ഇടിക്കൂട്ടില്‍ 5 സ്റ്റാര്‍ നേടി ഈ ഇലക്ട്രിക് കാര്‍; ഡ്രൈവര്‍ ഉറങ്ങിയാല്‍ വരെ അറിയും, 11 എയര്‍ബാഗുമുണ്ട്
ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയിലാണ് ചൈനീസ് ബ്രാന്‍ഡ് ആയ ബില്‍ഡ് യുവര്‍ ഡ്രീംസ് (ബിവൈഡി) തങ്ങളുടെ നാലാമത്തെ മോഡല്‍ ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തിയത്. തൊട്ടടുത്ത മാസം കാറിന്റെ വിലയും പ്രഖ്യാപിച്ചു. പ്രീമിയം, പെര്‍ഫോമന്‍സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സീലയണ്‍ പുറത്തിറങ്ങിയിരിക്കുന്നത്. 48.9 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ വില. ഇവിയുടെ ടോപ്-സ്പെക്ക് വേരിയന്റിന് 54.9 ലക്ഷം രൂപ വരെയാണ് വില. ഇന്ത്യയുടെ സ്വന്തം ഭാരത് ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമില്‍ (BNCAP) ഇതുവരെ പരീക്ഷിക്കപ്പെട്ടില്ലെങ്കിലും ഇവി മറ്റൊരു ഇടിക്കൂട്ടില്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ്. അതിനെ കുറിച്ച് നമുക്ക് വിശദമായി വായിക്കാം.
BYD സീലിയന്‍ 7 അന്താരാഷ്ട്ര സുരക്ഷാ പരിശോധനകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടുകയും ചെയ്തു. കാറുകളുടെ സുരക്ഷാ പ്രകടനം സൂക്ഷ്മമായി പരിശോധിക്കുന്ന യൂറോപ്പിലെ ഏറ്റവും വിശ്വസനീയമായ ക്രാഷ് ടെസ്റ്റ് പ്ലാറ്റ്ഫോമാണ് യൂറോ NCAP (യൂറോപ്യന്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം). മുതിര്‍ന്നവരുടെ സുരക്ഷയെക്കുറിച്ച് പറയുമ്പോള്‍ ഫ്രണ്ടല്‍ ഓഫ്സെറ്റ് ക്രാഷ് ടെസ്റ്റില്‍ കാറിന്റെ ഘടന സ്ഥിരതയുള്ളതും ശക്തവുമാണെന്ന് കണ്ടെത്തി.

ഡ്രൈവറുടെയും മുന്‍വശത്തെ യാത്രക്കാരന്റെയും കാല്‍മുട്ടുകള്‍ക്കും തുടകള്‍ക്കും സമീപം മികച്ച സംരക്ഷണം നല്‍കുന്നുണ്ടെന്നും ടെസ്റ്റില്‍ കണ്ടെത്തി. സൈഡ് ബാരിയര്‍, പോള്‍ ഇംപാക്ട് ടെസ്റ്റുകളില്‍ എസ്‌യുവി പരമാവധി പോയിന്റുകള്‍ നേടി. പിന്‍ഭാഗത്തുനിന്നുള്ള കൂട്ടിയിടിയില്‍ കഴുത്തിന് പരിക്കേല്‍ക്കുന്നത് തടയുന്നതിനുള്ള വിപ്ലാഷ് സംരക്ഷണത്തിനും നല്ല റേറ്റിംഗ് ലഭിച്ചു.
ഈ എസ്‌യുവിക്ക് കുട്ടികളുടെ സുരക്ഷയില്‍ 93% സ്‌കോര്‍ ലഭിച്ചു. 6, 10 വയസ്സുള്ള കുട്ടികള്‍ക്ക് സമാനമായ ഡമ്മികള്‍ വെച്ച് നടത്തിയ ക്രാഷ് ടെസ്റ്റുകള്‍ മികച്ച സംരക്ഷണം നല്‍കുന്നതായാണ് കണ്ടെത്തിയത്. കാറില്‍ ISOFIX മൗണ്ടുകളും 'ചൈല്‍ഡ് പ്രെസെന്‍സ് ഡിറ്റക്ഷന്‍' ഫീച്ചറുമുണ്ട്. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും മികച്ച സംരക്ഷണം നല്‍കിയിട്ടുണ്ട്.

ഇതില്‍ AEB സിസ്റ്റം (ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്) നല്‍കിയിട്ടുണ്ട്. വിന്‍ഡ്ഷീല്‍ഡ് പില്ലറുകള്‍ക്ക് സമീപം തലയ്ക്കുള്ള സംരക്ഷണം അല്‍പ്പം ദുര്‍ബലമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. 'സൈക്ലിസ്റ്റ് ഡോറിംഗ് പ്രിവന്‍ഷന്‍' എന്നതിലും മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 11 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയണ്‍ 7.
360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഫ്രണ്ട് പാസഞ്ചര്‍, റിയര്‍ സീറ്റുകളിലെ ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ പോലുള്ള നൂതന സവിശേഷതകളെല്ലാം ഇതിലുണ്ട്. ഇവ കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ്, റിയര്‍ കൊളീഷന്‍ മുന്നറിയിപ്പുകള്‍, ഓട്ടോമാറ്റിക് ബ്രേക്കിംഗോടുകൂടിയ ഫ്രണ്ട്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ടുകള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ് തുടങ്ങിയ സവിശേഷതകളുള്ള ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ഇതിനുപുറമെ, ക്ഷീണവും ശ്രദ്ധ വ്യതിചലനവും കണ്ടെത്തുന്ന ഡ്രൈവര്‍ മോണിറ്ററിംഗ് സംവിധാനവും ഈ ഇവിയില്‍ ലഭ്യമാണ്.ബിവൈഡി സീലിയണിന് 82.56kWh ബാറ്ററി പായ്ക്കാണുള്ളത്. പ്രീമിയം വേരിയന്റ് 313 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള റിയര്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനിലാണ് വരുന്നത്. ഇത് 567 കീലോമീറ്റര്‍ റേഞ്ച് തരും. അതേസമയം എസ്‌യുവിയുടെ പെര്‍ഫോമന്‍സ് വേരിയന്റിന് 530 bhp പവറില്‍ 690 Nm ടോര്‍ക്ക് വരെ നല്‍കാനാകും.
ഫുള്‍ചാര്‍ജില്‍ 542 കിലോമീറ്ററാണ് പ്രീമിയം വേരിയന്റിന്റെ റേഞ്ച് പറയുന്നത്. ഈ ഇവിക്ക് വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. ബിവൈഡി സീലിയണ്‍ 7 ഇന്ത്യയില്‍ 48.9 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് പുറത്തിറങ്ങിയത്. പ്രീമിയം ഇലക്ട്രിക് എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി അയോണിക് 5, കിയ ഇവി6 എന്നിവയുമായി ഇത് നേരിട്ട് മത്സരിക്കുന്നു.


Click it and Unblock the Notifications








