പോര്‍ഷ അവതരിപ്പിക്കുന്ന മകാൻ GTS ഇലക്ട്രിക്! സ്‌റ്റൈലിലും പെര്‍ഫോമന്‍സിലും ആളൊരു താരം തന്നെ
ആഡംബര കാറുകള്‍ പുറത്തിറക്കുന്ന ലോകോത്തര ബ്രാന്‍ഡാണ് പോര്‍ഷ. ഈയിടെ ബ്രാന്‍ഡ് ഔദ്യോഗികമായി പുറത്തവിട്ട ഒരു വാര്‍ത്ത വളരെയധികം ജനപ്രീതി നേടിയിരുന്നു. പോര്‍ഷ തങ്ങളുടെ ആദ്യത്തെ ഫുള്‍-ഇലക്ട്രിക് എസ്യുവിയായ പോര്‍ഷ മകാന്‍ GTS ഇലക്ട്രിക് ലോകത്തിന് മുമ്പില്‍ മൂടുപടമഴിച്ച് അവതരിപ്പിച്ചുവെന്ന വാര്‍ത്തയായിരുന്നു അത്. ഇത് പോര്‍ഷയുടെ ആദ്യത്തെ ഇവി എന്നതിലുപരി പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡിന്റെ ആദ്യത്തെ GTS മോഡല്‍ കൂടിയാണ്. ആഡംബര കൊടുമുടിയില്‍ നിറഞ്ഞാടുന്ന പോര്‍ഷക്ക് ഈ ഇലക്ട്രിക് എസ്യുവിയുടെ വരവിലൂടെ ആധിപത്യം ഒന്നുകൂടി തെളിയിക്കാന്‍ സാധിക്കും. പുതിയ പോര്‍ഷ മകാന്‍ GTS മോഡലിന്റെ കൂടുതല്‍ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് നോക്കിയാലോ.
മോഡേണ്‍ സ്‌റ്റൈലിംഗിനെ വെല്ലുന്ന ഒരു ഗംഭീര അത്ലറ്റിക് ലുക്കാണ് മകാന്‍ ജിടിഎസില്‍ നല്‍കിയിരിക്കുന്നത്. കറുത്ത ആക്സന്റുകളുടെയും, സ്പോര്‍ട് ഫ്രണ്ട് ബമ്പറിന്റെയും, ടിന്റഡ് മാട്രിക്‌സ് എല്‍ഇഡി ഹെഡ്ലൈറ്റുകളുടെയും, എയറോഡൈനാമിക് സൈഡ് സ്‌കര്‍ട്ടുകളുടെയും സാന്നിദ്ധ്യം ജിടിഎസിന്റെ എക്‌സ്റ്റീരിയര്‍ പ്രൊഫൈല്‍ ആകര്‍ഷകമാക്കാന്‍ സഹായിക്കുന്നുണ്ട്.

പിന്‍വശത്തായി വരുന്ന സ്‌മോക്ക്ഡ് എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഒരു റിയര്‍ ഡിഫ്യൂസര്‍ എന്നിവയുള്ള സ്ലീക്ക് ലൈറ്റ് ബാര്‍ മകാന്‍ ജിടിഎസിന്റെ ഡിസൈന്‍ ഭംഗി ഒന്നുകൂടി ഉയര്‍ത്തുന്നു. മറ്റ് ഇലക്ട്രിക് എസ്യുവികള്‍ക്ക് കരുത്തുറ്റ ഒരു എതിരാളിയായി മാറാന്‍ പോര്‍ഷെ മകാന്‍ ജിടിഎസിന്റെ ഈ പറഞ്ഞ ഡിസൈനുകള്‍ തന്നെ ധാരാളമാണ്.
ജിടിഎസിന്റെ പുറമെയുള്ള മിനുക്കുപ്പണികള്‍പ്പോലെതന്നെ അകത്തെ അലങ്കാരങ്ങളും ഒന്നിനൊന്ന് മെച്ചമുള്ളതാണ്. ക്യാബിന് ഗംഭീര ആകര്‍ഷണം നല്‍കാനായി റേസ്-ടെക്സ് മൈക്രോഫൈബര്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ പ്രീമിയം മെറ്റീരിയലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അകത്ത് ഡാഷ്ബോര്‍ഡില്‍ കാര്‍ബണ്‍-ഫൈബര്‍ ആക്സന്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ഡ്രൈവര്‍-കേന്ദ്രീകൃത ലേഔട്ട് എന്നിവയും കൂടിയാകുമ്പോള്‍ ജിടിഎസിന്റെ ഇന്റീരിയര്‍ ഒരു സ്പോര്‍ട്ടി ശൈലിയിലേക്ക് മാറുന്നു.

പോര്‍ഷ മകാന്‍ ജിടിഎസിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഏറ്റലും പ്രധാനമായി പറയേണ്ട ഒന്നാണ് അതിന്റെ ഊര്‍ജ്ജ കാര്യക്ഷമത. മുകളില്‍ പറഞ്ഞപ്പോലെ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ഷയുടെ ആദ്യത്തെ ജിടിഎസ് മോഡല്‍ കൂടിയാണിത്. 95 kWh ഹൈ-വോള്‍ട്ടേജ് ലിഥിയം-അയണ്‍ ബാറ്ററിയാണ് ജിടിഎസിന് കരുത്ത് പകരാന്‍ സഹായിക്കുന്നത്. ഇത് 586 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്.
സിറ്റി ഡ്രൈവുകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും അനുയോജ്യമായ മകാന്‍ ജിടിഎസ് 100 കിലോമീറ്ററിന് ഏകദേശം 18.5 മുതല്‍ 20.5 കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഇത് മികച്ച പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്ന യുവതലമുറയെ ജിടിഎസിലേക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന ഘടകമാണ്. കൂടാതെ ഫാസ്റ്റ്-ചാര്‍ജിംഗ് സാങ്കേതികവിദ്യ എടുത്തുപറയേണ്ട ഒന്നാണ്.
ഇത് ഏകദേശം 25-30 മിനിറ്റിനുള്ളില്‍ ബാറ്ററി 5% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഈ സജീകരണം ഡ്രൈവര്‍മ്മാരെയും യാത്രക്കാരെയും ഒട്ടും ബോറടിപ്പിക്കാത്ത യാത്ര സമ്മാനിക്കാന്‍ സഹായിക്കുന്നുണ്ട്. ഈ പറഞ്ഞ നൂതന ഇലകട്രിക് സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ചിരിക്കുന്ന പോര്‍ഷ മകാന്‍ ജിടിഎസ് റോഡിലിറങ്ങിയാല്‍ കണ്ണഞ്ചിക്കുന്ന പെര്‍ഫോമന്‍സ് ആയിരിക്കും കാഴ്ച്ചവെക്കുന്നത്.
ഡ്രൈവറുടെയും യാത്രക്കാരുടെയും സംരക്ഷണത്തിനായി സമഗ്രമായ സുരക്ഷാ സവിശേഷതകളാണ് പോര്‍ഷ മകാന്‍ ജിടിഎസ് ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നത്. അപകടങ്ങള്‍ തടയാന്‍ സഹായിക്കുന്ന ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളുമായാണ് ജിടിഎസ് വരുന്നത്.
കൂടാതെ പാര്‍ക്കിംഗ് എളുപ്പമാക്കുന്നതിനായി ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓപ്ഷണല്‍ 360-ഡിഗ്രി സറൗണ്ട്-വ്യൂ ക്യാമറ എന്നിവയുമുണ്ട്. മാത്രവുമല്ല വാഹനത്തിനുള്ളില്‍ റിയര്‍ സൈഡ്-ഇംപാക്ട് എയര്‍ബാഗുകളും യാത്രക്കാരുടെ സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിന് ശക്തമായ ക്യാബിന്‍ ഘടനയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊത്തത്തില്‍ പറഞ്ഞാല്‍ മികച്ച പ്രകടനം, ഇലക്ട്രിക് സാങ്കേതികവിദ്യ, പ്രീമിയം സുഖസൗകര്യങ്ങള്‍ എന്നിവ പോര്‍ഷയുടെ മകാന്‍ ജിടിഎസ് ഇലക്ട്രിക്കിന് നല്‍കാന്‍ സാധിക്കും.


Click it and Unblock the Notifications








