കൂടുതൽ പവർഫുൾ ആകാൻ BMW X3; അടുത്ത വർഷം എത്താൻ പോകുന്നത് കരുത്തുള്ള പെട്രോൾ വേർഷൻ
ലക്ഷ്വറി കാറുകളുടെ ലോകത്ത് പേരും പ്രശസ്തിയുമുള്ള വാഹന നിർമ്മാതാക്കളിൽ ഒരാളാണ് ബിഎംഡബ്യു. ശക്തമായ എഞ്ചിനും, മികച്ച നിയന്ത്രണവും, പ്രീമിയം ഗുണനിലവാരവും, പുതിയ സാങ്കേതിക വിദ്യകളുമെല്ലാം കോർത്തിണക്കിയ വാഹനങ്ങൾ സമ്മാനിക്കുന്നതിനാലാണ് ബ്രാൻഡിനെ ആളുകൾ ഇഷ്ടപ്പെടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മോഡലുകളിൽ ഒന്നാണ് X3. മിഡ്-സൈസ് ലക്ഷ്വറി എസ്‌യുവി സെഗ്മെൻ്റിലെ മിന്നുംതാരം എന്നൊക്കെ വേണമെങ്കിൽ പറയാം. മികച്ച ഡ്രൈവിംഗ് അവുഭവം നൽകുന്നതിനാൽ ഈ മോഡലിനെ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകളും ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഇപ്പോൾ ഈ ജനപ്രിയ എസ്‌യുവിയുടെ പെട്രോൾ വേർഷനിൽ ഒരു വലിയ അപ്ഗ്രേഡ് കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനി.
ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ ബിഎംഡബ്യു X3-യുടെ പെട്രോൾ മോഡലിൽ 190 bhp ശേഷിയുള്ള 2.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ ദിനംപ്രതി ഉപയോഗത്തിന് മതിയാവുമെങ്കിലും മെർസിഡീസ് ബെൻസ് GLC 300, ഔഡി Q5 പോലുള്ള എതിരാളികളേക്കാൾ പിന്നിലാണെന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടിരുന്നു. ഈ കുറവ് പരിഹരിക്കാനാണ് ബിഎംഡബ്യു 2026-ൽ കൂടുതൽ ശക്തിയുള്ള xDrive30 പെട്രോൾ വേർഷൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ഇതിലും അതേ 2.0-ലിറ്റർ എഞ്ചിനാണ് ഉപയോഗിക്കുന്നതെങ്കിലും കൂടുതൽ പ്രകടനക്ഷമമാക്കാൻ ബിഎംഡബ്യു പ്രത്യേകമായി ട്യൂൺ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ വേർഷൻ 258 bhp പവറും 400 Nm ടോർക്കും നൽകുന്നതായിരിക്കും. അതിനാൽ ഇത് ഇപ്പോഴത്തെ മോഡലിനെക്കാൾ വളരെ ശക്തമാണ്. മാത്രവുമല്ല പുതിയ വേർഷനിൽ ബിഎംഡബ്യു 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ചേർക്കുന്നതായിരിക്കും. ഈ സിസ്റ്റം സ്റ്റാർട്ടപ്പിനും പെട്ടെന്നുള്ള ആക്സിലറേഷനും സഹായിക്കും.
കൂടാതെ ആവശ്യം വരുന്ന സമയങ്ങളിൽ ഈ ഹൈബ്രിഡ് സിസ്റ്റം അധിക 11 bhp പവറും 25Nm ടോർക്കും നൽകും. ഇതോടെ X3 കൂടുതൽ സ്മൂത്തും അതോടൊപ്പം സിറ്റിയിലും ഹൈവേയിലും കൂടുതൽ കാര്യക്ഷമമായി വാഹനം ഓടിക്കാനും സാധിക്കുന്നതാണ്. പെർഫോമൻസ് ശേഷിയുടെ കൂടെ ബിഎംഡബ്യുവിൻ്റെ സുപ്രസിദ്ധമായ xDrive ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും തുടരും. ഇത് X3-യുടെ ഡ്രൈവിംഗിൽ സ്ഥിരതയും സുരക്ഷയും വളരെ മെച്ചപ്പെടും.

പവർട്രെയിനിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾക്കൊപ്പം കാറിൻ്റെ ഇന്റീരിയറിലും ചില പ്രധാനപ്പെട്ട പുതുക്കലുകൾ വരുത്തുന്നുണ്ടെന്നാണ് സൂചന. ഇപ്പോഴത്തെ മോഡലിൽ ഉപയോഗിച്ചിരിക്കുന്ന ഡാഷ്ബോർഡ് മെറ്റീരിയൽ പരിസ്ഥിതി സൗഹൃദമാണെങ്കിലും ഉപഭോക്താക്കൾക്ക് അത് അത്ര പ്രീമിയം അനുഭവം നൽകുന്നില്ലെന്ന അഭിപ്രായം ഉണ്ടായിരുന്നു. ബ്രാൻഡ് ഇത് ഗൗരവമായി പരിഗണിച്ച് പുതിയ മോഡലിൽ കൂടുതൽ സമ്പന്നവും ഉയർന്ന ഗുണമേന്മയുമുള്ള ലെതറേറ്റ് ഫിനിഷ് ഡാഷ്ബോർഡിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്.
ഈ മാറ്റം ക്യാബിൻ്റെ ദൃശ്യഭംഗിയും സ്പർശാനുഭവവും ഒരുപോലെ മെച്ചപ്പെടുത്തും. മാത്രവുമല്ല പുതിയ ലെതറേറ്റ് മെറ്റീരിയൽ ഉപയോഗിക്കുന്നതുവഴി X3-യുടെ ഇൻ്റീരിയർ ലുക്കിന് ഒരു ആഡംബര എസ്‌യുവിയുടെ തോന്നൽ ഉണ്ടാക്കുകയും ചെയ്യും. കൂടാതെ സീറ്റുകൾ, ഡോർ പാനലുകൾ, സെന്റർ കോൺസോൾ എന്നിവയിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകൾക്കും മാറ്റങ്ങൾ വരുത്തുന്നതായിരിക്കും. അതിനൊപ്പം ഇൻഫോട്ടെയിൻമെന്റ് സിസ്റ്റത്തിന് ചെറിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളും കൂടുതൽ മെച്ചപ്പെടുത്തിയ UI ആനിമേഷനുകളും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

സുരക്ഷയുടെ കാര്യത്തിലും നിലവിലെ മോഡലിലെപോലെ തന്നെ വലിയ പ്രാധാന്യം നൽകുന്നുണ്ട്. മാറ്റങ്ങൾ ഒന്നുംതന്നെയില്ലെങ്കിലും അപകടം സംഭവിക്കുമ്പോൾ ആഘാതം കുറയ്ക്കാൻ ശക്തമായ മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിച്ച ബോഡിയാണ് ഇതിലുള്ളത്. യാത്രക്കാരെ സംരക്ഷിക്കുന്നതിനായി മുന്നിലും വശങ്ങളിലുമായി ആറ് എയർബാഗുകൾ നൽകിയിട്ടുണ്ട്. കൂടാതെ ABS, EBD, ട്രാക്ഷൻ കൺട്രോൾ, സ്റ്റബിലിറ്റി കൺട്രോൾ പോലെയുള്ള സ്മാർട്ട് ബ്രേക്കിംഗ് സംവിധാനങ്ങൾ വാഹനത്തെ എപ്പോഴും സ്ഥിരതയോടെയും നിയന്ത്രണത്തോടെയും മുന്നോട്ട് നയിക്കും.
അതിനോടൊപ്പം ബ്രേക്ക് അമർത്തുമ്പോൾ വാഹനം സ്കിഡ് ചെയ്യാതിരിക്കാൻ കോർണറിംഗ് ബ്രേക്ക് കൺട്രോൾ സഹായിക്കുന്നതാണ്. ടയറിന്റെ പ്രഷർ കുറയുന്നുവോ പഞ്ചറായോ എന്ന് അറിയിക്കുന്ന TPMS സംവിധാനവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല കുട്ടികളോടൊപ്പം യാത്ര ചെയ്യുന്നവർക്കായി ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകളും നൽകിയിട്ടുണ്ട്. ഇവയെല്ലാം ചോർന്ന് വരുന്ന X3 അടുത്ത വർഷം പുതിയ അപ്ഗ്രേഡുകളുമായി എത്തിയാൽ എസ്‌യുവി സെഗ്മെൻ്റിലെ മത്സരത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാകുമെന്നത് ഉറപ്പാണ്.


Click it and Unblock the Notifications








