180KM റേഞ്ചുള്ള കുഞ്ഞന്‍ ഇവിയുമായി BYD; ഇന്ത്യയിലെത്താന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ചൈനയില്‍ നിന്നുള്ള ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD). കമ്പനി ഇന്ത്യയിലും ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്നുണ്ട്. നിലവില്‍ നിരവധി ആഡംബര മോഡലുകള്‍ അവരുടെ പോര്‍ട്ട്ഫോളിയോയിലുണ്ടെങ്കിലും, മാസ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പോകുന്ന കമ്പനി മോഡല്‍ നിര വിപുലീകരിക്കാന്‍ പോകുകയാണ്. ഇപ്പോള്‍ ശ്രദ്ധേയമായ നീക്കത്തില്‍ വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായ ജപ്പാനില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കെയ് കാര്‍ അവതരിപ്പിക്കാന്‍ പോകുകയാണ് BYD. ജാപ്പനീസ് വിപണിയില്‍ എത്താന്‍ പോകുന്ന ആദ്യത്തെ വിദേശ നിര്‍മ്മിത ഇലക്ട്രിക് കെയ് കാറായി ചരിത്രം കുറിക്കാന്‍ പോകുകയാണ് ഈ മോഡല്‍.
ജാപ്പനീസ് കെയ് കാറുകളുടെ സവിശേഷതകളുമായി ചേര്‍ന്നുപോകുന്ന ഡിസൈനാണ് BYD പുറത്തിറക്കാന്‍ പോകുന്ന ഈ മോഡലിനുള്ളത്. വിശാലമായ ഇന്റീരിയറിന് ഊന്നല്‍ നല്‍കുന്ന, നീളമുള്ള ബോക്സി രൂപകല്‍പ്പനയാണ് കാറിനുള്ളതെന്നാണ് ഇതിന്റെ സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘചതുരാകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങള്‍, ഫ്‌ലാറ്റ് ഫ്രണ്ട് എന്‍ഡ്, ചെറിയ ബോണറ്റ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

വശങ്ങളിലേക്ക് വന്നാല്‍ ഫ്‌ലാറ്റ് റൂഫ്, ഇരട്ട എ-പില്ലറുകള്‍, ചതുരാകൃതിയിലുള്ള വിന്‍ഡോകള്‍, ഫ്‌ലാറ്റ് ബെല്‍റ്റ്ലൈന്‍, വൃത്താകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍ എന്നിവ കാണാം. BYD കെയ് കാറിന് കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സും ചെറിയ ഓവര്‍ഹാങ്ങുകളുമുണ്ട്. വീലുകള്‍ കോര്‍ണറുകളിലായി സ്ഥാപിച്ചിരിക്കുന്നതിനാല്‍ ക്യാബിനിന് ഉള്ളില്‍ കൂടുതല്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്. റിയര്‍ ഫെന്‍ഡറുകള്‍ക്ക് മുകളില്‍ കാണുന്ന ഗ്രൂവുകള്‍ സ്ലൈഡിംഗ് ഡോര്‍ റെയില്‍ ട്രാക്കുകളുടെ സാന്നിധ്യം വെളിപ്പെടുത്തുന്നു.
സ്ലൈഡിംഗ് ഡോറുകള്‍ കാരണം വാഹനത്തില്‍ എളുപ്പത്തില്‍ കയറുകയും ഇറങ്ങുകയും ചെയ്യാം. കൂടാതെ വലിയ സാധനങ്ങള്‍ കയറ്റാനും ഇത് സഹായകമാകും. സുസുക്കി സ്‌പേസിയ, ഹോണ്ട എന്‍-ബോക്‌സ് തുടങ്ങിയ പല കെയ് കാറുകളിലും സ്ലൈഡിംഗ് ഡോറുകളാണ് കാണപ്പെടുന്നത്. കാറിന്റെ പിന്‍വശത്തേക്ക് വന്നാല്‍ ഫ്‌ലാറ്റ് വിന്‍ഡ്ഷീല്‍ഡും ടോപ് മൗണ്ടഡ് വൈപ്പറും നല്‍കിയിരിക്കുന്നത് കാണാം.
മറ്റ് കെയ് കാറുകളെപ്പോലെ എളുപ്പത്തില്‍ ലഗേജുകള്‍ വെക്കാനായി വിശാലമായി തുറക്കുന്ന ബൂട്ട് ലിഡായിരിക്കും BYD മോഡലിലുമുണ്ടാവുക. റിയര്‍ സീറ്റുകള്‍ മടക്കിയാല്‍ സംഭരണ ശേഷി കൂട്ടാം. വിവിധതരം സാധനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇത് സഹായിക്കും. ജപ്പാനിലെ BYD കെയ് കാറില്‍ 20 kWh ബാറ്ററി പായ്ക്ക് ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. WLTC സൈക്കിളില്‍ ഇതിന് ഏകദേശം 180 കിലോമീറ്റര്‍ റേഞ്ച് ലഭിച്ചേക്കാം.
100 kW വരെ ഫാസ്റ്റ് ചാര്‍ജിംഗിനെയും ഈ കെയ് കാര്‍ പിന്തുണയ്ക്കുന്നുണ്ട്. ക്യബിന്‍ താപനില മികച്ച രീതിയില്‍ നിലനിര്‍ത്താനും യാത്ര സുഖകരമാക്കാനും BYD ഒരു ഹീറ്റ് പമ്പ് ഘടിപ്പിക്കാന്‍ സാധ്യതയുണ്ട്. ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഈ കാറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരാധിഷ്ഠിത വിലയിലായിരിക്കും BYD തങ്ങളുടെ ആദ്യ കെയ് കാര്‍ ജപ്പാനില്‍ പുറത്തിറക്കുക.
ഏകദേശം 2.5 ദശലക്ഷം ജാപ്പനീസ് യെന്‍ ആണ് വില പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 14.38 ലക്ഷം രൂപ വരും. ഈ വില നിലവാരത്തില്‍ നിസാന്‍ സകുറ, മിത്സുബിഷി ഇകെ X EV തുടങ്ങിയ മോഡലുകളാണ് എതിരാളികളാകുക. ഈ കാറില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി കമ്പനി ഇന്ത്യയില്‍ എത്തിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇന്ത്യയിലും വാഹന നിര വിപുലീകരിക്കാന്‍ പദ്ധതിയിടുന്ന BYD ഇക്കാര്യം പരിഗണിച്ചേക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








