92 കി.മീ കറണ്ടിലോടും, ഫുള്‍ടാങ്കില്‍ റേഞ്ച് 970 കി.മീ! ബിവൈഡിയുടെ ഹൈബ്രിഡ് കാര്‍ ഇന്ത്യന്‍ നിരത്തില്‍
ലോകോത്തര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD). എസ്‌യുവി, സെഡാന്‍, എംപിവി ബോഡിടൈപ്പുകളിലായി ഇതുവരെ മൂന്ന് ഇവികളാണ് ചൈനീസ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. തങ്ങളുടെ ചില ഗ്ലോബല്‍ മോഡലുകള്‍ അവര്‍ 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒന്ന് ഇപ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്. ഉടന്‍ വില്‍പ്പനയ്ക്കെത്തുമെന്ന് കരുതുന്ന സീലയണ്‍ 6 കാര്‍ മോഡലാണ് നിലവില്‍ പരീക്ഷണയോട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ അധികം വൈകാതെ തന്നെ സീലയണ്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ഈ കാറിനെ കുറിച്ച് വിശദമായി അറിയാം.
ഡിസൈന്‍ വശം നോക്കുമ്പോള്‍ ബിവൈഡി സീലിയന്‍ 6 ഉടന്‍ ഇന്ത്യയില്‍ എത്താന്‍ പോകുന്ന ബിവൈഡി സീലിയന്‍ 7 മോഡലിന്റെ ചെറിയ പതിപ്പായാണ് കാണപ്പെടുന്നത്. ഓഷ്യന്‍ നിരയിലെ മറ്റ് ബിവൈഡി എസ്‌യുവികളുടെ ഡിസൈന്‍ ഭാഷയാണ് ഇത് പിന്തുടരുന്നത്. മൊത്തത്തില്‍, ഇന്ത്യന്‍ വിപണിയില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ലുക്കും പ്രീമിയം ഫീച്ചറുകളും മാരക ഇന്ധനക്ഷമതയുമുള്ള ഒരു സ്‌പോര്‍ട് യൂടിലിറ്റി വാഹനമാണ് സീലയണ്‍ 6.

കമ്പനി നിലവില്‍ ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്ന് സീലയണ്‍ പല തരത്തില്‍ വ്യത്യസ്തമാണ്. വ്യക്തമായി പറഞ്ഞാല്‍ നിലവില്‍ ബിവൈഡി ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ മോഡലുകള്‍ മാത്രമാണ് വില്‍പ്പനക്കെത്തിക്കുന്നത്. എന്നാല്‍, സീലയണ്‍ ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാര്‍ മോഡലാണ്. അതായത് ഇത് പെട്രോളിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാണ്.
ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ലഭ്യമായ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് കാറുകളില്‍ നിന്ന് വ്യത്യസ്തമാണ് ഈ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാര്‍ മോഡല്‍. സാധാരണ ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യുന്നതുപോലെ തന്നെ ഇതും ചാര്‍ജ് ചെയ്യേണ്ടതുണ്ട്. ഇതില്‍ 18.3 kWh ബാറ്ററി പായ്ക്കും ഐസി എഞ്ചിനും സജ്ജീകരിച്ചിരിക്കുന്നു. സീലിയന്‍ 6 പ്രീമിയം AWD വേരിയന്റിന് 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ഓരോ ആക്‌സിലിലും ഓരോ ഇലക്ട്രിക് മോട്ടോറുകളും ലഭിക്കുന്നു.

ഇന്റേണല്‍ കംബസ്റ്റന്‍ എഞ്ചിന്‍ 129 bhp പവറും 220 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ഫ്രണ്ട്, റിയര്‍ മോട്ടോറുകള്‍ യഥാക്രമം 201 bhp, 161 bhp പീക്ക് പവര്‍ ഉത്പാദിപ്പിക്കുന്നു. സിസ്റ്റത്തിന്റെ പരമാവധി ഔട്ട്പുട്ട് 319 bhp പവറും 550 Nm ടോര്‍ക്കും ആയി നിശ്ചയിച്ചിരിക്കുന്നു.സീലയണിലെ ബ്ലേഡ് ബാറ്ററി ഇവി മോഡില്‍ 92 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
60 ലിറ്റര്‍ ടാങ്കില്‍ മുഴുവന്‍ പെട്രോള്‍ നിറച്ചാല്‍ ഈ കാറിന് 1,000 കിലോമീറ്ററിനടുത്ത് വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന മൈലേജ് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വിവരങ്ങളാണിത്. അതായത് ബിവൈഡി സീലയണിന് 100 കിലോമീറ്റര്‍ ഓടാന്‍ 1.4 ലിറ്റര്‍ ഇന്ധനം മതി. അതായത് 71.42 kmpl മൈലേജ്.

AWD ഡ്രൈവ്‌ട്രെയിനുമായി വരുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറിന് വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. ചൈനീസ് കമ്പനിയായ ബിവൈഡി ഈ കാര്‍ ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ബിവൈഡിയുടെ ഇലക്ട്രിക് കാര്‍ മോഡലുകള്‍ക്ക് രാജ്യത്ത് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.
സമ്പന്നരായ ഇന്ത്യക്കാര്‍ ബിവൈഡിയില്‍ വിശ്വാസമര്‍പ്പിച്ച് തുടങ്ങിയിട്ടുണ്ട്. കിടിലന്‍ റേഞ്ചും ലോകോത്തര സൗകര്യങ്ങളുമുള്ള ഹൈബ്രിഡ് കാര്‍ തേടുന്നവരെയാണ് സീലയണ്‍ 6 മോഡലിലൂടെ ബിവൈഡി ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഏകദേശം 30 ലക്ഷം രൂപ റേഞ്ചിലാണ് ഈ കാര്‍ വിപണിയിലെത്താന്‍ സാധ്യത.


Click it and Unblock the Notifications








