ടെസ്‌ല കളിയാക്കി വിട്ട ടീംസാ, ഇപ്പോൾ ഇന്ത്യയിലും അമേരിക്കൻ മുതലാളിയെ അടിച്ചൊതുക്കി ചങ്ക് ബിവൈഡി
ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യയിലേക്ക് ഒരു ബ്രാൻഡ് എത്തി ക്ലച്ച് പിടിച്ചാൽ അത് അവരുടെ ഭാഗ്യം എന്നേ പറയാൻ സാധിക്കു. കാരണം മറ്റൊന്നുമല്ല ഇന്ത്യൻ വാഹന വിപണിയെ സംബന്ധിച്ചിടത്തോളം അങ്ങനെ പെട്ടെന്ന് ഒന്നും ആരേയും മനസിൽ കയറ്റി വയ്ക്കില്ല, പക്ഷേ ഇഷ്ടപ്പെട്ടാലോ പിന്നെ ചങ്ക് പറിച്ച് കൂടെ നിൽക്കും എന്നതാണ് ഗുണം.അതിൻ്റെ ഏറ്റവും വലിയ തെളിവ് തന്നെയാണ് ബിവൈഡിയുടെ വളർച്ചയും ടെസ്‌ലയുടെ തളർച്ചയും. ബിവൈഡി ഇന്ത്യയിൽ തങ്ങളുടെ 10000 യൂണിറ്റുകളുടെ വിൽപ്പന എന്ന വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്.
രാജ്യത്തെ ഗ്രീൻ മൊബിലിറ്റിയോടുളള പ്രതിബദ്ധത, അതിനൊപ്പം തന്നെ പുത്തൻ ടെക്നോളജിയുടെ അവതരണം എന്നിവ കൊണ്ടെല്ലാം ഇന്ത്യൻ വിപണിയെ കൈയ്യിലെടുക്കാൻ ചൈനീസ് ബ്രാൻഡിന് സാധിച്ചു എന്നതാണ് ഗുണം. പലപ്പോഴും പല പ്രതിസന്ധികൾ നേരിട്ടുവെങ്കിലും അതിൽ ഒന്നും തളരാതെ മുന്നോട്ട് തന്നെ കുതിക്കുകയാണ് ബ്രാൻഡ്.

ഇന്ന്, പ്രധാന നഗരങ്ങളിലായി 44 ഡീലർഷിപ്പ് ഔട്ട്‌ലെറ്റുകൾ, മികച്ച വിൽപ്പനാനന്തര സേവനം, രാജ്യവ്യാപകമായിട്ടുളള റോഡ്‌സൈഡ് അസിസ്റ്റൻസ്, വിപുലമായ വാറന്റി പ്രോഗ്രാമുകൾ എന്നിവയിലൂടെ, ബിവൈഡി തങ്ങളുടേതായ ഇരിപ്പിടം സൃഷ്ടിക്കുകയും മറ്റാരെയും പോലെ ഉപഭോക്താവിന് പ്രഥമ പരിഗണന നൽകുന്ന ഒരു ബ്രാൻഡായി മാറിയിട്ടുമുണ്ട് എന്നത് വളരെ വ്യക്തമാണ്.
ഒരു കാലത്ത് ഇലോൺ മസ്കിൻ്റെ പുച്ഛവും കളിയാക്കലുകളും നേരിടേണ്ടി വന്നിരുന്ന ബ്രാൻഡ് ഇപ്പോൾ ഇന്ത്യയിൽ മാത്രല്ല യൂറോപ്പിലും ഇവി ഭീമനെ മലർത്തിയടിച്ചിരിക്കുകയാണ്. യൂറോപ്പിലുടനീളം 13,503 പുതിയ കാറുകൾ ബിവൈഡി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ടെസ്‌ലയ്ക്ക് ആ മാസം 8,837 കാറുകൾ മാത്രമേ വിൽക്കാൻ സാധിച്ചിട്ടുളളു. അത് വഴി 40 ശതമാനത്തിൻ്റെ ഇടിവാണ് ടെസ്‌ലയ്ക്ക് ഉണ്ടായിരിക്കുന്നത്.

ബിവൈഡിയിലേക്ക് വന്നാൽ ഇന്ത്യയില്‍ പ്രധാനമായും ഇവികളാണ് ബ്രാന്‍ഡ് വില്‍പ്പനക്കെത്തിക്കുന്നത്. അറ്റോ 3 എസ്‌യുവി, സീല്‍ സെഡാന്‍, സീലയണ്‍ എസ്‌യുവി, ഇമാക്‌സ് 7 എംപിവി എന്നിവയാണ് ബ്രാന്‍ഡിന്റെ ഇന്ത്യന്‍ മോഡല്‍നിരയില്‍ ഉള്ളത്. ചൈനയുമായിട്ടുളള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തമാക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ബിവൈഡിയുടെ ജനപ്രിയ എസ്‌യുവിയാണ് സീലയൺ 7. 48.9 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ വില. ഇവിയുടെ ടോപ്-സ്‌പെക്ക് വേരിയന്റിന് 54.9 ലക്ഷം രൂപ വരെയാണ് വില. കോസ്‌മോസ് ബ്ലാക്ക്, അറ്റ്‌ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാര്‍ക്ക് ഗ്രേ എന്നിവയുള്‍പ്പെടെ നാല് എക്സ്റ്റീരിയര്‍ ഷേഡുകളില്‍ ബിവൈഡി സീലയണ്‍ 7 ഇലക്ട്രിക് ക്രോസ്ഓവര്‍ വാഗ്ദാനം ചെയ്യുന്നു.

മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈന്‍, ലോ-സ്ലംഗ് ബോണറ്റ് ഘടന, സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചില ഘടകങ്ങള്‍, എയറോഡൈനാമിക് കോണ്ടൂര്‍സ്, എന്നിവയാണ് പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. സീലയണ്‍ 7 പ്രീമിയം വേരിയന്റില്‍ 19 ഇഞ്ച് അലോയ് വീലുകളും പെര്‍ഫോമന്‍സില്‍ 20 ഇഞ്ച് വീലുകളുമാണ് നല്‍കിയിരിക്കുന്നത്. അകത്തളത്തിലേക്ക് നോക്കിയാല്‍ മോഡേണ്‍ ഫീച്ചറുകളുടെ നീണ്ട നിര കാണാനാകും.
15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇവിയുടെ ക്യാബിനില്‍ ഉള്ളത്. ഇതിനുപുറമെ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കണക്റ്റഡ് കാര്‍ ടെക്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഫ്‌ലോട്ടിംഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍ഷെയ്ഡുള്ള പനോരമിക് ഗ്ലാസ് റൂഫ്, 50W വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹെഡ്-അപ്പ്-ഡിസ്‌പ്ലേ, പവര്‍ഡ് ടെയില്‍ഗേറ്റ്, വെഹിക്കിള്‍-ടു-ലോഡ് (V2L) ഫംഗ്ഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

സേഫ്റ്റിയുടെ കാര്യത്തിലും ബിവൈഡി ഇലക്ട്രിക് എസ്‌യുവി മികച്ച് നില്‍ക്കുന്നു. 11 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയണ്‍ 7. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഫ്രണ്ട് പാസഞ്ചര്‍, റിയര്‍ സീറ്റുകളിലെ ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ പോലുള്ള നൂതന സവിശേഷതകളെല്ലാം ഇതിലുണ്ട്.


Click it and Unblock the Notifications








