ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും! ചൈനയോട് സലാം പറയാം, ബാറ്ററി 'ചീപ്പാക്കുന്ന' പ്രഖ്യാപനവുമായി സര്‍ക്കാര്‍
മൂന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ രണ്ടാമത്തെ പൂര്‍ണ ബജറ്റില്‍ സാധാരണക്കാരായ ജനങ്ങള്‍ ഒത്തിരി പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്നു. ഇന്‍കം ടാക്‌സില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ അടക്കം ചില വമ്പന്‍ പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നിമല സീതാരാമന്‍ ബജറ്റില്‍ നടത്തി. പ്രതീക്ഷിച്ച പോലെ തന്നെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, അവയുടെ വില്‍പ്പന കൂട്ടാന്‍ സഹായിക്കുന്ന ചില തീരുമാനങ്ങളും ബജറ്റിലുണ്ടായിരുന്നു. സര്‍ക്കാറിന്റെ പ്രധാന ശ്രദ്ധ ഇനി സോളാര്‍ എനര്‍ജി ഇവി ബാറ്ററികള്‍ എന്നിവയിലായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത കാലത്തായി ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നയങ്ങളുടെ തുടര്‍ച്ചയാണിത്.
ഇവികളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറച്ചുകൊണ്ട് അവ കൂടുതല്‍ വിലകുറഞ്ഞതാക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. ലിഥിയം ബാറ്ററികളുടെയും അനുബന്ധ മേഖലകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 2025-26 കേന്ദ്ര ബജറ്റ് കാര്യമായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങളും (ഇവി) ഇലക്ട്രോണിക്സും കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുക എന്നിവയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

കൊബാള്‍ട്ട്, ലിഥിയം-അയണ്‍ ബാറ്ററി സ്‌ക്രാപ്പ്, ലെഡ്, സിങ്ക്, മറ്റ് 12 നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ അവശ്യ വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) സര്‍ക്കാര്‍ എടുത്തുകളഞ്ഞതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന്. ഈ സാമഗ്രികള്‍ ബാറ്ററി, അര്‍ധചാലകങ്ങള്‍, റിന്യൂവബിൾ എനർജി ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് വളരെ പ്രധാനമാണ്. സര്‍ക്കാര്‍ നടപടി ഇവികള്‍, മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ ചെലവ് കുറയ്ക്കും.
ഇത് കൂടാതെ ഇവി ബാറ്ററി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 35-ലധികം സാധനങ്ങളുടെയും മൊബൈല്‍ ഫോണ്‍ ബാറ്ററി നിര്‍മ്മാണത്തിനുള്ള 28 ഇനങ്ങളുടെയും തീരുവ ഒഴിവാക്കി. തല്‍ഫലമായി ബാറ്ററി ഉല്‍പ്പാദനത്തിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും അധിക നികുതിയില്ലാതെ ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് സാധിക്കും. പ്രാദേശിക ബാറ്ററി ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സര്‍ക്കാര്‍ ടാറ്റ, ഓല റിലയന്‍സ് തുടങ്ങിയ കമ്പനികളുടെ ആഭ്യന്തര പ്രവര്‍ത്തന വിപുലീകരണത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

ബാറ്ററികള്‍ക്ക് വില കുറയുന്നതോടെ സ്വാഭാവികമായും ഇലക്ട്രിക് വാഹനങ്ങളുടെ വിലയും കൂടുതല്‍ താങ്ങാനാകുന്നതാകും. ഉല്‍പ്പാദനച്ചെലവ് കുറയുന്നതോടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിക്കുകയും അതുവഴി ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളെ ബാറ്ററി ഘടകങ്ങള്‍ക്കും മറ്റും ആശ്രയിക്കുന്നതിന് കുറയ്ക്കാനും സാധിക്കും. വരും ദിവസങ്ങളില്‍ ഇവി ബാറ്ററികളുമായി ബന്ധപ്പെട്ട വിശദമായ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നല്‍കും.
വൈദ്യുത വാഹന (ഇവി) ഉല്‍പ്പന്നങ്ങളുടെ പ്രാദേശിക നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം, ഫെയിം II, പിഎം ഇ-ഡ്രൈവ് തുടങ്ങിയ സംരംഭങ്ങള്‍ രാജ്യത്തെ ഇവികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ ആഭ്യന്തര ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഈ മേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്തു.

പിഎം ഇ-ഡ്രൈവ് പോലുള്ള പദ്ധതികള്‍ പൊതുഗതാഗതം വൈദ്യുതീകരിക്കുന്നതിലും ഇവി അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 332 കോടിയിലധികം രൂപയാണ് ഇതിനായി നീക്കിവെച്ചത്. സര്‍ക്കാറിന്റെ ഈ ശ്രമങ്ങള്‍ സുസ്ഥിര ലക്ഷ്യങ്ങളെ മുന്നോട്ട് നയിക്കുകയും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള വിശാലമായ മാറ്റത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇന്‍സെന്റീവ്-ലിങ്ക്ഡ് സ്‌കീമുകള്‍ കാരണം ഹ്യുണ്ടായി, സുസുക്കി തുടങ്ങിയ വിദേശ കമ്പനികള്‍ തങ്ങളുടെ ഇവി ബാറ്ററി ഉല്‍പ്പാദനത്തിന്റെ ഗണ്യമായ ഒരു ഭാഗം പ്രാദേശികവല്‍ക്കരിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ഗുണം ജനങ്ങള്‍ക്കാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








