ഇനി പൈസ അധികം പൊടിക്കണ്ട! സാധാരണക്കാരന്റെ കാറിൽ കിട്ടും ഈ 5 ലക്ഷ്വറി ഫീച്ചറുകള്‍
സ്വന്തമായി വാങ്ങുന്ന കാറില്‍ ട്രെന്‍ഡിംഗായ എല്ലാ ഫീച്ചറുകളും ഉണ്ടാകണമെന്ന് ഒരു ഉപഭോക്താവ് ആഗ്രഹിച്ചാല്‍ തെറ്റ് പറയാനാകില്ല. പണ്ട് വാഹനപ്രേമികള്‍ കൊതിക്കുന്ന ഉപകാരപ്രദമായ ഫീച്ചറുകളില്‍ പലതും ലക്ഷ്വറി കാറുകളില്‍ മാത്രമായിരുന്നു ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു കാലത്ത് ആഡംബര വാഹനങ്ങളില്‍ മാത്രം കണ്ടിരുന്ന ഫീച്ചറുകള്‍ ഇപ്പോള്‍ മാസ്മാര്‍ക്കറ്റ് കാറുകളിലും ലഭ്യമാണ്. ഇത് വാഹനങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റിയെഴുതുന്നു. സാധാരണ മോഡലുകളിലേക്ക് എത്തിയ സുരക്ഷയ്ക്കും യാത്രാസുഖത്തിനും ഊന്നല്‍ നല്‍കുന്ന അഞ്ച് നൂതന ഫീച്ചറുകള്‍ നോക്കാം.
ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ (HUD): വ്യോമയാന മേഖലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വാഹനങ്ങളില്‍ എത്തിയ സാങ്കേതികവിദ്യയാണ് എച്ച്‌യുഡി എന്ന് ചുരുക്കി നാം വിളിക്കുന്ന ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ. ഡ്രൈവറുടെ കാഴ്ചയെ തടസപ്പെടുത്താതെ ആവശ്യമായ വിവരങ്ങള്‍ വിന്‍ഡ്സ്‌ക്രീനിലോ സുതാര്യമായ പാനലിലോ ഇത് പ്രദര്‍ശിപ്പിക്കുന്നു. സ്പീഡ്, നാവിഗേഷന്‍ പ്രോംപ്റ്റുകള്‍, വാണിംഗ് എന്നിവയടക്കമുള്ള വിവരങ്ങള്‍ ഇത് പ്രദര്‍ശിപ്പിക്കും.

കണ്ണ് റോഡില്‍ നിന്ന് തെറ്റിക്കാതെ തന്നെ നിര്‍ണായക വിവരങ്ങള്‍ പ്രൊജക്ട് ചെയ്യുന്നതിനാല്‍ ഇത് സുരക്ഷയും സൗകര്യവും വര്‍ധിപ്പിക്കുന്നു.മാരുതി ബലേനോ, മാരുതി ബ്രെസ, ടൊയോട്ട ഹൈറൈഡര്‍ തുടങ്ങിയ മാസ് മാര്‍ക്കറ്റ് കാറുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടാറ്റ സിയറ എസ്‌യുവിയിലും എച്ച്‌യുഡി ലഭ്യമാണ്.
പാസഞ്ചര്‍ ഡിസ്‌പ്ലേ: സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീനിനും ഡ്രൈവര്‍ ഡിസ്പ്ലേക്കും പുറമെ മൂന്നാമതൊരു സ്‌ക്രീന്‍കൂടി വാഹനങ്ങളില്‍ സ്ഥാനം പിടിക്കുകയാണ്. സാധാരണയായി മെര്‍സിഡീസ് EQS SUV, പോര്‍ഷ കയെന്‍ ഇലക്ട്രിക് പോലുള്ള ആഡംബര കാറുകളില്‍ മാത്രം കണ്ടിരുന്ന ഈ ത്രീ-സ്‌ക്രീന്‍ സെറ്റപ്പ്, ഇപ്പോള്‍ ടാറ്റ സിയറ, മഹീന്ദ്ര XUV.e9 തുടങ്ങിയ ജനപ്രിയ മോഡലുകളിലും ലഭ്യമാണ്. വരും നാളുകളില്‍ ഇത്ര പ്രീമിയം സെറ്റപ്പ് അല്ലെങ്കിലും ത്രീ-സ്‌ക്രീന്‍ ലേഔട്ടില്‍ കൂടുതല്‍ കാറുകള്‍ വരുമെന്ന് പ്രതീക്ഷിക്കാം.

വെന്റിലേറ്റഡ് സീറ്റുകള്‍: ലക്ഷ്വറി സെഡാനുകളില്‍ എക്‌സ്‌ക്ലൂസീവായി കാണപ്പെട്ടിരുന്ന ഒരു ഫീച്ചര്‍ ആയിരുന്നു വെന്റിലേറ്റഡ് സീറ്റുകള്‍. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന വെന്റിലേറ്റഡ് സീറ്റുകള്‍ ഇന്ന് കോംപാക്ട്, മിഡ്‌സൈസ് കാറുകളിലടക്കം ലഭ്യമാണ്. റെനോ കൈഗര്‍, സ്‌കോഡ കുഷാഖ്, മാരുതി XL6 തുടങ്ങിയ മോഡലുകളില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ ലഭ്യമാണ്.
കിയ അടുത്തിടെ പുറത്തിറക്കിയ സിറോസ് കോംപാക്ട് എസ്‌യുവി ഒരുപടി കൂടി കടന്ന് റിയര്‍ വെന്റിലേറ്റഡ് സീറ്റുകള്‍ ഓഫര്‍ ചെയ്യുന്നു. ഇതിന് റിക്ലൈനിംഗ് ഫംഗ്ഷനും ഉണ്ട്. ടാറ്റ സിയറ, മഹീന്ദ്ര XUV700 എന്നിവയിലെ 'ബോസ് മോഡ്' ഫ്രണ്ട് സീറ്റ് ക്രമീകരിച്ച് പിന്നില്‍ കൂടുതല്‍ ഇടം നല്‍കുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസ് പോലുള്ള അല്‍പ്പം കൂടി പ്രീമിയം വിലയില്‍ വരുന്ന കാറുകള്‍ സീറ്റ് എക്‌സ്റ്റന്‍ഷന്‍ ഉപയോഗിച്ച് സുഖകരമായി വിശ്രമിക്കാവുന്ന ഓട്ടോമന്‍ സീറ്റുകളുമായി വരുന്നു.

അക്കോസ്റ്റിക് വെഹിക്കിള്‍ അലേര്‍ട്ടിംഗ് സിസ്റ്റം: സാധാരണ ഐസി എഞ്ചിന്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം വളരെ കുറവോ അല്ലെങ്കിൽ നിശബ്ദമോ ആണ്. അതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് അവയുടെ സാമീപ്യം തിരിച്ചറിയാന്‍ പ്രയാസമാണ്. ഇതിന് പരിഹാരമായാണ് അക്കോസ്റ്റിക് വെഹിക്കിള്‍ അലേര്‍ട്ടിംഗ് സിസ്റ്റം (AVAS) പ്രവര്‍ത്തിക്കുന്നത്.
ഇത് കാല്‍നടയാത്രക്കാര്‍ക്ക് ശബ്ദങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. എംജി കോമെറ്റ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഇന്നോവ ഹൈക്രോസ് തുടങ്ങിയ മോഡലുകളില്‍ ഈ ഫീച്ചര്‍ നിലവില്‍ ഉണ്ട്. ഇവികളിലും ഹൈബ്രിഡുകളിലും ഈ ഫീച്ചര്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കാന്‍ പോകുകയാണ്.
ജെസ്ചര്‍ കണ്‍ട്രോള്‍ഡ് ടെയില്‍ഗേറ്റ്: ആഡംബര കാറുകളില്‍ മാത്രം ലഭ്യമായിരുന്ന മറ്റൊരു സവിശേഷതയായിരുന്നു ജെസ്ചര്‍-കണ്‍ട്രോള്‍ഡ് ടെയില്‍ഗേറ്റ്. ബൂട്ടില്‍ സൂക്ഷിക്കാനുള്ള സാധനങ്ങള്‍ കൈകളിലേന്തി വരുന്ന വേളയില്‍ ടെയില്‍ഗേറ്റ് തുറക്കാന്‍ സിമ്പിള്‍ ആംഗ്യം കാണിച്ചാല്‍ മതി. പൊതുവേ കാല് കൊണ്ടുള്ള അംഗവിക്ഷേപത്തിലൂടെയാണ് ഇത് പ്രവര്‍ത്തിപ്പിക്കാറുള്ളത്. ടാറ്റ സിയറ, മാരുതി വിക്‌ടോറിസ്, എംജി വിന്‍ഡ്‌സര്‍, എംജി ഹെക്ടര്‍ തുടങ്ങിയവയാണ് ഈ ഫീച്ചറുമായി വരുന്ന ചില മാസ് മാര്‍ക്കറ്റ് കാറുകള്‍.


Click it and Unblock the Notifications








