ജെയിംസ് ബോണ്ട് സിനിമയിലെ രംഗമല്ല! കുഴിയും ഗട്ടറും 'ചാടിക്കടക്കുന്ന' ഇലക്ട്രിക് കാര്‍, അതും ആളില്ലാതെ
ഇന്ത്യന്‍ റോഡുകളുടെ ശാപമാണ് ഗട്ടറുകളും കുഴികളും. എത്ര വിലകൂടിയ കാറുകള്‍ വാങ്ങിയിട്ടും ഈ കുഴികള്‍ കാരണം നേരാംവണ്ണം വണ്ടിയോടിക്കാന്‍ സാധിക്കില്ലെന്ന് പരിതപിക്കുന്നവര്‍ ഒത്തിരിയാണ്. ഗട്ടറുകളും കുഴികളും കണ്ടാല്‍ ഒന്നുകില്‍ വെട്ടിക്കുകയോ അല്ലെങ്കില്‍ അതില്‍ കയറിയിറക്കി പോകുകയോ ചെയ്യേണ്ട സാഹചര്യമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കാര്‍ 'പറപ്പിക്കാന്‍' കഴിഞ്ഞാലോ?. വല്ല തെലുങ്ക് സിനിമയിലെയും കാര്യമാണ് പറയുന്നതെന്ന് തെറ്റിദ്ധരിക്കല്ലേ. ചൈനീസ് ഇലക്ട്രിക് വാഹന ഭീമന്‍മാരായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) തങ്ങളുടെ ഇവിയില്‍ കൊണ്ടുവന്ന പുത്തന്‍ സാങ്കേതിക സവിശേഷതയെ കുറിച്ചാണ് പറയുന്നത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
BYD-യുടെ ആഡംബര ബ്രാന്‍ഡായ യാങ്‌വാങ്ങിന് കീഴില്‍ നിര്‍മിച്ച രണ്ടാമത്തെ കാറാണ് യാങ്‌വാങ് U9. വെള്ളത്തില്‍ പൊങ്ങിക്കിടക്കാനുള്ള കഴിവ് കൊണ്ട് ശ്രദ്ധ നേടിയ U8 എസ്‌യുവി ആയിരുന്നു ആദ്യത്തേത്. BYD യാങ്‌വാങ് U9 ഒരു ഇലക്ട്രിക് ഓട്ടോണമസ് ഡ്രൈവിംഗ് സൂപ്പര്‍കാറാണ്. ഈ കാര്‍ അതിന്റെ 'നൃത്ത'ശേഷി കൊണ്ട് നേരത്തെ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. വില 1.68 ദശലക്ഷം RMB ആണ്. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 2 കോടി രൂപ വരും.

ഓട്ടോണോമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ഈ കാറിന് മക്ലാരന്‍ മോഡലുകളുമായി രൂപസാദൃശ്യമുണ്ട്. ഇപ്പോള്‍ റോഡിലെ കുഴികളും മറ്റ് തടസങ്ങളും നേരിടാനുള്ള കാറിന്റെ കഴിവ് പ്രദര്‍ശിപ്പിക്കുന്ന ഒരു വീഡിയോ ചൈനീസ് കമ്പനി പുറത്തുവിട്ടിട്ടുണ്ട്. റോഡിലെ തടസങ്ങള്‍ ഈ കാര്‍ 'ചാടിക്കടക്കുന്നു'. 6 മീറ്റര്‍ വീതിയും 2.5 മീറ്റര്‍ നീളവുമുള്ള വെള്ളം നിറഞ്ഞ ഒരു വലിയ കുഴി മറികടക്കുന്നതിന് പകരം ചാടിക്കടക്കുന്നത് വീഡിയോയില്‍ കാണിക്കുന്നു.
കൂടാതെ ഏകദേശം 3.5 സെന്റീമീറ്റര്‍ ഉയരമുള്ള മുള്ളുകള്‍ അടുക്കിവെച്ച ബെഡും കാര്‍ ഇതേ മാതൃകയില്‍ അനായാസം മറികടന്നു. യാങ്വാങ് U9 മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച് കൊണ്ടാണ് ഈ തടസങ്ങളെ തരണം ചെയ്തത്. വീലുകള്‍ ആദ്യം കാറിനെ മുകളിലേക്ക് തള്ളുന്നതും പിന്നീട് റിയര്‍ ചക്രങ്ങള്‍ എങ്ങനെയാണ് ഇവയെ ചാടിക്കുന്നതെന്നും വീഡിയോയില്‍ വ്യക്തമായി കാണാം. ജെയിംസ് ബോണ്ട് സിനിമയിലെ സീനുകളെ അനുസ്മരിപ്പിക്കുന്നുണ്ട് ഈ വീഡിയോ.

കാറില്‍ മനുഷ്യ സാന്നിധ്യം ഇല്ല എന്നതാണ് ഇതിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന സംഗതി. BYD യാങ്‌വാങ് U9 ഇലക്ട്രിക് കാറിനെ ഇത് സാധ്യമാക്കുന്നത് അഡ്വാന്‍സ്ഡ് സസ്പെന്‍ഷന്‍ സിസ്റ്റമടക്കമുള്ള നൂതന സാങ്കേതികവിദ്യകളാണ്. ഇതിലെ ഡിസസ്-X സസ്പെന്‍ഷന്‍ സിസ്റ്റത്തില്‍ ഒരു ഇന്റലിജന്റ് ഡാംപിംഗ് ബോഡി കണ്‍ട്രോള്‍ സിസ്റ്റം, ഒരു ഇന്റലിജന്റ് ഹൈഡ്രോളിക് ബോഡി കണ്‍ട്രോള്‍ സിസ്റ്റം, ഒരു ഇന്റലിജന്റ് എയര്‍ ബോഡി കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.
ഇവയെല്ലാം സമന്വയിപ്പിച്ചാണ് കാിന് ഈ നിയന്ത്രണം സാധ്യമാകുന്നത്. ഈ നൂതന സസ്പെന്‍ഷന്‍ സജ്ജീകരണം 1 ടണ്ണില്‍ കൂടുതല്‍ തല്‍ക്ഷണം ഉയര്‍ത്താന്‍ അനുവദിക്കുന്നു. ഇത് കുറഞ്ഞ സമയത്തില്‍ കാര്‍ വായുവിലേക്ക് കുതിക്കാന്‍ അനുവദിക്കുന്നു. കൈനറ്റിക് പവറിനെ മാത്രം ആശ്രയിച്ചാണ് ഇവിയുടെ ബൗണ്‍സിംഗ് സാധ്യമാകുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

മറ്റ് സവിശേഷതകള്‍ നോക്കിയാല്‍ വെറും ഇതിന് നാല് ഇലക്ട്രിക് മോട്ടോറുകളും ഫോര്‍ വീല്‍ ഇന്‍ഡിപെന്‍ഡന്റ് ടോര്‍ക്ക് ഔട്ട്പുട്ട് കണ്‍ട്രോള്‍ സിസ്റ്റങ്ങളും ഉണ്ട്. BYD യാങ്വാങ് U9 ഇലക്ട്രിക് സൂപ്പര്‍ കാറിന് 1300 bhp പവറും 1680 Nm ടോര്‍ക്കും നല്‍കാന്‍ കഴിയും.
വെറും 2.36 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുന്ന ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍കാറുകളിലൊന്നായി മാറുന്നു. മണിക്കൂറില്‍ 310 കിലോമീറ്ററാണ് പരമാവധി വേഗത. CLTC മാനദണ്ഡങ്ങള്‍ അനുസരിച്ച് 80 kWh ബാറ്ററി പായ്ക്ക് 465 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. 800V ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ച് BYD യാങ്‌വാങ് U9 വെറും 10 മിനിറ്റിനുള്ളില്‍ 30-80% വരെ ചാര്‍ജ് ചെയ്യാം.


Click it and Unblock the Notifications








