ഗിയര്‍ മാറ്റി മടുത്തോ? 10 ലക്ഷം കൈയ്യിലുണ്ടെങ്കിൽ വാങ്ങാവുന്ന മികച്ച 5 ഓട്ടോമാറ്റിക് കാറുകള്‍
മാനുവല്‍ ആണോ അതോ ഓട്ടാമാറ്റിക് ഗിയര്‍ബോക്‌സ് ആണോ നല്ലതെന്ന ചര്‍ച്ചകള്‍ പലപ്പോഴും ഇന്റര്‍നെറ്റിലും അല്ലാതെയും നടക്കാറുണ്ട്. വണ്ടിയോടിക്കുന്ന രസം അറിയണമെങ്കില്‍ മാനുവല്‍ കാറുകള്‍ ഓടിക്കണമെന്നാണ് അതിന്റെ ഫാന്‍സ് പറയുന്നത്. അതേസമയം ലോംഗ് ഡ്രൈവുകളിലും ട്രാഫിക്കിലും ഓടിക്കാന്‍ മികച്ചത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി വരുന്ന കാറുകളാണെന്ന് മാനുവല്‍ ഫാന്‍സ് വരെ സമ്മതിക്കും. ഉപയോഗിക്കാന്‍ സുഖമായതിനാല്‍ സമീപകാലത്തായി കാറുകളുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തല്‍ ഇന്ത്യയില്‍ 10 ലക്ഷം രൂപയില്‍ താഴെ വില വരുന്ന മികച്ച അഞ്ച് ഓട്ടോമാറ്റിക് കാര്‍ മോഡലുകള്‍ പരിചയപ്പെടാം.
മാരുതി സുസുക്കി സ്വിഫ്റ്റ്: ഇന്ത്യയിലെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ്, സുഖകരമായ യാത്രാനുഭവവും ഉയര്‍ന്ന മൈലേജുമാണ് നല്‍കുന്നത്. 5 സ്പീഡ് മാനുവലിനൊപ്പം 5 സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനിലും സ്വിഫ്റ്റ് ലഭ്യമാണ്. കഴിഞ്ഞ വര്‍ഷമാണ് സ്വിഫ്റ്റിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയത്. പുതിയ 1.2 ലിറ്റര്‍ Z സീരീസ് പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 25.75 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 30 കിലോമീറ്ററിന് മുകളില്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളുള്ള സ്വിഫ്റ്റിന്റെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ നല്‍കിയിട്ടുണ്ട്. പെട്രോള്‍ എഞ്ചിനില്‍ LXi, VXi, VXi (O), ZXi, ZXi+ എന്നീ വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. 6.49 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ വില.
ടാറ്റ പഞ്ച്: ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന മൈക്രോ എസ്‌യുവിയായ പഞ്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ്. പഞ്ച് നിലവില്‍ പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിനുകളില്‍ വില്‍ക്കുന്നു. പെട്രോള്‍ പതിപ്പ് 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. അതേസമയം സിഎന്‍ജി പതിപ്പ് മാനുവലിനൊപ്പം മാത്രമേ ലഭ്യമാകൂ.

അതേസമയം സിഎന്‍ജി പതിപ്പ് മാനുവലിനൊപ്പം മാത്രമേ ലഭ്യമാകൂ. മൈക്രോ എസ്‌യുവിയെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 18.8 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. പെട്രോള്‍ മാനുവലിന് 20.09 കിലോമീറ്ററും സിഎന്‍ജി പതിപ്പിന് കിലോഗ്രാമിന് 20.09 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. നിലവില്‍ 6.20 ലക്ഷം മുതല്‍ 10.17 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ വില. ഈ കാറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഉടന്‍ വിപണിയിലെത്തും.
ഹ്യുണ്ടായി എക്സ്റ്റര്‍: മൈക്രോ എസ്‌യുവി വിഭാഗത്തില്‍ പഞ്ചിനെ എതിരിടുന്ന മോഡല്‍ ആണ് എക്‌സ്റ്റര്‍. പഞ്ചിനെ പോലെ തന്നെ 5 സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് എക്‌സ്റ്ററും എത്തുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം മാത്രമേ എക്‌സ്റ്റര്‍ സിഎന്‍ജി വാങ്ങാന്‍ സാധിക്കൂ. വലിപ്പത്തില്‍ ചെറുതെങ്കിലും, സാങ്കേതിക സൗകര്യങ്ങളിലും യാത്രാ സുഖത്തിലും ഈ ഹ്യുണ്ടായി കാര്‍ മികച്ചതാണ്. നിലവില്‍ 6.21 ലക്ഷം രൂ മുതലാണ് എക്‌സ്റ്റിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

ഹോണ്ട അമേസ്: ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്ന രണ്ട് സെഡാന്‍ കാറുകളില്‍ ഒന്നാണ് അമേസ്. മികച്ച ഹാന്‍ഡ്‌ലിംഗാണ് അമേസിന്റെ പ്രധാന ആകര്‍ഷണം. കഴിഞ്ഞ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് വന്നെങ്കിലും പഴയ മോഡല്‍ ഇപ്പോഴും വില്‍ക്കുന്നുണ്ട്. അമേസിന്റെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ലിറ്ററിന് 18.65 കിലോമീറ്ററും സിവിടി ട്രാന്‍സ്മിഷന്റെ കൂടെ 19.46 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു.
ഹ്യുണ്ടായി i20: പട്ടികയില്‍ ഏറ്റവും അവസാനം ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ i20 ആണ്. സ്‌റ്റൈലിഷ് ഡിസൈനില്‍ വരുന്ന ഈ കാറില്‍ 5 സ്പീഡ് മാനുവലിനൊപ്പം 7 സ്പീഡ് ഡിസിടി, ഐവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഉണ്ട്. വേരിയന്റിനെ ആശ്രയിച്ച് ലിറ്ററിന് 16 മുതല്‍ 20 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് പറയപ്പെടുന്നു.

ഹ്യുണ്ടായി കാറിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത് 7.04 ലക്ഷം രൂപ മുതലാണ്. ഇന്നത്തെ യുവതലമുറ ഓട്ടോമാറ്റിക് കാറുകള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. അതുകൊണ്ട്, 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക് കാറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മോഡലുകള്‍ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








