സീറ്റ് മടക്കാതെ ലോഡ്കണക്കിന് ലഗേജ് കൊള്ളും! 10 ലക്ഷത്തില്‍ താഴെ വിലയില്‍ മികച്ച ബൂട്ട്‌സ്‌പെയ്‌സുള്ള കാറുകള്‍
ഒരു കാര്‍ വാങ്ങുമ്പോള്‍ പലരും പരിഗണിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അതിലെ ബൂട്ട് സ്‌പേസ്. ലഗേജ് സൂക്ഷിക്കുന്ന കാറിന്റെ പിന്‍ഭാഗത്തെ സ്ഥലത്തെ ബൂട്ട് സ്‌പേസ് 'ഡിക്കി'എന്നൊക്കെ നാം വിളിക്കാറുണ്ട്. കുടുംബം ഒന്നിച്ച് ദൂരയാത്ര ചെയ്യുമ്പോള്‍ ബൂട്ട് സ്‌പെയ്‌സ് എത്രയുണ്ടോ അത്രത്തോളം ഗുണകരമായിരിക്കും. സീറ്റുകള്‍ മടക്കാതെ തന്നെ മികച്ച ലഗേജ് സംഭരണ ശേഷിയുള്ള കാറുകള്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ള വലിയ കുടുംബങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാധാരണയായി, കാറിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് ബൂട്ട് സ്‌പേസിന്റെ അളവും കൂടാറുണ്ട്. എന്നാല്‍, വലിയ കാറുകള്‍ക്ക് വിലയും കൂടുതലായിരിക്കും.
ഇന്ത്യന്‍ വിപണിയില്‍ 10 ലക്ഷം രൂപയില്‍ താഴെ വില വരുന്ന കാറുകളില്‍ മികച്ച ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുന്ന ചില മോഡലുകള്‍ പരിചയപ്പെടാം. കുറഞ്ഞ ബജറ്റില്‍ പോലും കൂടുതല്‍ ലഗേജ് കൊണ്ടുപോകാന്‍ സൗകര്യമുള്ള വാഹനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇത് സഹായകമാകും. മാരുതി സുസുക്കി, റെനോ, ഹോണ്ട, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി എന്നിങ്ങനെ വ്യത്യസ്ത ബ്രാന്‍ഡുകളുടെ കാറുകള്‍ പട്ടികയിലുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

റെനോ ട്രൈബര്‍: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള എംപിവികളില്‍ ഒന്നാണ് റെനോ ട്രൈബര്‍. അടുത്തിടെ ഇതിന്റെ പുതിയ ഫേസ്ലിഫ്റ്റ് മോഡല്‍ പുറത്തിറക്കിയിരുന്നു. 6.25 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന ട്രൈബറിന് 625 ലിറ്റര്‍ എന്ന വലിയ ബൂട്ട് സ്‌പേസാണുള്ളത്. ഒരു എംപിവി എന്ന നിലയില്‍ ഇത് വളരെ ആകര്‍ഷകമായ സവിശേഷതയാണ്.
മാരുതി സുസുക്കി സിയാസ്: മാരുതി സുസുക്കിയുടെ പ്രീമിയം സെഡാന്‍ മോഡലുകളിലൊന്നാണ് സിയാസ്. 9.3 ലക്ഷം രൂപ മുതല്‍ എക്‌സ്-ഷോറൂം വില ആരംഭിക്കുന്ന സിയാസിന് 510 ലിറ്റര്‍ ബൂട്ട് സ്‌പേസ് ലഭ്യമാണ്. ഒരു സെഡാന്‍ കാറിന്റെ വിഭാഗത്തില്‍ ഇത് മികച്ച ബൂട്ട് സ്‌പേസ് തന്നെയാണ്. ഈ കാറിന്റെ ഉത്പാദനം നിര്‍ത്തിയിട്ടുണ്ടെങ്കിലും പഴയ സ്‌റ്റോക്ക് ഇപ്പോഴും ആകര്‍ഷകമായ ഓഫറില്‍ വില്‍ക്കുന്നുണ്ട്.

ഹോണ്ട അമേസ്: ഈ പട്ടികയിലെ മറ്റൊരു സെഡാന്‍ മോഡലാണ് ഹോണ്ട അമേസ്. ഇത് ഒരു സബ് കോംപാക്ട് സെഡാന്‍ ആണ്. കഴിഞ്ഞ വര്‍ഷമാണ് അമേസിന് തലമുറ മാറ്റം ലഭിച്ചത്. മാരുതി ഡിസയറിന്റെ എതിരാളിയായ അമേസിന് 420 ലിറ്റര്‍ ബൂട്ട് സ്‌പേസ് ലഭിക്കുന്നു. 7.2 ലക്ഷം രൂപ മുതലാണ് അമേസിന്റെ എക്‌സ്-ഷോറൂം വിലകള്‍ ആരംഭിക്കുന്നത്. ബൂട്ട് സ്‌പേസ് ആവശ്യമുള്ളവര്‍ക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പാണ്.
ടാറ്റ ടിഗോര്‍: ടാറ്റയുടെ സബ് കോംപാക്ട് സെഡാന്‍ മോഡലായ ടിഗോറിന് 419 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഉണ്ട്. മികച്ച ടോര്‍ക്ക് നല്‍കുന്ന എഞ്ചിന്‍ ഇതിന്റെ പ്രത്യേകതയാണ്. 6.3 ലക്ഷം രൂപ മുതലാണ് ടിഗോറിന്റെ എക്‌സ്-ഷോറൂം വിലകള്‍ ആരംഭിക്കുന്നത്. മികച്ച രൂപകല്‍പ്പനയും ബൂട്ട് സ്‌പേസും ടിഗോറിനെ വേറിട്ടു നിര്‍ത്തുന്നു. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ടിഗോര്‍ വാങ്ങാം.

റെനോ കൈഗര്‍: നിസാന്‍-റെനോ കൂട്ടുകെട്ടില്‍ പിറന്ന കോംപാക്ട് എസ്‌യുവിയാണ് റെനോ കൈഗര്‍. 405 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് കൈഗറിന് ലഭിക്കുന്നത്. 6 ലക്ഷം രൂപ മുതലാണ് കൈഗറിന്റെ എക്‌സ്-ഷോറൂം വിലകള്‍ ആരംഭിക്കുന്നത്. ഒരു കോംപാക്ട് എസ്‌യുവിയില്‍ ഇത്രയും വലിയ ബൂട്ട് സ്‌പേസ് ലഭിക്കുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുന്നു. ഈ ഉത്സവകാലത്ത് കൈഗറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും റെനോ പുറത്തിറക്കാന്‍ പോകുകയാണ്.
ഹ്യുണ്ടായി ഓറ: ഹോണ്ട അമേസ്, ടാറ്റ ടിഗോര്‍ എന്നിവയുടെ എതിരാളിയായ ഹ്യുണ്ടായി ഓറയും പട്ടികയിലുണ്ട്. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ഓറ സെഡാനില്‍ 402 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഓഫര്‍ ചെയ്യുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ഓറയുടെ എക്‌സ്‌ഷോറൂം വില 6.5 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ആധുനിക ഫീച്ചറുകളോടൊപ്പം വലിയ ബൂട്ട് സ്‌പേസും ഓറയെ ആകര്‍ഷകമാക്കി മാറ്റുന്നു.
റെനോ ട്രൈബറിനാണ് ഈ ലിസ്റ്റില്‍ ഏറ്റവും വലിയ ബൂട്ട് സ്‌പേസ് ഉള്ളത്. ഒരു എംപിവി എന്ന നിലയില്‍ ഇത് പ്രതീക്ഷിക്കാവുന്നതാണ്. എന്നിരുന്നാലും, ഇതില്‍ ആധിപത്യം സെഡാന്‍ കാറുകള്‍ക്കാണ് എന്നതാണ് ശ്രദ്ധേയം. കുറഞ്ഞ ബോഡി ഘടന ഉണ്ടായിരുന്നിട്ടും, സെഡാന്‍ കാറുകള്‍ മികച്ച ലഗേജ് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു എന്നത് വ്യക്തമാണ്. എസ്‌യുവി വേണ്ടവര്‍ക്ക് എസ്‌യുവിയും പട്ടികയില്‍ ഉണ്ട്. മികച്ച ലഗേജ് സ്‌പെയ്‌സുള്ള കാര്‍ തേടുന്നവര്‍ക്ക് മുകളില്‍ നിന്നുള്ള ഒന്ന് പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








