11 എയര്‍ബാഗുകളുള്ള രാജ്യത്തെ ആദ്യ കാര്‍, ഫുള്‍ചാര്‍ജില്‍ കേരളം ചുറ്റാം! ബുക്കിംഗിലും കുതിച്ച് BYD-യുടെ നാലാമൻ
കഴിഞ്ഞ ദിവസം ബിവൈഡി (BYD) ഇന്ത്യയിലെ തങ്ങളുടെ നാലാമത്തെ ഉല്‍പ്പന്നമായ സീലയണ്‍ 7 പ്രീമിയം എസ്‌യുവിയുടെ വില പ്രഖ്യപിച്ചിരുന്നു. 2025 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ഈ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. അതേസമയം ദിവസം തന്നെ കമ്പനി കാറിന്റെ ബുക്കിംഗും ആരംഭിച്ചിരുന്നു. പ്രീമിയം, പെര്‍ഫോമന്‍സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സീലയണ്‍ പുറത്തിറങ്ങിയിരിക്കുന്നത്. 48.9 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ വില. ഇവിയുടെ ടോപ്-സ്‌പെക്ക് വേരിയന്റിന് 54.9 ലക്ഷം രൂപ വരെയാണ് വില. മാര്‍ച്ച് 7 മുതല്‍ ഡെലിവറി ആരംഭിക്കാനിരിക്കുന്ന പ്രീമിയം ഇവി ഇതിനോടകം 1000 ബുക്കിംഗുകള്‍ വാരിക്കൂട്ടിയതായി കമ്പനി അറിയിച്ചു.
താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 70000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ബുക്ക് ചെയ്യാവുന്നതാണ്. കോസ്‌മോസ് ബ്ലാക്ക്, അറ്റ്‌ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാര്‍ക്ക് ഗ്രേ എന്നിവയുള്‍പ്പെടെ നാല് എക്സ്റ്റീരിയര്‍ ഷേഡുകളില്‍ ബിവൈഡി സീലയണ്‍ 7 ഇലക്ട്രിക് ക്രോസ്ഓവര്‍ വാഗ്ദാനം ചെയ്യുന്നു.

നല്ല വലിപ്പമുണ്ടെങ്കിലും പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു 7 സീറ്റര്‍ വാഹനമല്ല. ഡിസൈന്‍ വശം നോക്കുമ്പോള്‍ ആദ്യ കാഴ്ച്ചയിയി സീല്‍ സെഡാന്റെ എസ്യുവി പതിപ്പല്ലേ സീലയണ്‍ എന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. സീലിനോട് സാമ്യമുള്ള ഫ്രണ്ട് ബമ്പര്‍, ഹെഡ്ലൈറ്റുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവ ഇതിന് ലഭിക്കുന്നു. ആംഗുലര്‍ ഹെഡ്ലാമ്പ് ക്ലസ്റ്ററുകള്‍ക്ക് താഴത്തായി ഡിആര്‍എല്ലുകള്‍ കൊടുത്തിരിക്കുന്നു.
മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈന്‍, ലോ-സ്ലംഗ് ബോണറ്റ് ഘടന, സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചില ഘടകങ്ങള്‍, എയറോഡൈനാമിക് കോണ്ടൂര്‍സ്, എന്നിവയാണ് പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. സീലയണ്‍ 7 പ്രീമിയം വേരിയന്റില്‍ 19 ഇഞ്ച് അലോയ് വീലുകളും പെര്‍ഫോമന്‍സില്‍ 20 ഇഞ്ച് വീലുകളുമാണ് നല്‍കിയിരിക്കുന്നത്. അകത്തളത്തിലേക്ക് നോക്കിയാല്‍ മോഡേണ്‍ ഫീച്ചറുകളുടെ നീണ്ട നിര കാണാനാകും.

15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇവിയുടെ ക്യാബിനില്‍ ഉള്ളത്. ഇതിനുപുറമെ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കണക്റ്റഡ് കാര്‍ ടെക്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഫ്‌ലോട്ടിംഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍ഷെയ്ഡുള്ള പനോരമിക് ഗ്ലാസ് റൂഫ്, 50W വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹെഡ്-അപ്പ്-ഡിസ്‌പ്ലേ, പവര്‍ഡ് ടെയില്‍ഗേറ്റ്, വെഹിക്കിള്‍-ടു-ലോഡ് (V2L) ഫംഗ്ഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
സേഫ്റ്റിയുടെ കാര്യത്തിലും ബിവൈഡി ഇലക്ട്രിക് എസ്‌യുവി മികച്ച് നില്‍ക്കുന്നു. 11 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയണ്‍ 7. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഫ്രണ്ട് പാസഞ്ചര്‍, റിയര്‍ സീറ്റുകളിലെ ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ പോലുള്ള നൂതന സവിശേഷതകളെല്ലാം ഇതിലുണ്ട്.

ഇവ കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ്, റിയര്‍ കൊളീഷന്‍ മുന്നറിയിപ്പുകള്‍, ഓട്ടോമാറ്റിക് ബ്രേക്കിംഗോടുകൂടിയ ഫ്രണ്ട്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ടുകള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ് തുടങ്ങിയ സവിശേഷതകളുള്ള ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവയും ബിവൈഡി സജ്ജീകരിച്ചിട്ടുണ്ട്. ബിവൈഡി സീലിയണിന് 82.56kWh ബാറ്ററി പായ്ക്കാണുള്ളത്. പ്രീമിയം വേരിയന്റ് 313 bhp കരുത്തില്‍ 380 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള റിയര്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനിലാണ് വരുന്നത്.
ഇത് 567 കീലോമീറ്റര്‍ റേഞ്ച് തരും. അതേസമയം എസ്‌യുവിയുടെ പെര്‍ഫോമന്‍സ് വേരിയന്റിന് 530 bhp പവറില്‍ 690 Nm ടോര്‍ക്ക് വരെ നല്‍കാനാകും. ഫുള്‍ചാര്‍ജില്‍ 542 കിലോമീറ്ററാണ് പ്രീമിയം വേരിയന്റിന്റെ റേഞ്ച് പറയുന്നത്. ഈ ഇവിക്ക് വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു.


Click it and Unblock the Notifications








