വിശ്വസിച്ച് വാങ്ങാം, ബജാജിന്റെ ആദ്യ ഇലക്ട്രിക് ഓട്ടോ പുറത്തിറങ്ങി! 149KM റേഞ്ച്, വിലയും കുറവ്
ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലേക്ക് ഗംഭീര ചുവടുവെയ്പ്പ് നടത്തി രാജ്യത്തെ ഏറ്റവും വലിയ മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ. 'റിക്കി' ( Bajaj Riki) എന്ന പുത്തന്‍ മോഡല്‍ പുറത്തിറക്കിയാണ് ബജാജ് ഇലക്ട്രിക് ഓട്ടോറിക്ഷാ വിപണിയില്‍ പ്രവേശിച്ചത്. ഈ പുതിയ മോഡല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ബാറ്ററി, സുരക്ഷിതമായ ഷാസി ഡിസൈന്‍, വേഗത്തിലുള്ള ചാര്‍ജിംഗ് സൗകര്യം എന്നിവയെല്ലാം ഒരുക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ ഇ-റിക്ഷാ മേഖല അതിവേഗം വളരുകയാണെന്നാണ് ബജാജ് പറയുന്നത്. ഇന്ത്യയില്‍ പ്രതിമാസം 45,000-ലധികം ഇലക്ട്രിക് റിക്ഷകള്‍ വിറ്റഴിയുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.
എന്നിരുന്നാലും, കുറഞ്ഞ റേഞ്ച്, ദുര്‍ബലമായ ഷാസി, കടുപ്പമുള്ള ബ്രേക്കിംഗ് സംവിധാനങ്ങള്‍, കുറഞ്ഞ സര്‍വീസ് ലഭ്യത തുടങ്ങിയ വെല്ലുവിളികള്‍ ഈ മേഖലയില്‍ നിലവിലുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് റിക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബജാജ് അവകാശപ്പെടുന്നു. എന്നാല്‍, നിലവില്‍ കേരളത്തില്‍ ഒരു പട്ടണത്തിലും ബജാജ് റിക്കി ഇലക്ട്രിക് ഓട്ടോറിക്ഷ ലഭ്യമാകില്ല.

പട്‌ന, മൊറാദാബാദ്, ഗുവാഹത്തി, റായ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ വിപുലമായ പരീക്ഷണങ്ങള്‍ നടത്തിയ ശേഷം, ആദ്യ ഘട്ടത്തില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, അസം എന്നീ സംസ്ഥാനങ്ങളിലെ നൂറിലധികം നഗരങ്ങളിലാണ് ബജാജ് റിക്കി ലഭ്യമാകുക. ബജാജ് ഓട്ടോയുടെ പുതിയ B40 ഓട്ടോറിക്ഷാ നിരയിലെ ആദ്യ മോഡലാണ് റിക്കി B4005.
ഇത് 5.4 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. റിക്കി ഇലക്ട്രിക് ഓട്ടോറിക്ഷ ഒറ്റ ചാര്‍ജില്‍ പരമാവധി 149 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് ബജാജ് സാക്ഷ്യപ്പെടുത്തുന്നു. പാസഞ്ചര്‍ ഇലക്ട്രിക് ഓട്ടോറിക്ഷ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മോഡല്‍ റിക്കിയാണെന്ന് ബജാജ് അവകാശപ്പെടുന്നു. ചരക്ക് ഗതാഗതം ലക്ഷ്യമിട്ടുള്ള റിക്കി C4005 ഓട്ടോറിക്ഷയ്ക്ക് 164 കിലോമീറ്റര്‍ വരെ റേഞ്ച് പറയുന്നു.

പുതിയ ബജാജ് റിക്കിയുടെ കാര്‍ഗോ പതിപ്പില്‍ വലിയ ലോഡിംഗ് ബെഡ് ഉണ്ട്. കൂടാതെ, സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് കയറ്റം കയറാനുള്ള ശേഷി റിക്കി C4005 ഓട്ടോയ്ക്ക് 28 ശതമാനം അധികമുണ്ട്. ഇത് ചരക്കുമായി കുത്തനെയുള്ള പാതകളില്‍ എളുപ്പത്തില്‍ കയറാന്‍ സഹായിക്കുന്നു. ഈ രണ്ട് ബജാജ് റിക്കി ഓട്ടോറിക്ഷകള്‍ക്കും 4.5 മണിക്കൂറിനുള്ളില്‍ ഫാസ്റ്റ് ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും മൂന്ന് വര്‍ഷത്തെ ബാറ്ററി വാറണ്ടിയും ലഭിക്കുന്നു.
റിക്കിക്ക് ഒരു മോണോകോക്ക് ഷാസി സംവിധാനമാണുള്ളത്. ഇത് വാഹനത്തിന്റെ കരുത്തും ഈടും വര്‍ധിപ്പിക്കുന്നുവെന്ന് ബജാജ് അറിയിക്കുന്നു. ഈ വിഭാഗം ഓട്ടോറിക്ഷകളില്‍ അപൂര്‍വമായി കാണുന്ന ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷനും ഹൈഡ്രോളിക് ബ്രേക്കുകളും പുതിയ ബജാജ് റിക്കിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ സ്ഥിരത മെച്ചപ്പെടുത്താനും മറിയാനുള്ള സാധ്യത കുറയ്ക്കാനും നഗരത്തിലെ തിരക്കില്‍ സുഗമമായ ബ്രേക്കിംഗ് നല്‍കാനും സഹായിക്കും.

1,90,890 രൂപയാണ് ബജാജ് റിക്കിയുടെ വില. അതേസമയം ഇതിന്റെ കാര്‍ഗോ പതിപ്പിന് 2,00,876 രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകള്‍ ആണ് ഇത്. ലാസ്റ്റ്‌മൈല്‍ കണക്റ്റിവിറ്റിക്ക് ഓട്ടോറിക്ഷകള്‍ അത്യന്താപേക്ഷിതമായ ഈ കാലഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും വിശ്വസനീയമായ ഓപ്ഷനുകള്‍ ആവശ്യമാണ്. മികച്ച സൗകര്യവും സുരക്ഷയും നല്‍കുന്നതിനൊപ്പം വരുമാനം വര്‍ധിപ്പിക്കാനും സഹായിക്കുന്ന രീതിയിലാണ് ബജാജ് റിക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








