത്രവുമല്ല മികച്ച മൈലേജ്, പ്രീമിയം ഇന്റീരിയർ, ആധുനിക സാങ്കേതികവിദ്യ എന്നിവയുടെ പിന്തുണയോടെയാണ് ഈ മോഡൽ വിപണിയിലെത്തുന്നത്.
അവസാനമായി ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികളിൽ ഹ്യുണ്ടായിയുടെ ഏറ്റവും പ്രീമിയവും സാങ്കേതികമായി മുന്നിലുള്ള പാലിസേഡ് ഇന്ത്യയിൽ കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ഗ്രിൽ, വേർതിരിച്ച എൽഇഡി ലൈറ്റുകൾ, ശക്തമായ ബോഡി ലൈനുകൾ എന്നിവ ഇതിനെ സാധാരണ എസ്‌യുവികളിൽ നിന്ന് വേറിട്ടുനിർത്തുന്നു. പവർട്രെയിനിൽ ഒരു 2.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, അതിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ചേർന്ന ഒരു അഡ്വാൻസ്ഡ് ഹൈബ്രിഡ് സജ്ജീകരണമാണ് ഉപയോഗിക്കുന്നത്.


Click it and Unblock the Notifications








