നെറ്റിപ്പട്ടം കെട്ടി ന്യൂ-ജെൻ ടാറ്റ സിയറ! എഴുന്നള്ളിപ്പിന് അധികനാളില്ലെന്ന് ടാറ്റ മോട്ടോർസ്
ഇന്ത്യൻ എസ്‌യുവി പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ് ടാറ്റ മോട്ടോർസ്. കിടിലൻ പെർഫോമൻസും സാങ്കേതികവിദ്യയും കാഴ്ച്ചവെക്കുന്ന കാറുകൾ വിപണിയിലിറക്കുന്നതിൽ ഇവർ എന്നും പേരുകേട്ടവരാണ്. ഇപ്പോഴിതാ വരും മാസങ്ങളിൽ നിരത്തിലിറക്കാൻ പോകുന്ന ന്യൂ-ജെൻ ടാറ്റ സിയറയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബ്രാൻഡ്. ഇലക്ട്രിക്, ICE-എഞ്ചിൻ വേരിയന്റുകളിൽ വിപണിയിലെത്താൻ പോകുന്ന ഈ എസ്‌യുവി ഇന്ത്യൻ വിപണിയിൽ ഒരു തരംഗം സൃഷ്ടിക്കുമെന്നതിൽ തർക്കങ്ങളൊന്നുമില്ല. ഈ പുത്തൻ എസ്‌യുവിയുടെ കൂടുതൽ വിശേഷങ്ങൾ എന്തെല്ലാമാണെന്ന് നോക്കിയാലോ.
ഗംഭീര മിനുക്കുപണികളിൽ മുങ്ങിയാണ് ടാറ്റ സിയറയുടെ വരവ് എന്നുതന്നെ പറയാം. മുൻവശത്തായി വരുന്ന സ്ലിം എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഫുൾ-വിഡ്ത്ത് ലൈറ്റ് ബാർ, സ്‌പോർട്ടി ഗ്രിൽ എന്നിവയായിരിക്കും എസ്‌യുവിയുടെ പ്രധാന ആകർഷണങ്ങൾ. കൂടാതെ ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ, വലിയ അലോയ് വീലുകൾ എന്നിവ ഉപയോഗിച്ച് വശക്കാഴ്ച്ച അലങ്കരിച്ചിട്ടുമുണ്ട്.

പിന്നിലേക്ക് വന്നാൽ ഫ്ലാറ്റ് ടെയിൽഗേറ്റ്, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, സ്മാർട്ട്-ലുക്കിംഗ് റൂഫ് സ്‌പോയിലർ എന്നിവ ഉൾപ്പെടുത്തിയുള്ള അലങ്കാരങ്ങളാണ് കാണാനാവുക. നിലവിൽ മിഡ്-സൈസ് എസ്‌യുവി വിപണി അരങ്ങുവാഴുന്ന ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി വിക്ടോറിസ് തുടങ്ങിയവയ്ക്ക് വെല്ലുവിളിയാവാൻ സിയറയ്ക്ക് സാധിക്കും.
ഡോറൊന്ന് തുറന്നാൽ കണ്ണ് തള്ളിപ്പോകുന്ന അകത്തളമാണ് ന്യൂ-ജെൻ ടാറ്റ സിയറക്കുള്ളത്. വിശാലമായ ഡിജിറ്റൽ ഡാഷ്‌ബോർഡ്, പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉപയോഗിച്ച് വരാനിരിക്കുന്ന എസ്‌യുവിയുടെ ഇന്റീരിയർ ആഡംബരമാക്കിയിട്ടുണ്ട്. കൂടാതെ സിയറയുടെ വിശാലമായ അകത്തളം ധാരാളം ലെഗ്‌റൂമും ഹെഡ്‌റൂമും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത് മികച്ച യാത്ര അവുഭവം യാത്രക്കാർക്കും ഡ്രൈവർക്കും നൽകാൻ സാഹായിക്കും. മെത്തത്തിൽ പറഞ്ഞാൽ വരും വർഷങ്ങളിൽ ഡിസൈൻ കൊണ്ടും ഇൻ്റീരിയർകൊണ്ടും ടാറ്റയുടെ ഏറ്റവും ആകർഷകമായ എസ്‌യുവികളിൽ ഒന്നായി മാറാൻ ന്യൂ-ജെൻ ടാറ്റ സിയറക്ക് സാധിക്കും. എഞ്ചിൻ പ്രേമികളെയും ഇലക്ട്രിക് വാഹന പ്രേമികളെയും ഒരുപോലെ ആകർഷിക്കാൻ കഴിവുള്ളവനായിരിക്കും ഇത്.
സിയറയുടെ ഇലക്ട്രിക് പതിപ്പിൻ്റെ കാര്യത്തിലാണെങ്കിൽ ഒറ്റ ചാർജിൽ ഏകദേശം 400 മുതൽ 500 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ ഹാരിയറിലും സഫാരിയിലും ഉപയോഗിച്ചതിന് സമാനമായി 1.5 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായായിരുക്കും സിയറ വരുന്നത്.
68 bhp കരുത്തും 280 Nm ടോർക്കും ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പെട്രോൾ പതിപ്പ് ഏകദേശം 16 മുതൽ 18 കിലോമീറ്റർ/ലിറ്റർ വരെ മൈലേജ് നൽകിയേക്കാം. അതേസമയം ഏകദേശം 170 bhp കരുത്തും 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഡീസൽ വേരിയന്റ് ഡ്രൈവിംഗ് സാഹചര്യങ്ങളെയും ട്രാൻസ്മിഷനുകളെയും ആശ്രയിച്ച് ഏകദേശം 15 മുതൽ 18 കിലോമീറ്റർ/ലിറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്തേക്കാം.
ടാറ്റ മോട്ടോർസിന്റെ എല്ലാ വാഹനങ്ങളെയും പോലെ വരാനിരിക്കുന്ന ന്യൂ-ജെൻ ടാറ്റ സിയറയിലും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചകൾ ഉണ്ടാകില്ലെന്ന് പറയാം. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഹോൾഡ്, ഹിൽ-ഡിസെന്റ് അസിസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
കൂടാതെ ടയർ പ്രഷർ മോണിറ്ററിംഗ് (TPMS), ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ശക്തമായ LED ലൈറ്റിംഗ് എന്നിവ പോലുള്ള അധിക സുരക്ഷാ സഹായങ്ങളും പുത്തൻ ടാറ്റ സിയറയിൽ ഒരുക്കിയിട്ടുണ്ട്. ഈ പറഞ്ഞ സവിശേഷതകളെല്ലാം കോർത്തിണക്കിവരുന്ന പുത്തൻ സിയറ എല്ലാ തലമുറകൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കിടിലൽ എസ്‌യുവിയാവുമെന്നാണ് അനുമാനം.


Click it and Unblock the Notifications








