KSRTC ഇതൊക്കെ അറിയുന്നുണ്ടോ! 53 പേർക്ക് സീറ്റിങ്ങ് കപ്പാസിറ്റിയുളള പുത്തൻ ഷാസിയുമായി ഭാരത് ബെൻസ്
ഇൻ്റർസിറ്റി യാത്രകൾക്ക് വേണ്ടി ഭാരത്ബെൻസ് പുതിയ 19.5 ടൺ 'BB1924' ബസ് ഷാസി അവതരിപ്പിച്ചിരിക്കുകയാണ്. ഡൈംലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസിന്റെ (DICV) ഈ മോഡലിന് 19,500 കിലോഗ്രാം ആണ് വാഹനത്തിൻ്റെ മൊത്തത്തിലുളള ഭാരം. മികച്ച സീറ്റിങ്ങും യാത്രാശേഷിയും അതോടൊപ്പം തന്നെ സുരക്ഷയും കുറഞ്ഞ മെയിൻ്റെനൻസും ലക്ഷ്യമിട്ടാണ് ഭാരത് ബെൻസ് തങ്ങളുടെ പുതിയ ഷാസി ഡിസൈൻ ചെയ്തിരിക്കുന്നത്. 51+1+1 സീറ്റുകൾ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള BB1924, കൂടുതൽ ഭാരം വഹിക്കാനുമുള്ള കഴിവോടുകൂടിയാണ് എത്തിയിരിക്കുന്നത്. OM926 6-സിലിണ്ടർ ബിഎസ്6 ഒബിഡി-II ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
241 bhp പരമാവധി പവറും 850 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ ഷാസിയിൽ, ഹൈവേ യാത്രകൾക്കായി രൂപകൽപ്പന ചെയ്ത 6-സ്പീഡ് സിൻക്രോമെഷ് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. 380 ലിറ്റർ ഡീസൽ ടാങ്കുള്ള ഈ ബസിന് ഒരു തവണ ഇന്ധനം നിറച്ചാൽ 1,300 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

മുംബൈ-പുണെ, ഡെൽഹി-ജയ്പൂർ, ചെന്നൈ-ബെംഗളൂരു പോലുള്ള ദീർഘദൂര റൂട്ടുകളിൽ നടത്തുന്ന സർവീസുകളിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള സമയം കുറയ്ക്കാൻ ഇത് സഹായിക്കും. BB1924 ഇതിനകം ഫീൽഡ് ടെസ്റ്റുകൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഷാസിക്ക് 10-15 വർഷം സർവീസ് ആയുസ്സ് ഭാരത്ബെൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
സർവീസ് ഇടവേളകൾ ദീർഘിപ്പിച്ച് (ആദ്യ സർവീസ് 60,000 കി.മീറ്ററിൽ, തുടർന്ന് ഓരോ 1,20,000 കി.മീറ്ററിലും) എന്ന രീതിയിലാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.
ഹെവി-ഡ്യൂട്ടി പ്ലാറ്റ്‌ഫോമിന് ഇരുവശത്തും ന്യൂമാറ്റിക് സസ്പെൻഷനും ആന്റി-റോൾ ബാറുകളും ഉൾപ്പെടുന്നു. 255 x 73.3 x 7 മില്ലിമീറ്റർ അളവിലുള്ള ഉയർന്ന കരുത്തുള്ള സ്റ്റീൽ ഫ്രെയിമാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. ഇത് ബസിന് മികച്ച ബലവും യാത്രക്കാർക്ക് സുഖകരമായ യാത്രാനുഭവവും ഉറപ്പാക്കുന്നു.

സുരക്ഷയിലേക്ക് നോക്കിയാൽ ക്രൂയിസ് കൺട്രോൾ, ബ്രേക്ക്-ഹോൾഡ് അസിസ്റ്റ് എന്നിവ BB1924-ലുണ്ട്. EBD-യോടുകൂടിയ എബിഎസ്, ഇലക്ട്രോണിക് വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (EVSC), 5-ഘട്ട ഇലക്ട്രോമാഗ്നറ്റിക് റിട്ടാർഡർ എന്നിവ ബ്രേക്ക് തേയ്മാനം 40% വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് ഭാരത്ബെൻസ് അവകാശപ്പെടുന്നു. മികച്ച റോഡ് ഗ്രിപ്പിനായി ഫാക്ടറിയിൽ ഘടിപ്പിച്ച മിഷലിൻ 295/80 22.5 ഇഞ്ച് റേഡിയൽ ട്യൂബ്‌ലെസ് ടയറുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഡ്രൈവർക്ക് ആവശ്യമായ വിവരങ്ങൾ ടിഎഫ്ടി ഡിസ്പ്ലേയിലൂടെ ലഭ്യമാകും. മോഡേൺ സോഫ്റ്റ്‌വെയർ അധിഷ്ഠിത ടെലിമാറ്റിക്സ് ഉപയോഗിച്ചുള്ള ഡ്രൈവർ പരിശീലനവും, തകരാറുകൾ മുൻകൂട്ടി കണ്ടെത്താനുള്ള സംവിധാനവും ഭാരത്ബെൻസ് വാഗ്ദാനം ചെയ്യുന്നു. ബ്രാൻഡിൻ്റെ ഇത്തരം സംവിധാനങ്ങളിലൂടെ ഡ്രൈവറിൻ്റെ തലവേദന കുറയ്ക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
രാജ്യത്തുടനീളമുള്ള 398 അംഗീകൃത വിൽപനശാലകൾ വഴി BB1924 ഷാസി ലഭ്യമാണ്. ചെറുകിട, ഇടത്തരം ബസ് ഓപ്പറേറ്റർമാർക്ക് ഇത് എളുപ്പത്തിൽ സ്വന്തമാക്കാൻ 15-ലധികം ബാങ്കുകളുമായും എൻബിഎഫ്‌സികളുമായും ഭാരത്ബെൻസ് സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. 8.5 ശതമാനം മുതൽ പലിശ നിരക്കിൽ അഞ്ച് വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള ഇഎംഐ പ്ലാനുകളും ഇതിലൂടെ ലഭ്യമാകും.
ഓരോ BB1924 മോഡലിനും 6 വർഷം അല്ലെങ്കിൽ 6 ലക്ഷം കിലോമീറ്റർ പവർട്രെയിൻ വാറന്റിയും, അതേ കാലാവധിയിലേക്കുള്ള ഓപ്ഷണൽ വാർഷിക മെയിന്റനൻസ് കരാറും (AMC) ലഭ്യമാണ്. 92 ശതമാനം പ്രാദേശിക ഉൽപാദനവും, രാജ്യവ്യാപകമായ വിതരണ ശൃംഖല വഴി 24-48 മണിക്കൂറിനുള്ളിൽ 95 ശതമാനത്തോളം സ്പെയർപാർട്സുകളുടെ ലഭ്യതയും ഭാരത്ബെൻസ് ഉറപ്പാക്കുന്നു.


Click it and Unblock the Notifications








