ആഡംബര കാറുകൾ വിറ്റ് കാശ് വാരി ബിഎംഡബ്ല്യു, റെക്കോർഡ് വിൽപ്പനയുമായി ബെൻസിനെ വരെ വിറപ്പിച്ചു
ആഡംബര കാറുകളുടെ (Luxury Cars) സുൽത്താനാണ് മെർസിഡീസ് ബെൻസ് (Mercedes Benz) എങ്കിൽ സുൽത്താന്റെ രാജ്യം വെട്ടിപ്പിടിക്കാൻ എത്തിയ മിടുക്കൻമാരാണ് ജർമൻ ബ്രാൻഡ് തന്നെയായ ബിഎംഡബ്ല്യു (BMW). നിലവിൽ രണ്ട് കമ്പനികളും തമ്മിൽ കടുത്ത മത്സരം നടക്കുമ്പോൾ ലക്ഷ്വറി വിഭാഗത്തിൽ മിന്നിത്തിളങ്ങിനിൽക്കുന്നത് ആരാണെന്ന് നിങ്ങൾക്കറിയാമോ. മികച്ച പെർഫോമൻസും കിടിലൻ ഫീച്ചറുകളും ഇണച്ചേർന്ന കിടിലൻ കാറുകൾ വിപണിയിലിറക്കുന്ന ബിഎംഡബ്ല്യു ഗ്രൂപ്പാണ്. ഇന്ത്യൻ വിപണിയിൽ റെക്കോർഡ് ഭേദിക്കുന്ന വിൽപ്പന കൈവരിച്ചുകൊണ്ടാണ് കമ്പനി ഇപ്പോൾ തലയുയർത്തിനിൽക്കുന്നത്. ഈ വാർത്തയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ തുടർന്ന് വായിക്കാം.
ഈ വർഷം ബിഎംഡബ്ല്യു ഗ്രൂപ്പിന് ഒരു പ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണിപ്പോൾ. വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ എക്കാലത്തെയും മികച്ച വിൽപ്പന റെക്കോർഡാണ് ബിഎംഡബ്ല്യു കൈവരിച്ചിരിക്കുന്നത്. 2025 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ബിഎംഡബ്ല്യു ഇന്ത്യയിൽ 11,978 കാറുകളാണ് വിറ്റഴിച്ചത്. ഇതുകൊണ്ടുതന്നെ ലക്ഷ്വറി വാഹന വിഭാഗത്തിൽ മറ്റു ബ്രാൻ്റുകൾക്ക് ഒരു പ്രധാന വെല്ലുവിളിയായി ബിഎംഡബ്ല്യു കുതിച്ചുപായുകയാണ്.

കഴിഞ്ഞവർഷത്തെ വിൽപ്പനയെ അപേക്ഷിച്ച് നോക്കുമ്പാൾ 13 ശതമാനത്തിന്റെ വർദ്ധനവിൻ്റെ നിറവിലാണിപ്പോൾ കമ്പനി. ഉപഭോക്താക്കളുടെ മനസ്സ് നിറക്കാനും അവരെ സംതൃപ്തിയിലാഴ്ത്താനും തങ്ങളുടെ പുത്തൻ കാറുകൾക്കും ബൈക്കുകൾക്കും കഴിയുന്നുണ്ടെന്നാണ് ബിഎംഡബ്ല്യു ഈ വിജയത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നത്. അതിനാൽ തന്നെയാണ് ഏവരുടെയും ഇഷ്ട ബ്രാൻ്റായി ബിഎംഡബ്ല്യു കാലങ്ങളായി പിടിച്ചുനിൽക്കുന്നതും.
2025 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 11,978 കാറുകളാണ് വിറ്റഴിച്ചതെങ്കിൽ ബിഎംഡബ്ല്യു മോട്ടോറാഡും ഇതേ കാലയളവിൽ 3,976 മോട്ടോർസൈക്കിളുകളും വിറ്റഴിച്ചിട്ടുണ്ട്. കാറുകളിൽ 11,510 ബിഎംഡബ്ല്യുകളാണുള്ളത്. മികച്ച പ്രായോഗികതക്കൊപ്പം മികച്ച ഡിസൈൻ, ഇൻ്റീരിയർ, ഇന്ധനക്ഷമത, സുരക്ഷ എന്നിവ വാഗ്ദാനം ചെയ്യുന്നതിനാലാണ് ബിഎംഡബ്ല്യു ഏവർക്കും പ്രിയപ്പെട്ടതായി മാറിയത്.
ബിഎംഡബ്ല്യുവിനോടൊപ്പം കമ്പനിയുടെ മറ്റൊരു ലക്ഷ്വറി ബ്രാൻഡായ മിനി 297 യൂണിറ്റുകൾ സംഭാവന ചെയ്‌ത് കട്ട സപ്പോർട്ടിനുണ്ട്. കൂടാതെ 2,509 ഇലക്ട്രിക് വാഹനങ്ങളും ബ്രാൻഡ് വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ ഒന്നാമതായി നിൽക്കുന്നത് ബിഎംഡബ്ല്യു iX1 ആണ്. രണ്ടാം സ്ഥാനം i7 തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടുന്നു. ഇന്ത്യയിലെ മൊത്തം ബിഎംഡബ്ല്യു വിൽപ്പനയുടെ 21 ശതമാനവും ഇപ്പോൾ ഇവികളുടെ പക്കലാണ്.
കൂടാതെ ബിഎംഡബ്ല്യുവിന്റെ ലോംഗ്-വീൽബേസ് സെഡാനുകളിലും മികച്ച വിൽപ്പന ഉണ്ടായി. 3 സീരീസ് LWB, 5 സീരീസ്, X1, X7 പോലുള്ള സ്പോർട്സ് ആക്ടിവിറ്റി വെഹിക്കിൾസും ശക്തമായ ഡിമാൻഡാണ് ഇന്ത്യയിൽ നിന്നും നേടിയെടുക്കുന്നത്. ക്ലാസ്-ലീഡിംഗ് റിയർ സീറ്റ് സ്പേസും, പെട്രോൾ എഞ്ചിൻ പെർഫോമൻസും ഉപയോഗിച്ചാണ് 3 സീരീസ് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത്.
അതേസമയം 7 സീരീസ് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാജിച്ച ഫ്ലാഗ്ഷിപ്പ് ആഡംബര ലിമോ ആയി തുടരുന്നു. ഈ പറഞ്ഞ മൊത്തം വിൽപ്പനയുടെ ഏകദേശം 60 ശതമാനം എസ്‌യുവികൾ മാത്രമാണ് വഹിക്കുന്നത്. ബിഎംഡബ്ല്യുവിൻ്റെ എസ്‌യുവി നിര 7,040 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ടാണ് റെക്കോർഡ് സൃഷ്ടിച്ചത്. കഴിഞ്ഞവർഷത്തെ വെച്ച് നോക്കുമ്പാൾ 19 ശതമാനം വർദ്ധനവാണ് ഇതിൽ ഉണ്ടായിട്ടുള്ളത്.
എസ്‌യുവി വിഭാഗത്തിൽ 30 ശതമാനത്തിലധികം വിൽപ്പന വിഹിതം നേടി വിറ്റഴിക്കപ്പെട്ടത് എക്സ് 1 മോഡൽ ആണ്. തങ്ങാവുന്ന വിലനിർണ്ണയം, മെച്ചപ്പെട്ട ധനസഹായ ഓപ്ഷനുകൾ, ഉത്സവസീസണുകൾ എന്നിവയ്‌ക്കൊപ്പം ജിഎസ്ടി 2.0 പരിഷ്കാരങ്ങളും ആയതോടെയാണ് ഉപഭോക്താക്കളുടെ നമ്പർ വൺ ചോയ്സായി ബിഎംഡബ്ല്യു മാറുകയായിരുന്നു. അങ്ങനെ മുമ്പെങ്ങുമില്ലാത്ത നേട്ടങ്ങൾ കൊയ്‌ത് കമ്പനി തകർക്കുകയാണ്.


Click it and Unblock the Notifications








