പുതിയ കിയ സെൽറ്റോസ് vs ഹ്യുണ്ടായി ക്രെറ്റ; എസ്‌യുവി സിംഹാസനത്തിനായുള്ള കിടിലൻ പോരാട്ടം
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഏറ്റവും വലിയ മത്സരം നടക്കാറുള്ളത് എന്നും ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും തമ്മിലാണ്. ഇപ്പോൾ കൂടുതൽ മിനുക്കുപണികളോടെ പുതിയ സെൽറ്റോസ് എത്തിച്ചേരുമ്പോൾ ഈ പോരാട്ടത്തിന് കുറച്ചു കൂടി ആവേശംകൊള്ളും. സെഗമെൻ്റ് അടക്കിവാഴുന്ന ക്രെറ്റ സെൽറ്റോസിൻ്റെ ഈ തിരിച്ചുവരവിൽ ചെറുതായൊന്ന് പതറിപോയോ എന്നതിൽ സംശയമുണ്ട്. രണ്ട് കാറുകളും രൂപത്തിലും സവിശേഷതയിലും പ്രകടനത്തിലും തങ്ങളുടേതായ കഴിവുകൾ തെളിയിക്കുമ്പോഴും ഏതാണ് കൂടുതൽ മൂല്യമുള്ളത് എന്നത് ഇപ്പോൾ ഓട്ടോമൊബൈൽ ലോകത്ത് ഏറ്റവും അധികം ചർച്ചയാകുന്ന ഒരു വിഷയമാണ്.
ഇരുവരും ഒരേ സെഗ്മെന്റിൽ മത്സരിക്കുന്നതിനാൽ നൽകുന്ന ഫീച്ചറുകളിലും ഒരുപാട് സാമ്യങ്ങൾ കാണുന്നുണ്ട്. കൂടുതലായും പ്രധാന മെക്കാനിക്കൽ ഘടകങ്ങൾ, എഞ്ചിൻ ഓപ്ഷനുകൾ, ട്രാൻസ്മിഷനുകൾ എന്നിവ തമ്മിൽ ചില സമാനതകൾ പങ്കിടുന്നു. എന്നാൽ കിയ കഴിഞ്ഞ ദിവസം രാജ്യത്ത് പുതിയ രണ്ടാം തലമുറ സെൽറ്റോസ് അവതരിപ്പിച്ചതോടെ കാര്യങ്ങൾ മാറിത്തുടങ്ങി. പുതുതായി വരുന്ന മോഡൽ പഴയതിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ്.

കൂടുതൽ ശക്തമായ ബോഡി സ്ട്രക്ചർ, മെച്ചപ്പെടുത്തിയ സസ്പെൻഷൻ ട്യൂണിംഗ്, പുതിയ പ്ലാറ്റ്‌ഫോം, കൂടുതൽ ആഡംബരമുള്ള ഇൻ്റീരിയർ, വലിയ സ്ക്രീനുകൾ, കൂടാതെ സുരക്ഷാ ഫീച്ചറുകൾ എന്നിവ അടങ്ങുന്ന മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ ക്രെറ്റക്കെതിരെ സെൽറ്റോസിന് വലിയൊരു ആനുകൂല്യം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. അതേസമയം ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയിലുള്ള ക്രെറ്റ 2024-ൽ പുറത്തിറക്കിയ രണ്ടാം തലമുറ ഫെയ്സ്ലിഫ്റ്റ് മോഡലാണ്. സാങ്കേതികവിദ്യകളുടേയും സവിശേഷതകളുടേയും കാര്യത്തിൽ ഈ മോഡലും പുറകിലൊന്നുമല്ല.
ഡിസൈൻ കാര്യത്തിൽ രണ്ട് മോഡലുകളും ഇരു ദിശകളിലായി സഞ്ചരിക്കുന്നവരാണ്. ക്രെറ്റ തൻ്റെ നിലനിൽപ്പിന് അടിത്തറയായി കണക്കാക്കുന്നത് അതിൻ്റെ രൂപഭംഗിയാണ്. എൽഇഡി ഹെഡ്ലാമ്പുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, വലിയ ഗ്രിൽ എന്നിവ ഒരു മോഡേൺ എസ്‌യുവി ലുക്ക് നൽകുന്നു. കൂടാതെ 18 ഇഞ്ച് വീലുകൾ കാറിന് നല്ലൊരു റോഡ് പ്രെസൻസ് നൽകാൻ സഹായിക്കുന്നുമുണ്ട്.

മറുവശത്ത് പുതുതായി എത്തിയ രണ്ടാം തലമുറ കിയ സെൽറ്റോസ് ഡിസൈൻ മേഖലയിൽ ഒരു വലിയ ചുവടുമാറ്റമാണ് നടത്തിയിരിക്കുന്നത്. ഇത് ആദ്യകാഴ്ചയിൽ തന്നെ കൂടുതൽ പുതുമയുള്ളതും കൂടുതൽ ആകർഷകവുമായ ഒരു എസ്‌യുവിയെന്ന തോന്നൽ നൽകുന്നു. വലിയ ഡിജിറ്റൽ ടൈഗർ-നോസ് ഗ്രിൽ, പുതിയ ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പുകൾ, ലംബമായ ഡിആർഎല്ലുകൾ, ശക്തമായ സ്കൾപ്റ്റഡ് ബമ്പറുകൾ എല്ലാം ചേർന്ന് സെൽറ്റോസിന് ഒരു ഫ്രെഷ് ഡിസൈൻ നൽകുന്നുണ്ട്.
പവർട്രെയിൻ കാര്യത്തിൽ രസകരമായ കാര്യങ്ങളാണ് പങ്കുവെക്കാൻ ഉള്ളത്. എന്തെന്നാൽ ഈ രണ്ട് മോഡലുകളും ഒരേ എഞ്ചിൻ-ഗിയർബോക്സ് കോംബിനേഷനുകൾ ആണ് ഉപയോഗിക്കുന്നത്. രണ്ടിലും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് പ്രധാന എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നുണ്ട്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ 114 bhp പവർ 144 Nm ടോർക്ക് എന്നിവ കൈവരിക്കുന്നു.

അതേസമയം ടർബോ പെട്രോൾ 158 bhp പവർ 253 Nm ടോർക്ക്, ഡീസൽ 115 bhp പവർ 250 Nm ടോർക്ക് എന്നിവയും പുറപ്പെടുവിക്കുന്നു. എന്നാൽ ക്യാബിൻ ഡിസൈൻ കാര്യത്തിൽ ഇരുവരും ചില വ്യത്യാസങ്ങൾ കാണിക്കുന്നുണ്ട്. അകത്ത് കൂടുതൽ ആധുനികവും ഹൈ-ടെക് ലുക്കും നൽകുന്നത് പുതിയ സെൽറ്റോസാണ്. എങ്കിലും രണ്ട് എസ്‌യുവികളും ഒരേ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചതായതിനാൽ ഫീച്ചറുകളുടെ കാര്യത്തിൽ പരാതി പറയേണ്ട സാഹചര്യം ഒന്നുമില്ല.
8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, ലെവൽ 2 ADAS തുടങ്ങിയവ രണ്ടിലും ലഭ്യമാണ്. പക്ഷേ ഡിജിറ്റൽ സ്ക്രീൻ സൈസിലാണ് ഏറ്റവും വലിയ വ്യത്യാസം. ക്രെറ്റയിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ഉള്ളത്. മറുവശത്ത് 12.3 ഇഞ്ച് വീതം വലിയ ഡിസ്‌പ്ലേകൾ, കൂടാതെ എയർകൺട്രോൾ വിവരങ്ങൾ കാണിക്കുന്ന 5 ഇഞ്ച് സെപ്പറേറ്റ് ഡിസ്‌പ്ലേ എന്നിവ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








