ഇന്ത്യക്കാർ തിരഞ്ഞെടുത്ത ബെസ്റ്റ് ഹാച്ച്ബാക്കുകൾ; സെഗ്മെൻ്റുകളിൽ ആരാണ് ബെസ്റ്റ്?
2025 ഇന്ത്യയിലെ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഒരു സെഗ്മെൻ്റായിരുന്നു ഹാച്ച്ബാക്കുകളുടേത്. എസ്‌യുവികൾ ശക്തമായ ആധിപത്യം പുലർത്തുമ്പോഴും ഹാച്ച്ബാക്ക് കാറുകൾക്ക് ഇന്നും വലിയ ആരാധകർ ഉണ്ടെന്നതാണ് ഇത് തെളിയിക്കുന്നത്. അതിന്റെ പ്രധാന കാരണം ഇവ നൽകുന്ന ഉയർന്ന പ്രായോഗികതയും താങ്ങാനാവുന്ന വിലയുമാണ്. ഇന്ന് ബജറ്റ് കാർ വാങ്ങുന്നവർക്കും പ്രീമിയം ഫീച്ചറുകൾ തേടുന്നവർക്കും അതുപോലെ തന്നെ പെട്രോൾ കാറുകളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നവർക്കും എല്ലാം അനുയോജ്യമായ ഹാച്ച്ബാക്ക് ഓപ്ഷനുകൾ വിപണിയിൽ ലഭ്യമാണ്. അതിനാൽ ഈ വർഷം ഹിറ്റായ കുറച്ചു മോഡലുകളെ നമുക്ക് പരിചയപെടാം.
ഏറ്റവും മികച്ച ബജറ്റ് ഹാച്ച്ബാക്ക് വിഭാഗത്തിൽ ശ്രദ്ധേയമായിരിക്കുന്നത് മാരുതി സുസുക്കി ആൾട്ടോ K10 ആണ്. ഏകദേശം 3.69 ലക്ഷം രൂപ മുതലാണ് എക്‌സ്ഷോറൂം വില ആരംഭിക്കുന്നത്. കോംപാക്ട് സൈസും ലളിതമായ ഡിസൈനും കാരണം ആൾട്ടോ K10 നഗരത്തിലെ തിരക്കേറിയ റോഡുകളിലും ഇടുങ്ങിയ വഴികളിലും ഓടിക്കാൻ വളരെ എളുപ്പമുള്ള കാർ കൂടിയാണ്. 1.0 ലിറ്റർ K-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് ഈ മോഡലിന് കരുത്ത് നൽകുന്നത്.

എല്ലാത്തിലും ഓൾറൗണ്ടർ ആയി നിൽക്കുന്ന മോഡലാണ് സ്വിഫ്റ്റ്. മികച്ച മൈലേജ്, വിശ്വാസ്യത, കുറഞ്ഞ പരിപാലന ചെലവ് എന്നിവയുടെ സമന്വയം കൊണ്ടാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സ്വിഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വിജയകരമായ ചെറുകാറുകളിൽ ഒന്നായി തുടരുന്നത്. ഈ മോഡലിൻ്റെ വില ആരംഭിക്കുന്നത് 5.78 ലക്ഷം രൂപ മുതലാണ്. ഇതിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), EBD സഹിതമുള്ള ABS എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.
ഈ വർഷം കൂടുതലായും ഫാമികളുടെ സ്നേഹം പിടിച്ചുപറ്റിയിരിക്കുന്നത് മാരുതിയുടെ ബലേനോയാണ്. 5.99 ലക്ഷം മുതൽ 9.10 ലക്ഷം വരെ എക്‌സ്ഷോറൂം വിലയുള്ള ബലേനോ വിലയും സൗകര്യങ്ങളും തമ്മിൽ മികച്ചൊരു ബാലൻസ് നൽകുന്ന കാറാണ്. വിശാലമായ ക്യാബിൻ, മികച്ച റൈഡ് ക്വാളിറ്റി, ശാന്തവും സുഖകരവുമായ ഡ്രൈവിംഗ് അനുഭവം എന്നിവയാണ് കുടുംബ ഉപയോക്താക്കളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഘടകങ്ങൾ.

മികച്ച പ്രീമിയം ഹാച്ച്ബാക്കായി കീരിടം വച്ചിരിക്കുന്നത് ഹ്യുണ്ടായി i20 ആണ്. ആധുനികവും സ്റ്റൈലിഷുമായ ഡിസൈൻ, ഉയർന്ന നിലവാരമുള്ള ഇന്റീരിയർ ഫിനിഷ്, സെഗ്‌മെന്റിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന ഫീച്ചറുകൾ, കൂടാതെ വിശ്വാസ്യതയുള്ളതും ശക്തവുമായ എഞ്ചിൻ ഓപ്ഷനുകളും i20-യെ ഈ വിഭാഗത്തിൽ പ്രത്യേക സ്ഥാനത്ത് എത്തിക്കുന്നു. എഞ്ചിൻ ഓപ്ഷനുകളിൽ സ്റ്റാൻഡേർഡ് മോഡലിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇലക്ട്രിക് കാർ വിപണിയിൽ മുൻനിര ഹാച്ച്ബാക്കായി എത്തുന്നത് ടാറ്റ ടിയാഗോ ഇവിയാണ്. രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ഇലക്ട്രിക് ഹാച്ച്ബാക്കുകളിലൊന്നായ ടിയാഗോ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന സാധാരണ ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത ഒരു പ്രായോഗികവും താങ്ങാനാവുന്നതുമായ ഇവി ആണ്. 7.99 ലക്ഷം ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. 7-ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാല് സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ട്.

അവസാനമായി 2025ലെ മികച്ച പെർഫോമൻസ് വിന്നറായിരിക്കുന്നത് ഫോക്‌സ്‌വാഗണിൻ്റെ ഗോൾഫ് ജിടിഐ മോഡലാണ്. ആഗോളതലത്തിൽ ഹോട്ട് ഹാച്ച് എന്ന പേര് നേടിയ ഈ ഐക്കോണിക് മോഡൽ ഇന്ത്യയിൽ പരിമിതമായ എണ്ണം CBU ആയി മാത്രമാണ് ഫോക്‌സ്‌വാഗൺ അവതരിപ്പിച്ചത്. അതിന്റെ ഫലമായി ലോഞ്ച് ചെയ്തതിന് പിന്നാലെ തന്നെ ഗോൾഫ് ജിടിഐ പൂർണ്ണമായും വിറ്റുതീർന്നു എന്നതാണ്. 50.90 ലക്ഷം രൂപയാണ് ഇതിൻ്റെ എക്സ്ഷോറൂം വില.
വിപണിയിൽ നേരിട്ടുള്ള എതിരാളിയായി മിനി കൂപ്പർ S-നെ ആണ് ഏറ്റുമുട്ടുന്നത്. വില ഉയർന്നതാണെങ്കിലും പ്രകടനം, ബ്രാൻഡ് പൈതൃകം, ഡ്രൈവിംഗ് ഡൈനാമിക്സ് എന്നിവ കണക്കിലെടുത്താൽ ഇത് ഒരു പ്രീമിയം പെർഫോമൻസ് കാർ എന്ന നിലയിലാണ് നിലകൊള്ളുന്നത്. സാധാരണ ഹാച്ച്ബാക്കുകളുടെ പ്രായോഗികതയും സ്പോർട്സ് കാറിന്റെ വേഗതയും ഒരുമിച്ച് നൽകുന്ന ഒരു കാറുകൂടിയാണിത്. കൂടാതെ കരുത്ത് നൽകുന്നത് 2.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനാണ്.


Click it and Unblock the Notifications