2026-ൽ ബിഎംഡബ്ല്യു പുതിയ M440i കൺവെർട്ടിബിൾ പുറത്തിറക്കും; ഇനി കാറ്റും കൊണ്ടങ്ങനെ ട്രിപ്പ് പോകാം
ജർമ്മനിയിൽ നിന്നെത്തിയ പ്രമുഖ വാഹന നിർമ്മാതാക്കളാണ് ബിഎംഡബ്ലു. പെർഫോമൻസിൻ്റെയും ആധുനിക സാങ്കേതികവിദ്യകളുടെയും പ്രീമിയം ഡിസൈനിൻ്റെയുമെല്ലാം പ്രതീകമായി അറിയപ്പെടാൻ ഇവരുടെ വാഹനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ബ്രാൻഡ് ഇന്ത്യൻ വിപണിയിലേക്ക് ഒരു പുത്തൻ മോഡൽ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ വലിയ ആവേശമായി മാറിയ പുതിയ ബിഎംഡബ്ല്യു M440i കൺവെർട്ടിബിളാണ് വാഹനപ്രേമികൾക്കായി കാത്തിരിക്കുന്നത്. മാത്രവുമല്ല തങ്ങളുടെ ഇന്ത്യൻ ആധിപത്യം ഒന്നുകൂടി പുഷിടിപ്പെടുത്തുക എന്നതുകൂടിയാണ് ഈ ലോഞ്ച് വഴി കമ്പനി ലക്ഷ്യമിടുന്നത്. മോഡലിൻ്റെ വിശദാംശങ്ങളെ കുറിച്ച് കൂടുതൽ അറിയാനായി തുടർന്ന് വായിക്കാം.
അടുത്ത വർഷമായിരിക്കും M440i കൺവെർട്ടിബിൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത് എന്ന് മോട്ടോർവൈസാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്ന ബിഎംഡബ്ലു Z4 ആഗോളതലത്തിൽ നിർമാണം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനാൽ ഒരു പിൻഗാമി എന്നോണമാണ് പുതിയ മോഡൽ കൊണ്ടുവരുന്നത്. ശക്തമായ 3.0-ലിറ്റർ ടർബോ എഞ്ചിൻ, ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം, ആധുനിക സാങ്കേതികവിദ്യകൾ, ലക്ഷ്വറി ഇൻറീരിയർ എന്നിവയുമായി വരുന്ന ഈ മോഡൽ സ്പോർട്സ് കാർ അനുഭവം ഇഷ്ടപ്പെടുന്ന ഇന്ത്യൻ ഉപഭോക്താക്കളെ ശക്തമായി ആകർഷിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

Z4 അവസാനിക്കുന്നതിന് ശേഷമുള്ള ഒഴിവ് നികത്താനും ഇന്ത്യയിലെ പ്രകടനാധിഷ്ഠിത കൺവെർട്ടിബിള്‍ വിപണിയിൽ ബ്രാൻഡിൻ്റെ നിലപാട് ശക്തമാക്കാനും ഈ പുതിയ മോഡൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതായിരിക്കും. ബിഎംഡബ്ലു 4 സീരീസ് കൂപ്പെയെ അടിസ്ഥാനമാക്കിയാണ് M440i കൺവെർട്ടിബിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ കാറിന്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗ് കൂപ്പെയുമായി വളരെ സാമ്യമുണ്ടാകുന്നതായിരിക്കും. എന്നാൽ ഇവ രണ്ടിനും തമ്മിലുള്ള പ്രധാന വ്യത്യാസം മടക്കാവുന്ന സോഫ്റ്റ്-ടോപ്പ് മേൽക്കൂരയാണ്.
ഈ തുണികൊണ്ടുള്ള മേൽക്കൂര വെറും 18 സെക്കൻഡ് കൊണ്ടു തുറക്കുകയും അടക്കുകയും ചെയ്യാം. അതിനാൽ ട്രാഫിക്കിലും ഹൈവേയിലും സുഖമായി റൂഫ് ഓപ്പൺ-ക്ലോസ് ചെയ്യാനാകും. മുൻഭാഗത്തായി ബ്രാൻഡിൻ്റെ പ്രത്യേകതയായ വലിയ ഗ്രില്ലുകൾ, അതിനുപുറമേ ഡയഗണൽ രൂപത്തിലുള്ള ഡിആർഎൽ സിഗ്നേച്ചറുകളുള്ള സ്ലിം എൽഇഡി ഹെഡ്ലൈറ്റുകൾ എന്നിവ നൽകിയിരിക്കുന്നു. കൂടാതെ ബമ്പറിന്റെ ഇരുവശത്തുമുള്ള വലിയ എയർ ഇൻടേക്കുകൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ രൂപകൽപ്പന കാറിന് കൂടുതൽ ഒരു സ്പോർട്ടി ഒരു ലുക്ക് നൽകുന്നുണ്ട്. കൂടാതെ എയർ ഇൻടേക്കുകൾ എൻജിന് കൂടുതൽ തണുപ്പ് ലഭിക്കാൻ സഹായിക്കുന്നതിനാൽ പ്രകടനവും മെച്ചപ്പെടുത്തുന്നു. സൈഡ് പ്രൊഫൈലിൻ്റെ ഭംഗി കൂടുതൽ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാറിൽ ലഭിക്കുന്ന 19-ഇഞ്ച് അലോയ് വീലുകൾ റോഡിൽ ശക്തമായ നിലപാട് നൽകുന്നവയാണ്. കൂടാതെ സൈഡിൽ കാണുന്ന M ബാഡ്ജിംഗ് കാറിന്റെ പ്രകടനാധിഷ്ഠിത സ്വഭാവം എടുത്തു കാണിക്കുകയും ചെയ്യുന്നു.
മുൻസീറ്റുകൾക്ക് പിന്നിൽ നൽകിയിരിക്കുന്ന വിൻഡ് ഡിഫ്ലെക്ടർ ഓപ്പൺ-റൂഫ് ഡ്രൈവിംഗിനിടെ കാറ്റിന്റെ ശബ്ദവും ബഫറ്റിംഗും കുറക്കുന്നു. ഇതുവഴി ഉയർന്ന വേഗതയിൽ പോലും യാത്രക്കാരന് കൂടുതൽ സുഖകരമായ യാത്രാ അനുഭവം ലഭിക്കും. കാറിന്റെ പിൻഭാഗത്തെ ഡിസൈനും സമാനമായ രീതിയിൽ ആകർഷകമാണ്. സ്ലീക്ക് രൂപത്തിലുള്ള എൽഇഡി ടെയിൽ-ലാമ്പുകൾ കാറിന് ഒരു മോഡേൺ ലുക്ക് നൽകുന്നു. അതോടൊപ്പം ഇന്റഗ്രേറ്റഡ് ബൂട്ട്ലിഡ് സ്പോയിലർ ഹൈവേ വേഗതയിൽ മെച്ചപ്പെട്ട എയർഫ്ലോയും സ്ഥിരതയും നൽകാൻ സഹായിക്കും.

കൂടാതെ അടിഭാഗത്ത് നൽകിയിരിക്കുന്ന മസ്കുലാർ റിയർ ഡിഫ്യൂസർ കാറിന്റെ സ്പോർട്ടി സ്വഭാവം കൂടുതൽ ഉയർത്തി കാണിക്കുകയും എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇന്റീരിയർ നാല് പേർക്ക് സുഖമായി ഇരിക്കാൻ പറ്റുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാറിന് വൃത്തിയുള്ളതും അനാവശ്യ ബട്ടണുകളില്ലാത്തതുമായ ഒരു മിനിമലിസ്റ്റിക് ഡാഷ്ബോർഡ് ഡിസൈനാണ് നൽകിയിരിക്കുന്നത്. മറ്റൊരു ആകർഷണം ഡ്രൈവർ ഭാഗത്ത് നിന്ന് അല്പം വളഞ്ഞ രൂപത്തിലുള്ള 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻനും അതിന് ചേർന്നിരിക്കുന്ന ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുമാണ്.
ഫീച്ചറുകളിലേക്ക് വരുമ്പോൾ 12-സ്പീക്കർ ഹാർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഫോണിനായി വയർലെസ് ചാർജിംഗ് പാഡ്, സ്പീഡും നാവിഗേഷനും നേരിട്ട് കാണാൻ സഹായിക്കുന്ന ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, കൂടാതെ സുരക്ഷയ്ക്കായി ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ എല്ലാം ഇതിൽ ഉൾക്കൊള്ളുന്നു. അതിനൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്യാബിൻ ആകർഷകമാക്കുന്ന ആംബിയന്റ് ലൈറ്റിംഗ്, മെച്ചപ്പെട്ട മെറ്റീരിയൽ ക്വാളിറ്റി എന്നിവയും ഇന്റീരിയറിന് കൂടുതൽ ഭംഗി നൽകുന്നുണ്ട്.


Click it and Unblock the Notifications








