200 ലോഞ്ചുകള്‍, ഒഴുകിയെത്തിയത് 9 ലക്ഷം പേര്‍! ഓട്ടോ എക്‌സപോ കണ്ട് അസൂയപ്പെട്ട് ലോകരാജ്യങ്ങള്‍
ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കിക്കൊണ്ട് 2024 ജനുവരി 17 മുതല്‍ 22 വരെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ എക്‌സിബിഷനുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ ഭാഗമായാണ് ഇക്കുറി ഓട്ടോ എക്‌സ്‌പോ നടത്തിയത്. ഡല്‍ഹിയിലും ഗ്രേറ്റര്‍ നോയിഡയിലുമായി നടന്ന വാഹനപ്രേമികളുടെ ഉത്സവം വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. 6 ദിവസം കൊണ്ട് 9 ലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് വിവരം. ഇത് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025, ഓട്ടോ എക്സ്പോ 2025 എന്നിവയെ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഇവന്റുകളില്‍ ഒന്നാക്കി മാറ്റി.
കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഓട്ടോ ഇന്‍ഡസ്ട്രിയിലെ ഏറ്റവും പുതിയ ഡിസൈനുകളും നൂതന ആശയങ്ങളും കണ്ട് അനുഭവിക്കാന്‍ വാഹന പ്രേമികള്‍ ഇവിടെ ഒന്നിച്ചു. ഇത്തവണ ഓട്ടോ എക്സ്പോയും ഓട്ടോ കമ്പോണന്റ് ഷോയും വ്യത്യസ്ത വേദികളില്‍ വെവ്വേറെ നടത്തുന്നതിനുപകരം ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 നിരവധി വ്യത്യസ്ത ഓട്ടോമോട്ടീവ് ഇവന്റുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്നു.

ഓട്ടോ എക്സ്പോ, ടയര്‍ ഷോ, ബാറ്ററി ഷോ, മൊബിലിറ്റി ടെക്, സ്റ്റീല്‍ ഇന്നൊവേഷന്‍, ഇന്ത്യ സൈക്കിള്‍ ഷോ എന്നിവയും ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ ഭാഗമായി. ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത മണ്ഡപം, ദ്വാരകയിലെ യശോദഭൂമി, ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌പോ സെന്റര്‍, എക്‌സ്‌പോ മാര്‍ട്ട് എന്നിവയവായിരുന്നു പ്രധാന വേദികള്‍.
പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം ഓട്ടോ എക്സ്പോ, ടയര്‍ ഷോ, ബാറ്ററി ഷോ, മൊബിലിറ്റി ടെക്, സ്റ്റീല്‍ ഇന്നൊവേഷന്‍, ഇന്ത്യ സൈക്കിള്‍ ഷോ എന്നിവ സംഘടിപ്പിച്ചു. ജനുവരി 18 മുതല്‍ ജനുവരി 21 വരെ ദ്വാരകയിലെ യശോഭൂമിയിലാണ് ഓട്ടോ എക്സ്പോ കോമ്പോണന്റ് ഷോ 2025 അരങ്ങേറിയത്.

മറുവശത്ത്, ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യ എക്സ്പോ സെന്ററും മാര്‍ട്ടും ജനുവരി 19 മുതല്‍ 22 വരെ ഭാരത് കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്‍ ഷോയും അര്‍ബന്‍ മൊബിലിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഷോയും (UMIS) നടത്തി. പാസഞ്ചര്‍ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ചില പ്രധാന വാഹന ലോഞ്ചുകള്‍ക്ക് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ സാക്ഷ്യം വഹിച്ചു.
വിവിധ സെഗ്‌മെന്റുകളിലായി മൊത്തത്തില്‍ 19 പ്രധാന പാസഞ്ചര്‍ വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെ ലോഞ്ചുകള്‍ അരങ്ങേറി. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ബിഎംഡബ്ല്യു X3, ബിഎംഡബ്ല്യു iX1 LWB, വേവ് ഇവ, പോര്‍ഷ മകാന്‍ ഇവി, പോര്‍ഷ ടെയ്കാന്‍ ഫെയ്സ്ലിഫ്റ്റ്, മെര്‍സിഡീസ്-മെയ്ബാക്ക് EQS 680 നൈറ്റ് സീരീസ്, മിനി കൂപ്പര്‍ S JCW പാക്ക് എന്നിവയായിരുന്നു പാസഞ്ചര്‍ വാഹന വിഭാഗത്തിലെ പ്രധാന ലോഞ്ചുകള്‍.

ഇരുചക്ര വാഹന വിഭാഗത്തിലേക്ക് വന്നാല്‍ ഹീറോ എക്സ്പള്‍സ് 210, ഹീറോ എക്സ്പള്‍സ് 210, ഹീറോ എക്സ്ട്രീം 250R, ഹീറോ സൂം 125, ഹീറോ സൂം 160, സുസുക്കി ജിക്സര്‍ SF 250 ഫ്ളെക്സ് ഫ്യുവല്‍, സുസുക്കി ആക്‌സസ് 125, ബിഎംഡബ്ല്യു R 1300 GSA, ബിഎംഡബ്ല്യു S 1000 RR, ഫെറാറ്റോ ഡെഫി 22, ഹോണ്ട ആക്ടിവ e:, ഹോണ്ട QC1 എന്നിവയായിരുന്നു പ്രധാന ലോഞ്ചുകള്‍.
നിരവധി വാഹന നിര്‍മ്മാതാക്കള്‍ വിവിധ സെഗ്മെന്റുകളിലായി തങ്ങളുടെ കാറുകളും ബൈക്കുകളും പുറത്തിറക്കിയപ്പോള്‍ 2025 ഓട്ടോ എക്സ്പോ ചില പ്രധാന അവതരണങ്ങള്‍ക്കും സാക്ഷിയായി. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം അനാവരണം ചെയ്തതായിരുന്നു ഇപ്രാവശ്യത്തെ ഓട്ടോ എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. മാരുതി സുസുക്കി ഇ വിറ്റാര ഇലക്ട്രിക് എസ്യുവി മേളയില്‍ ഏറെ കാണികളെ ആകര്‍ഷിച്ചു.
മാത്രമല്ല ഓട്ടോ എക്‌സ്‌പോയിലൂടെ വിയറ്റ്‌നാമീസ് ഇവി നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ പ്രവേശിച്ചു. VF 6, VF 7 ഇലക്ട്രിക് എസ്‌യുവികള്‍ പ്രദര്‍ശിപ്പിച്ച വിന്‍ഫാസ്റ്റ് 5 ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടുവന്നിരുന്നു. നിലവില്‍ മൂന്ന് ഭൂഖണ്ഡങ്ങളിലായി 12 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഫാസ്റ്റ് ആഗോളതലത്തില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. കമ്പനി തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ കോടികള്‍ മുടക്കി ഒരു പ്ലാന്റ് സ്ഥാപിക്കുന്നുണ്ട്.
മെര്‍സിഡീസ് ബെന്‍സ് കണ്‍സെപ്റ്റ് CLA, BYD സീലയണ്‍ 7, എംജി M9, എംജി സൈബര്‍സ്റ്റര്‍, പുതിയ സ്‌കോഡ കൊഡിയാക്ക്, എംജി മജസ്റ്റര്‍, സ്‌കോഡ ഒക്ടാവിയ RS, ടാറ്റ അവിന്യ X, ടാറ്റ സിയറ തുടങ്ങിയ വാഹനങ്ങളും ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
ഇവ ഓരോന്നായി വരും ദിവസങ്ങളില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. ഇരുചക്ര വാഹന വിഭാഗത്തിലെ പ്രധാനപ്പെട്ട അവതരണങ്ങളില്‍ ഒന്നായിരുന്നു ടിവിഎസ് ജുപ്പിറ്റര്‍ സിഎന്‍ജി. ഇവികളും നൂതന സാങ്കേതികവിദ്യകളുമായിരുന്നു പ്രദര്‍ശനത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. ഡ്രോണുകള്‍, എയര്‍ ടാക്‌സികള്‍ തുടങ്ങിയ കണ്‍സെപ്റ്റുകളുമായി സ്റ്റാര്‍ട്ടപ്പുകളും ഇതില്‍ പ്രധാന പങ്ക് വഹിച്ചു.


Click it and Unblock the Notifications








