കൊച്ചുകുട്ടിയെ പോലെ ഇ-സൈക്കിള്‍ നോക്കി മോദി! ഓട്ടോ എക്‌സ്‌പോയുടെ ഉദ്ഘാടനം കളറാക്കി പ്രധാനമന്ത്രി
ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ (Bharat Mobility Global Expo 2025 ) രണ്ടാം എഡിഷന് വര്‍ണാഭമായ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വെള്ളിയാഴ്ച (2025 ജനുവരി 17) ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ഇവന്റില്‍ 100-ലധികം വാഹനങ്ങള്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇവന്റില്‍ വെച്ച് ഓട്ടോമൊബൈല്‍ ഘടകങ്ങളും അത്യാധുനിക മൊബിലിറ്റി സാങ്കേതികവിദ്യകളും പ്രാദര്‍ശിപ്പിക്കും. ഇപ്രാവശ്യം രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരുന്ന ഓട്ടോ എക്‌സ്‌പോയും ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ കൂടെയാണ് നടത്തുന്നത്.
ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപം, ദ്വാരകയിലെ യശോഭൂമി, ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യാ എക്സ്പോ സെന്റര്‍ ആന്‍ഡ് മാര്‍ട്ട് എന്നിങ്ങനെ മൂന്ന് പ്രധാന വേദികളിലായാണ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ നടക്കുക. ഒരു പതിറ്റാണ്ടിലേറെയായി ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യാ എക്സ്പോ സെന്ററില്‍ നടക്കുന്ന ഓട്ടോ എക്സ്പോ ഇക്കുറി വീണ്ടും പ്രഗതി മൈതാനത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ്.

മൊബിലിറ്റി ഇക്കോസിസ്റ്റത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ഇവന്റില്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ മുതല്‍ ഘടക നിര്‍മ്മാതാക്കള്‍, ടയര്‍ നിര്‍മ്മാതാക്കള്‍, സോഫ്റ്റ്വെയര്‍ കമ്പനികള്‍, കൂടാതെ മെറ്റീരിയല്‍ റീസൈക്ലര്‍മാര്‍ വരെ പങ്കെടുക്കുന്നു. 5,100-ലധികം അന്താരാഷ്ട്ര പ്രതിനിധികളും 5 ലക്ഷം സന്ദര്‍ശകരും പ്രതീക്ഷിക്കുന്ന എക്സ്പോ ഈ വര്‍ഷത്തെ ഏറ്റവും വലിയ വ്യാവസായിക സമ്മേളനങ്ങളില്‍ ഒന്നാണ്.
പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് മടങ്ങാതെ പ്രധാനമന്ത്രി മോദി നേരിട്ട് എക്‌സ്‌പോയിലെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. കമ്പനി പ്രതിനിധികള്‍ അദ്ദേഹത്തോട് തങ്ങളുടെ ഉല്‍പ്പന്നങ്ങളെ കുറിച്ച് വിശദീകരിച്ചു. മഹീന്ദ്ര കമ്പനിയുടെ സ്റ്റാള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കമ്പനിയുടെ ഓട്ടോമോട്ടീവ് ടെക്നോളജി ആന്‍ഡ് പ്രൊഡക്ട് ഡെവലപ്മെന്റ് വിഭാഗം മേധാവിയുമായ വേലുസ്വാമി കമ്പനിയുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദിക്ക് വിശദീകരിച്ചു.

ഓട്ടോ എക്‌സ്‌പോ സ്റ്റാളില്‍ വെച്ച് ഹെലെക്‌സ് ഇലക്ട്രിക് സൈക്കിള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സ്‌പോക്കുകള്‍ ഇല്ലാത്ത വീലുകളാണ് ഇതിന് ഉണ്ടായിരുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയുടെ ആദ്യ ദിനം മാധ്യമങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇന്ന് വാഹന നിര്‍മ്മാതാക്കള്‍ അവരുടെ പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും.
മാരുതി സുസുക്കി, ഹ്യുണ്ടായി, ഹീറോ മോട്ടോകോര്‍പ്പ്, ബിഎംഡബ്ല്യു, ബെന്‍സ്, ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍, ടാറ്റ മോട്ടോര്‍സ്, കിയ, പോര്‍ഷെ, സ്‌കോഡ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ പുതിയ കാറുകള്‍ പുറത്തിറക്കുകയോ അവതരിപ്പിക്കുകയോ ചെയ്തു. നാളെ മാധ്യമങ്ങള്‍ക്കൊപ്പം ഡീലര്‍മാര്‍ക്കും അനുമതിയുണ്ട്. ജനുവരി 19 മുതല്‍ 22 വരെ പൊതുജനങ്ങള്‍ക്ക് എക്‌സ്‌പോ സന്ദര്‍ശിക്കാം.

ആദ്യ ദിനം മാരുതിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ-വിറ്റാര, സുസുക്കിയുടെ ഇ-ആക്സസ് ഇലക്ട്രിക് സ്‌കൂട്ടര്‍, എംജി സൈബര്‍സ്റ്റര്‍, ടാറ്റ സിയാറ ഇവി എന്നിവ പ്രദര്‍ശിപ്പിക്കും. 40 മുതല്‍ 50 വാഹനങ്ങള്‍ ഇന്ന് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും വ്യാപാരവും കയറ്റുമതിയും വിപുലീകരിക്കുന്നതിനുമുള്ള ഒരു ഇടമാണെന്നതിനാല്‍ ഓരോ ഓട്ടോ എക്സ്പോയും ഇന്‍ഡസ്ട്രിക്ക് വലിയ പ്രതീക്ഷയാണ്. പ്രധാനമന്ത്രി മോദി തന്നെ നേരിട്ട് എക്‌സ്‌പോക്ക് എത്തിയതിനെ തുടര്‍ന്ന് പരിപാടിക്ക് അന്തര്‍ദേശീയ ശ്രദ്ധ ലഭിച്ചു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








