FOLLOW ME HOME ഫീച്ചറിൻ്റെ ഗുണമെന്താണെന്നറിയാമോ; 10 ലക്ഷത്തിൽ താഴെ ഈ ഫീച്ചർ കിട്ടുന്ന കാറുകൾ
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ലഭിക്കുന്ന നിരവധി കാറുകളിൽ 'ഫോളോ മീ ഹോം' ഹെഡ്‌ലാമ്പ് സൗകര്യം ഇപ്പോൾ ലഭ്യമാണ്. രാത്രികാലങ്ങളിൽ കാർ പാർക്ക് ചെയ്ത ശേഷം എഞ്ചിൻ ഓഫാക്കിയാലും കുറച്ചു സമയത്തേക്ക് പ്രകാശം നൽകുന്ന ഒരു സംവിധാനമാണിത്. നിങ്ങൾ വാഹനം പാർക്ക് ചെയ്യുന്നത് ഇരുണ്ട പ്രദേശങ്ങളിലാണെങ്കിൽ കാറിൽ നിന്ന് ഇറങ്ങി സുരക്ഷിതമായി നടന്നുപോകാൻ ഇത് ഡ്രൈവർമാരെയും യാത്രക്കാരെയും സഹായിക്കുന്നു. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായ് i20, ടാറ്റ നെക്സോൺ തുടങ്ങിയ ജനപ്രിയ മോഡലുകളിൽ ഈ ഫീച്ചർ നിങ്ങൾക്ക് ലഭ്യമാണ്. കൂടുതൽ വിശദമായ വിവരങ്ങൾ അറിയാൻ ഈ ലേഖനം തുടർന്ന് വായിക്കാൻ മറക്കരുതേ.
പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി സുസുക്കി ബലേനോ, 'ഫോളോ മീ ഹോം' ഹെഡ്‌ലാമ്പ് സൗകര്യത്തോടെയാണ് എത്തുന്നത്. 10 ലക്ഷം രൂപയിൽ താഴെ വിലവരുന്ന ബലേനോയുടെ പല വേരിൻ്റുകളിലും ഈ സ്റ്റൈലിഷ് ഫീച്ചർ ലഭ്യമാണ്. വിശാലമായ ഉൾവശവും 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ് മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ചബാക്കിൻ്റെ മറ്റ് പ്രധാന ആകർഷണങ്ങൾ.

പ്രീമിയം അനുഭവം നൽകുന്ന ഹ്യുണ്ടായി i20 ആധുനിക സാങ്കേതികവിദ്യക്ക് പേരുകേട്ടതാണ്. ബലേനോയുടെ പ്രധാന എതിരാളിയായ ഈ മോഡലിന്റെ അസ്റ്റ, ടോപ്പ് വകഭേദങ്ങളിൽ 'ഫോളോ മീ ഹോം' ഹെഡ്‌ലാമ്പ് സൗകര്യം ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. അതിനൂതനമായ സവിശേഷതകളും സൂക്ഷ്മമായ രൂപകൽപ്പനയും ഹ്യുണ്ടായ് i20 യുടെ വലിയ കരുത്താണ്.
സബ്-കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലെ പ്രമുഖ മോഡലായ ടാറ്റ നെക്സോണിലും 'ഫോളോ മീ ഹോം' ഹെഡ്‌ലാമ്പ് ഫീച്ചർ ലഭ്യമാണ്. 5-സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കിയ ഈ മോഡൽ തൻ്റെ വ്യത്യസ്തമായ ഡിസൈനിലൂടെ ഈ വിഭാഗത്തിൽ ശക്തമായ മത്സരമാണ് നൽകുന്നത്. മികച്ച സുരക്ഷയും ആകർഷകമായ രൂപകൽപ്പനയും നെക്സോണിനെ വേറിട്ടുനിർത്തുന്നു.

ഇന്ത്യൻ വിപണിയിൽ ദീർഘകാലമായി ഏറെ പ്രിയപ്പെട്ട മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഇതിന്റെ ZXI+ ഉൾപ്പെടെയുള്ള ചില ഇടത്തരം വകഭേദങ്ങളിൽ 'ഫോളോ മീ ഹോം' ഹെഡ്‌ലാമ്പ് സൗകര്യം ലഭിക്കുന്നു. ഡ്രൈവിംഗ് ആസ്വാദ്യകരമാക്കുന്നതിനൊപ്പം മികച്ച മൈലേജും വിപുലമായ സർവീസ് ശൃംഖലയും സ്വിഫ്റ്റിന്റെ പ്രധാന സവിശേഷതകളാണ്.
ഹോണ്ടയുടെ കോംപാക്റ്റ് സെഡാൻ മോഡലായ അമേസ്, അതിന്റെ ടോപ്പ് എൻഡ് VX പോലുള്ള വകഭേദങ്ങളിൽ "ഫോളോ മീ ഹോം" ഫീച്ചർ ഉൾക്കൊള്ളുന്നു. CVT ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന അമേസ്, സുഗമമായ യാത്രയ്ക്ക് ഏറെ പ്രശംസ നേടിയ മോഡലാണ്. ഇത് ഉപയോക്താക്കൾക്ക് മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്നു.

മൈക്രോ-എസ്‌യുവി വിപണിയിൽ ഹ്യുണ്ടായി എക്സ്റ്റർ ഫീച്ചറുകളാൽ സമ്പന്നമായ ഒരു മികച്ച ഓപ്ഷനാണ് എന്ന് പറയാതെ വയ്യ. ഈ മോഡലിന്റെ ചില വേരിയൻ്റുകളിൽ സൺറൂഫ്, ഡാഷ്‌ക്യാം തുടങ്ങിയ സൗകര്യങ്ങളോടൊപ്പം 'ഫോളോ മീ ഹോം' ഹെഡ്‌ലാമ്പും ലഭ്യമാണ്. കാർ ഓഫ് ചെയ്ത ശേഷവും പ്രകാശിക്കുന്ന ഈ ഹെഡ്‌ലാമ്പുകൾ നിങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നു.
മൈക്രോ-എസ്‌യുവി വിഭാഗത്തിലെ മറ്റൊരു ശക്തമായ മത്സരാർത്ഥിയായ ടാറ്റ പഞ്ച്, 5-സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗിലൂടെ കരുത്തുറ്റ നിർമാണ നിലവാരം തെളിയിക്കുന്നു. 10 ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭ്യമായ ഈ കാറിന്റെ പല വേരിയൻ്റുകളിലും "ഫോളോ മീ ഹോം" ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹ്യുണ്ടായ് എക്സ്റ്ററിന് ശക്തമായൊരു എതിരാളിയായി പഞ്ച് വിപണിയിൽ ഉണ്ട് എന്ന കാര്യം മറക്കരുതേ.
തുടക്കക്കാർക്കും കുടുംബങ്ങൾക്കും താങ്ങാനാവുന്ന വിലയിലുള്ള കോംപാക്റ്റ് എസ്‌യുവിയാണ് നിസാൻ മാഗ്‌നൈറ്റ്. 10 ലക്ഷം രൂപയിൽ താഴെയുള്ള വിലയിൽ, ഇതിന്റെ ടോപ്പ് എൻഡ് വേരിയൻ്റിൽ 360-ഡിഗ്രി ക്യാമറയും 'ഫോളോ മീ ഹോം' ഫീച്ചറും വാഗ്ദാനം ചെയ്യുന്നു. 2020-ൽ വിപണിയിലെത്തിയ മാഗ്‌നൈറ്റ്, ഇന്ത്യയിൽ നിസാൻ വിൽക്കുന്ന രണ്ട് കാറുകളിൽ ഒന്നാണ്.
'ഫോളോ മീ ഹോം' ഹെഡ്‌ലാമ്പുകൾ കാർ പാർക്ക് ചെയ്ത ശേഷം യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തേക്ക് പോകാനുള്ള വഴി വ്യക്തമാക്കാൻ സഹായിക്കുന്ന ഒരു സുരക്ഷാ ഫീച്ചറാണ്. ഇത് ഡ്രൈവർമാർക്കും യാത്രക്കാർക്കും രാത്രി കാലങ്ങളിൽ വലിയ ആശ്വാസമാണ് നൽകുന്നത്. ഈ സൗകര്യങ്ങളോടുകൂടിയ ഒരു വാഹനം 10 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വന്തമാക്കാൻ കഴിയുന്നത് തീർച്ചയായും വലിയ നേട്ടം തന്നെയാണ് എന്ന കാര്യം പ്രത്യേകം ഓർമപ്പിക്കുകയാണ്.


Click it and Unblock the Notifications








