ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സ് 2025: പുരസ്‌കാര നിറവില്‍ ഥാര്‍ റോക്‌സും ബജാജ് ഫ്രീഡം സിഎന്‍ജി ബൈക്കും
ഇന്ത്യയിലെ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സ് നാലാം എഡിഷന്റെ വിജയികളെ പ്രഖ്യാപിച്ചു. ഗുരുഗ്രാമില്‍ നടന്ന ചടങ്ങില്‍ പോയ വര്‍ഷം പുറത്തിറങ്ങിയ മികച്ച വാഹനങ്ങള്‍ക്കുള്ള അംഗീകാരങ്ങള്‍ നല്‍കി. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കാര്‍ വിപണി പിടിച്ചുകുലുക്കിയ കരുത്തുറ്റ ഓഫ്‌റോഡര്‍-എസ്‌യുവിയായ മഹീന്ദ്ര ഥാര്‍ റോക്‌സ് കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി. ബജാജ് പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്കായ ഫ്രീഡം 125 പോയ വര്‍ഷത്തെ മികച്ച ബൈക്കായി ഫാസ്റ്റര്‍ അവാര്‍ഡ്‌സ് ജൂറി തെരഞ്ഞെടുത്തു. ഫാസ്റ്റര്‍ അവാര്‍ഡ്‌സ് 2025-ലെ മറ്റ് പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ ചുവടെ വിശദമായി വായിക്കാം.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ആറ് വ്യത്യസ്ത ഭാഷകളിലായി 250 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യന്‍ ഓട്ടോ മീഡിയയില്‍ ഏറ്റവും സ്വാധീനമുള്ള സ്ഥാപനങ്ങളിലൊന്നാണ് ഫാസ്റ്റര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് ഓട്ടോ സ്‌ക്രൈബ്സ് ഓഫ് ദി ഇലക്ട്രോണിക് റിയലം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ ബൈക്കുകളും കാറുകളും വിലയിരുത്തിയാണ് ഫാസ്റ്റര്‍ അംഗീകാരം നല്‍കുന്നത്.

രാജ്യത്തെ ഓട്ടോമോട്ടീവ് രംഗത്ത് നിന്നുള്ള വിദഗ്ധരര്‍ അടങ്ങുന്നതാണ് ഫാസ്റ്റര്‍ അവാര്‍ഡ് 2025 ജൂറി പാനല്‍. ജൂറി റൗണ്ട് ഫെബ്രുവരി 26, 27 ദിവസങ്ങളിലായി മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ വെച്ച് അരങ്ങേറിയിരുന്നു. ഡ്രൈവ്‌സ്പാര്‍ക്ക്, കാര്‍ബ്ലോഗ്ഇന്ത്യ, ഗാഡിവാഡി, ഗിയര്‍ഫ്‌ലിക്യു, മോട്ടറോയിഡ്‌സ്, പൈലറ്റ് ഓണ്‍ വീല്‍സ് എന്നിവയുള്‍പ്പെടെ ഫാസ്റ്ററില്‍ ഉള്‍പ്പെടുന്ന മുന്‍നിര പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള പരിചയസമ്പന്നരായ വിദഗ്ധരാണ് പോയ വര്‍ഷത്തെ മികച്ച വാഹനങ്ങളെ വിലയിരുത്തിയത്.
ഡ്രൈവ്‌സ്പാര്‍ക്ക് റിവ്യൂസ് എഡിറ്റര്‍ പ്രോമിത് ഘോഷിനെ കൂടാതെ അമിത് ചങ്കാനി (എഡിറ്റര്‍, മോട്ടോറോയിഡ്‌സ്), നരേന്ദ്ര ശര്‍മ്മ (എഡിറ്റര്‍, ഗിയര്‍ഫ്‌ലിക്യു), രോഹിത് ഖുറാന (എഡിറ്റര്‍, കാര്‍ബ്ലോഗ്ഇന്ത്യ), ഗൗരവ് യാദവ് (എഡിറ്റര്‍, ഗാഡിവാഡി), റോഷന്‍ ജോസഫ് (എഡിറ്റര്‍, പൈലറ്റ് ഓണ്‍ വീല്‍സ്) എന്നിവര്‍ അടങ്ങുന്നതായിരുന്നു അവാര്‍ഡ് ജൂറി.

മറ്റ് അവാര്‍ഡുകളിലേക്ക് വിശദമായി കടന്നാല്‍ ടിവിഎസ് ജുപ്പിറ്റര്‍ സ്‌കൂട്ടര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി. മെര്‍സിഡീസ് ബെന്‍സ് E-ക്ലാസിനാണ് പ്രീമിയം കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. പോയ വര്‍ഷത്തെ മികച്ച പ്രീമിയം ബൈക്ക് ആയി ബിഎംഡബ്ല്യു R 1300 GS തെരഞ്ഞെടുക്കപ്പെട്ടു. ഏഥറിന്റെ പുതിയ ഫാമിലി സ്‌കൂട്ടറായ ഏഥര്‍ റിസ്തയാണ് ഇവി ടൂവീലര്‍ ഓഫ് ദ ഇയര്‍.
നിലവില്‍ ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് കാറായ എംജി വിന്‍ഡ്‌സര്‍ ആണ് ഇലക്ട്രിക് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നത്. ഹ്യുണ്ടായി അല്‍കസാര്‍ ഫോര്‍ വീലര്‍ വിഭാഗത്തിലും ടിവിഎസ് അപ്പാച്ചെ RR310 ടൂവീലര്‍ വിഭാഗത്തിലും അപ്‌ഡേറ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടി. ഓട്ടോ ടെക് ഓഫ് ദ ഇയര്‍ അവാര്‍ഡ് ബജാജ് ഓട്ടോ സ്വന്തമാക്കി.

പോയ വര്‍ഷത്തെ മികച്ച ഘടക നിര്‍മാതാക്കളായി മിന്‍ഡ കോര്‍പറേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പരസ്യ ക്യാമ്പയിന്‍ മഹീന്ദ്ര XEV 9e, BE 6 എന്നിവയുടേതാണെന്ന് ഫാസ്റ്റര്‍ അവാര്‍ഡ്‌സ് ജൂറി വിലയിരുത്തി. സിഎസ്ആര്‍ വിഭാഗത്തില്‍ മാരുതി സുസുക്കി ലിമിറ്റഡ് പുരസ്‌കാരം നേടി.
മറ്റ് പുരസ്‌കാരങ്ങള്‍:
പിആര്‍ ടീം ഓഫ് ദി ഇയര്‍: എഡല്‍മാന്‍ (നിസാന്‍)
കമ്മ്യൂണിക്കേഷന്‍സ് ടീം ഓഫ് ദി ഇയര്‍: മഹീന്ദ്ര
പിആര്‍ പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍: നീരജ് അത്രി
കമ്മ്യൂണിക്കേഷന്‍സ് പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍: ശക്തി ഉപാധ്യായ (കിയ)
ഓണര്‍ അവാര്‍ഡ്: രവി ശര്‍മ്മ (മീഡിയ-റിലേഷന്‍സ്)
മോട്ടോര്‍സ്പോര്‍ട്ട് പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍: സഞ്ജയ് തകലെ
ഇന്‍ഡസ്ട്രി പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍: സന്തോഷ് അയ്യര്‍ (മെര്‍സിഡീസ്)
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ടെക് ഭീമന്‍മാരായ ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സുമായി സഹകരിക്കുന്നത്. ഓട്ടോമോട്ടീവ് ഡാറ്റ ടെസ്റ്റിംഗില്‍ രാജ്യത്തെ മുന്‍നിര വിദഗ്ധരില്‍ ഒരാളായ സെന്‍ മൈക്രോസിസ്റ്റംസ് ആയിരുന്നു ഡേറ്റ ആന്‍ഡ് ടെസ്റ്റിംഗ് പങ്കാളി. ഗുരുഗ്രാമിലെ ഹയാത്ത് റീജന്‍സിയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് വര്‍ണാഭമായിരുന്നു. ചടങ്ങില്‍ ഓട്ടോമോട്ടീവ് വ്യവസായ രംഗത്തെ പ്രമുഖര്‍, എക്‌സിക്യൂട്ടീവുകള്‍, വാഹനപ്രേമികള്‍ എന്നിവര്‍ പങ്കെടുത്തു.


Click it and Unblock the Notifications








