കൈ ഫ്രീയാക്കിയിടാം, മഴ പെയ്താല്‍ വൈപ്പര്‍ താനേ ഓണാകും! സ്മാര്‍ട്ട് ഫീച്ചറുമായെത്തുന്ന കുറഞ്ഞ വിലയുള്ള കാറുകള്‍
ഇന്ന് പല മോഡേണ്‍ കാറുകളിലും കണ്ടുവരുന്ന ഒരു നൂതന സവിശേഷതയാണ് റെയിന്‍ സെന്‍സിംഗ് വൈപ്പര്‍. ഈ വൈപ്പറുകള്‍ വിന്‍ഡ്ഷീല്‍ഡിലെ മഴത്തുള്ളികള്‍ വീഴുമ്പോള്‍ അത് ഓട്ടോമാറ്റിക്കായി തിരിച്ചറിഞ്ഞ് തീവ്രതയെ അടിസ്ഥാനമാക്കി അവയുടെ വേഗതയും ഫ്രീക്വന്‍സിയും ക്രമീകരിക്കുന്നു. റിയര്‍-വ്യൂ മിററിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഒപ്റ്റിക്കല്‍ അല്ലെങ്കില്‍ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഉപയോഗിച്ചാണ് മഴത്തുണ്ണികള്‍ മനസ്സിലാക്കുന്നത്. മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍ വൈപ്പറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി സെന്‍സറുകള്‍ സിഗ്നല്‍ അയയ്ക്കുന്നതിനാല്‍ ഡ്രൈവര്‍ മാനുവലായി ഇടപെടേണ്ട ആവശ്യമില്ല. മഴയുടെ തീവ്രത കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ പുറത്തെ വ്യക്തമായ കാഴ്ച നിലനിര്‍ത്താനായി വൈപ്പറുകളുടെ വേഗത യാന്ത്രികമായി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നു.
ഈ സ്മാര്‍ട്ട് ഫീച്ചര്‍ ഡ്രൈവിംഗ് ആയാസകരമാക്കുന്നുവെന്ന് മാത്രമല്ല സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഹൈ-എന്‍ഡ് കാറുകളില്‍ മാത്രമല്ല 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ചില ബജറ്റ് മോഡലുകളിലും ഈ സവിശേഷത ലഭ്യമാണ്. മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി എന്നീ കമ്പനികളുടെ കാറുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. കുറഞ്ഞ വിലയില്‍ ഓട്ടോമാറ്റിക് വൈപ്പറുകള്‍ വാഗ്ദാനം ചെയ്യുന്ന ആ കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ടാറ്റ പഞ്ച്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാണ് ടാറ്റ പഞ്ച്. എസ്‌യുവികള്‍ക്കിടയില്‍ മൈക്രോ എസ്‌യുവിയെന്ന പുത്തന്‍ സബ് സെഗ്മെന്റ് സൃഷ്ടിച്ച് അതില്‍ വിരാജിക്കുകയാണ് പഞ്ച്. ടാറ്റ പഞ്ചിന്റെ ടോപ്പ്-സ്പെക് വേരിയന്റുകളില്‍ റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, വോയിസ് അസിസ്റ്റഡ് ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് പഞ്ചിലെ മറ്റ് പ്രധാന സവിശേഷതകള്‍.
പഞ്ചിന്റെ 'ക്രിയേറ്റീവ്', 'അക്കംപ്ലിഷ്ഡ്' വേരിയന്റുകളിലും അതിനു മുകളിലുള്ള വേരിയന്റുകളിലുമാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. ക്രിയേറ്റീവ് S DT ഡിടി വേരിയന്റിന് ഏകദേശം 9.3 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വ്രില. റെയിന്‍ സെന്‍സിങ് വൈപ്പറുകളുള്ള മറ്റ് ടാറ്റ പഞ്ച് വേരിയന്റുകളും 10 ലക്ഷം രൂപ ബജറ്റില്‍ ലഭ്യമാണ്.

ഹ്യുണ്ടായി i20
ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ആയ ഹ്യുണ്ടായി പുറത്തിറക്കുന്ന പ്രീമിയം ഹാച്ച്ബാക്കാണ് i20. ഈ കാര്‍ മോഡലിന്റെ ചില വേരിയന്റുകളില്‍ റെയിന്‍ സെന്‍സിംഗ് വൈപ്പര്‍ സംവിധാനം ലഭ്യമാണ്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ഫോള്‍ഡിങ് ഒആര്‍വിഎമ്മുകള്‍, സുരക്ഷയ്ക്കായി ക്ലച്ച്-ലോക്ക് ഫംഗ്ഷന്‍ എന്നിവയാണ് ഹ്യുണ്ടായി i20 മോഡലിന്റെ മറ്റ് പ്രത്യേകതകള്‍.
പ്രീമിയം ഹാച്ചിന്റെ 'ആസ്റ്റ', 'ആസ്റ്റ (ഓപ്ഷണല്‍)' പോലുള്ള ടോപ്പ് എന്‍ഡ് വേരിയന്റുകളിലാണ് സാധാരണയായി ഈ ഫീച്ചറുകള്‍ ലഭിക്കുന്നത്. ഇവ മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഹ്യുണ്ടായി i20-യില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയൊരുന്നു. നിലവില്‍ 6.86 ലക്ഷം രൂപ മുതലാണ് i20-യുടെ വില തുടങ്ങുന്നത്.

മാരുതി സുസുക്കി ബലേനോ
പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റ് ഭരിക്കുന്ന മാരുതി സുസുക്കി മോഡല്‍ ആണ് ബലേനോ. ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലിന്റെ ചില വേരിയന്റുകളില്‍ ഓട്ടോമാറ്റിക് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വേരിയന്റില്‍ ഈ ഫീച്ചറുകള്‍ ലഭ്യമാണോ എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്. ബലേനോയുടെ ആല്‍ഫാ എജിഎസ് പോലുള്ള ഉയര്‍ന്ന വേരിയന്റുകളില്‍ പോലും ചിലപ്പോള്‍ ഈ സവിശേഷത ഇല്ലാതിരിക്കാം.
ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം മാരുതി സുസുക്കി ബലേനോയുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. നിലവില്‍ ബലേനോയുടെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ ലഭിക്കുന്നു. മാത്രമല്ല അടുത്ത കാലത്താണ് ബലേനോ ഇന്ത്യയുടെ സ്വന്തം ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയത്. നിലവില്‍ 5.99 ലക്ഷം മുതല്‍ 9.10 ലക്ഷം രൂപ വരെയാണ് നിലവില്‍ ഈ കാറിന്റെ എക്സ്ഷോറൂം വില പോകുന്നത്.

ടാറ്റ ആള്‍ട്രോസ്
പട്ടികയിലുള്ള മറ്റൊരു പ്രീമിയം ഹാച്ച്ബാക്കാണ് ടാറ്റ ആള്‍ട്രോസ്. ടാറ്റ മോഡലിന്റെ ചില വേരിയന്റുകളില്‍ റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ ലഭ്യമാണ്. ആള്‍ട്രോസിന്റെ 'ക്രിയേറ്റീവ്' പോലുള്ള വേരിയന്റുകള്‍ ജനോപകാരപ്രദമായ ഫീച്ചറുകള്‍ക്ക് പേരുകേട്ടതാണ്. 6 എയര്‍ബാഗുകള്‍ വരുന്ന ആള്‍ട്രോസ് ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ മോഡല്‍ കൂടിയാണ് പുതിയ ആള്‍ട്രോസ്. നിലവില്‍ 6.30 ലക്ഷം മുതല്‍ 10.51 ലക്ഷം രൂപ വരെയാണ് ആള്‍ട്രോസിന്റെ വില പോകുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








