ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടൊയോട്ട കാറുകള്‍ വില്‍ക്കുന്നത് ഈ നഗരത്തില്‍! കേരളത്തിലല്ല, കാരണം കൃത്യം

ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച കാര്‍ സംസ്‌കാരമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മലയാളികളുടെ വണ്ടിപ്രാന്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തന്നെ അംഗീകരിക്കുന്നതാണ്. വലിപ്പത്തില്‍ ചെറുതാണെങ്കിലും കാര്‍ വില്‍പ്പനയുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണ് സ്ഥാനം പിടിക്കുന്നത്. ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ബ്രാന്‍ഡ് ആയ ടൊയോട്ടയുടെ ഉല്‍പ്പന്നങ്ങള്‍ മലയാളികള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടൊയോട്ട കാറുകള്‍ വിറ്റഴിക്കപ്പെടുന്ന നഗരം പക്ഷേ കേരളത്തിലല്ല. ദക്ഷിണേന്ത്യയില്‍ വില്‍ക്കുന്ന മൂന്നില്‍ ഒന്ന് ടൊയോട്ട കാറുകളും വാങ്ങിക്കൂട്ടുന്ന നഗരം നമ്മുടെ അയല്‍സംസ്ഥാനത്താണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അത് ഏതാണെന്ന് ഈ നമുക്ക് നോക്കാം.

മാരുതിയുടെ ചെറുകാറുകള്‍ റീബാഡ്ജ് ചെയ്ത് വില്‍ക്കാന്‍ തുടങ്ങിയതോടെ ടൊയോട്ട വില്‍പ്പന വര്‍ധിച്ചിരുന്നു. ടൊയോട്ട ഇന്ത്യയിലെ വിപണി വിഹിതം ഉയര്‍ത്തിക്കൊണ്ട് വരുമ്പോള്‍ അതിന് ശക്തമായ പിന്തുണ നല്‍കുന്നത് ദക്ഷിണേന്ത്യക്കാരാണ്. ഈ വര്‍ഷം ദക്ഷിണേന്ത്യയില്‍ ടൊയോട്ട നടത്തിയ മികച്ച പ്രകടനത്തില്‍ നിര്‍ണായക പങ്കുവഹിച്ച നഗരമാണ് ബെംഗളൂരു. കര്‍ണാടക തലസ്ഥാന നഗരമാണ് കമ്പനിയുടെ പ്രാദേശിക കാര്‍ വില്‍പ്പനയുടെ ഏകദേശം മൂന്നിലൊന്നും സംഭാവന ചെയ്യുന്നത്.

toyota car sales bengaluru

ഹൈബ്രിഡ് വാഹനങ്ങളോടുള്ള താല്‍പ്പര്യം വര്‍ധിച്ചതും, അര്‍ബന്‍ മൊബിലിറ്റിയുടെ വളര്‍ച്ചയുമാണ് ബെംഗളൂരുവിനെ രാജ്യത്തെ ടൊയോട്ടയുടെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലൊന്നാക്കി മാറ്റിയതെന്ന് ടൊയോട്ടയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ഈ വര്‍ഷം ദക്ഷിണേന്ത്യയിലാകെ ഏകദേശം 1,06,000 കാറുകള്‍ വിറ്റഴിച്ചു. ഇതില്‍ 31 ശതമാനവും ബെംഗളൂരുവില്‍ നിന്നാണ്. ഇത് ടൊയോട്ടയുടെ പ്രാദേശിക തന്ത്രത്തില്‍ നഗരത്തിനുള്ള പ്രധാന പങ്ക് വ്യക്തമാക്കുന്നു' ടൊയോട്ടയുടെ ദക്ഷിണേന്ത്യ വൈസ് പ്രസിഡന്റ് വൈസ്ലൈന്‍ സിഗാമണി പറഞ്ഞു.

വാഹന വില്‍പ്പനയിലെ ഈ കുതിച്ചുചാട്ടത്തിന് പിന്നില്‍ സര്‍ക്കാറുകളുടെ നയപരമായ മാറ്റങ്ങളും ഉപഭോക്തൃ സമീപനത്തിലെ വ്യത്യാസങ്ങളും കാരണമായിട്ടുണ്ടെന്ന് സിഗാമണി വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ ചരക്കുസേവന നികുതി കുറച്ചത് മൂലം ആദ്യമായി കാര്‍ വാങ്ങുന്നവരും അപ്‌ഗ്രേഡ് ചെയ്യുന്നവരും മടിച്ച് നില്‍ക്കാതെ ഷോറൂമുകളിലേക്ക് എത്താന്‍ തുടങ്ങി. നഗര, ഗ്രാമീണ മേഖലകളില്‍ ഒരുപോലെ ഈ ട്രെന്‍ഡ് പ്രകടമായതിനാല്‍ ടൊയോട്ടയടക്കമുള്ള ബ്രാന്‍ഡുകള്‍ ഉത്പാദനം വര്‍ധിപ്പിക്കുകയാണ്.

ബെംഗളൂരു നഗരത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ടൊയോട്ട കാറുകള്‍ ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ട്. ഗതാഗതക്കുരുക്കിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച നഗരമാണ് ബെംഗളൂരു. ദൈനംദിന യാത്രകളുടെ ദൂരം വര്‍ധിക്കുന്നതും, ഗതാഗതക്കുരുക്കും, ഇന്ധനക്ഷമതയെ കുറിച്ചുള്ള അവബോധവുമെല്ലാം നഗരവാസികള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെ സ്വാധീനിക്കാന്‍ തുടങ്ങി. അടുത്ത കാലത്തായി തിരക്കേറിയ മെട്രോ നഗരങ്ങള്‍ക്ക് പറ്റിയ പ്രായോഗികമായ ഓപ്ഷനായി ഹൈബ്രിഡ് വാഹനങ്ങള്‍ അംഗീകരിക്കപ്പെട്ടു.

പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും സംയോജിച്ച് പ്രവര്‍ത്തിക്കുന്ന സജ്ജീകരണത്തെയാണ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ എന്ന് വിളിക്കുന്നത്. മലിനീകരണം കുറവാണെന്നത് മാത്രമല്ല ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രവര്‍ത്തനച്ചെലവും കുറവാണ്. ബെംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ ടൊയോട്ടയുടെ ഹൈബ്രിഡ് കാറുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സാധാരണ പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ സിറ്റി ഫ്രണ്ട്‌ലി ഡ്രൈവിന് അനുയോജ്യം ഹൈബ്രിഡ് കാറുകളാണെന്ന കാര്യം ഉയര്‍ത്തിക്കാണിച്ചാണ് ജാപ്പനീസ് ബ്രാന്‍ഡ് ഇവയെ പ്രോത്സാഹിപ്പിക്കുന്നത്.

toyota car range

നിലവില്‍ ടൊയോട്ട കാറുകളില്‍ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ടെക് ആണ് ഓഫര്‍ ചെയ്യുന്നത്. വാഹനം ഓടുമ്പോള്‍ ബാറ്ററി ഓട്ടോമാറ്റിക്കായി ചാര്‍ജാകുന്ന ഇവ നിശ്ചിത ദൂരം ഇവി ഓണ്‍ലി മോഡില്‍ സഞ്ചരിക്കും. ചാര്‍ജ് കുറയുമ്പോള്‍ ഇലക്ട്രിക് പവറില്‍ ഓടുന്ന വാഹനം പെട്രോള്‍ മോഡിലേക്ക് മാറും. തങ്ങളുടെ ഹൈബ്രിഡ് കാറുകള്‍ ഏകദേശം 60 ശതമാനം സമയവും ഇലക്ട്രിക് പവറിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ടൊയോട്ട പറയുന്നു.

സ്‌റ്റോപ്പ് ആന്‍ഡ് ഗോ ട്രാഫിക്കില്‍ ഹൈബ്രിഡ് സിസ്റ്റം പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ഇന്ധനം കുറച്ച് മാത്രം കത്തുന്നതിനാല്‍ മികച്ച ഇന്ധനക്ഷമത ലഭിക്കും. ട്രാഫിക്കിന് പേരുകേട്ട ബെംഗളൂരുവില്‍ ജീവിക്കുന്നവര്‍ക്ക് ഇത് അനുഗ്രഹമായി മാറുന്നു. നിലവില്‍ രാജ്യത്തെ ഇവി അടിസ്ഥാന സൗകര്യ വികസനം ശൈശവദശയിലായതിനാല്‍ പെട്ടെന്ന് ഇവിയിലേക്ക് മാറാന്‍ മടിയുള്ളവര്‍ ഹൈബ്രിഡുകളാണ് തെരഞ്ഞെടുക്കുന്നത്. ഹൈബ്രിഡ് വാഹനങ്ങളെ കൊണ്ട് ഒന്നിലധികം പ്രയോജനങ്ങള്‍ ഉള്ളതിനാല്‍ വില കൂടുതലായിട്ടും ഇന്ത്യക്കാര്‍ അവ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്.

toyota car stock yard

ടൊയോട്ട, മാരുതി സുസുക്കി, ഹോണ്ട എന്നീ കമ്പനികളാണ് നിലവില്‍ ഇന്ത്യയില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നത്. അടുത്ത വര്‍ഷം കിയയും ഹൈബ്രിഡ് മോഡലുകള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന 7 ഹൈബ്രിഡ് വാഹനങ്ങളില്‍ നാലും ടൊയോട്ടയുടേതാണ്. ഇന്നോവ ഹൈക്രോസ്, വെല്‍ഫെയര്‍ എംപിവികള്‍, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവി, കാമ്രി സെഡാന്‍ എന്നിവയാണവ. ഇന്ത്യയില്‍ ഹൈബ്രിഡ് സെഗ്‌മെന്റില്‍ 80 ശതമാനത്തിലധികം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്നത് ടൊയോട്ടയാണ്.

More from DriveSpark

Article Published On: Thursday, December 18, 2025, 7:00 [IST]
English summary
Bengaluru accounts for nearly one third of toyota car sales in south india reasons explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X