പാര്‍ക്ക് ചെയ്യാന്‍ പരസഹായം വേണ്ടിവരില്ല! 10 ലക്ഷം രൂപയില്‍ താഴെ കിട്ടും ഈ ഫീച്ചറുള്ള കാറുകള്‍
പണ്ട് കാലത്ത് ഇന്നത്തെ മോഡേണ്‍ കാറുകളില്‍ കാണുന്ന ഫീച്ചറുകളും സൗകര്യങ്ങളും ഇല്ലായിരുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പഴയ കാറുകള്‍ പാര്‍ക്ക് ചെയ്യാനും തിരിക്കാനുമെല്ലാം നല്ല ബുദ്ധിമുട്ടായിരുന്നു. പരിചയമില്ലാത്ത സ്ഥലമാണെങ്കില്‍ ഒന്നുകില്‍ ഇറങ്ങി നോക്കിയ ശേഷം വാഹനം തിരിക്കുകയോ അല്ലെങ്കില്‍ പരസഹായമോ ആവശ്യമായി വരും. ഇന്നത്തെ കാലത്ത് പക്ഷേ ഇതിനെല്ലാം സഹായമായി ഡ്രൈവര്‍ക്ക് ഒരു 'മൂന്നാം കണ്ണ്' ലഭിക്കുന്നു. അതാണ് 360-ഡിഗ്രി ക്യാമറ. കാറുകളില്‍ കാണപ്പെടുന്ന ഈ സവിശേഷത നിങ്ങളുടെ കാറിന്റെ ചുറ്റുപാടിനെ കുറിച്ച് റിയല്‍ടൈം 'ബേര്‍ഡ്‌ഐ വ്യൂ'വിലുള്ള കാഴ്ച തരുന്നു.
ഒരു പക്ഷി പറക്കുമ്പോള്‍ അത് താഴേക്ക് നോക്കുമ്പോള്‍ അത് കാണുന്നത് ഏത് തരത്തിലാണോ അങ്ങിനെയുള്ള ദൃശ്യങ്ങള്‍ നമുക്ക് ലഭിക്കുമെന്ന് സാരം. ഇന്ന് കാര്‍ വാങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഫീച്ചറുകളില്‍ ഒന്നാണ് 360 ഡിഗ്രി ക്യാമറ. എന്നിരുന്നാലും എല്ലാ കാറുകളിലും ഈ ഫീച്ചര്‍ ലഭ്യമല്ല.

10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വരുന്ന ചില കാറുകളിലും 360-ഡിഗ്രി ക്യാമറ ഓഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുത്ത വേരിയന്റുകളില്‍ മാത്രമേ ഈ ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ. 10 ലക്ഷം ബജറ്റില്‍ കിട്ടുന്ന 360 ഡിഗ്രി ക്യാമറ സജ്ജീകരിച്ച കാറുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
മാരുതി സുസുക്കി ഡിസയര്‍: നിലവില്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കോാപാക്ട് സെഡാനാണ് ഡിസയര്‍. ജനപ്രിയ മോഡലിലിന്റെ നാലാം തലമുറ പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. തലമുറ മാറ്റത്തിന്റെ സമയത്ത് ഡിസയറില്‍ 360-ഡിഗ്രി ക്യാമറ ഉള്‍പ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഡിസയര്‍ കാറിന്റെ എല്ലാ വേരിയന്റുകളിലും 360-ഡിഗ്രി ക്യാമറ വാഗ്ദാനം ചെയ്യുന്നില്ല. വിലകൂടിയ ZXi പ്ലസ് വേരിയന്റില്‍ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ ഇതിന്റെ എക്‌സ്-ഷോറൂം വില 9.69 ലക്ഷം രൂപയാണ്.

നിസാന്‍ മാഗ്‌നൈറ്റ്: ഇന്ത്യന്‍ വിപണിയില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഏക അത്താണിയാണ് മാഗ്‌നൈറ്റ്. ഹാച്ച്ബാക്കിന്റെ വിലയില്‍ ലഭ്യമാകുന്ന എസ്‌യുവിയെന്ന നിലയില്‍ 2020-ല്‍ നിസാന്‍ മാഗ്‌നൈറ്റ് പുറത്തിറക്കിയത്. മാഗ്‌നൈറ്റിന്റെ ടെക്ന വേരിയന്റിലാണ് 360 ഡിഗ്രി ക്യാമറ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. 360 ഡിഗ്രി ക്യാമറയുമായി വരുന്ന ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാറാണ് മാഗ്‌നൈറ്റ്. ഈ കാറിന്റെ ടെക്ന വേരിയന്റിന്റെ എക്സ്-ഷോറൂം വില നിലവില്‍ 8.90 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
മാരുതി സുസുക്കി ബലേനോ/ ടൊയോട്ട ഗ്ലാന്‍സ: മാരുതി സുസുക്കിയും ടൊയേട്ടയും പരസ്പരം കാറുകളും സാങ്കേതികവിദ്യകളും കൈമാറ്റം ചെയ്യുന്ന കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ. ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പായതിനാലാണ് ഗ്ലാന്‍സ ഇതിന്റെ കൂടെ പരിഗണിച്ചത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കുകളാണ് ഇവ. ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഉണ്ടെങ്കിലും ബലേനോയുടെയും ഗ്ലാന്‍സയുടെയും ഫീച്ചര്‍ ലിസ്റ്റ് സമാനമാണ്.

തുടക്കത്തില്‍ കാറുകളില്‍ ഈ സൗകര്യം ലഭ്യമായിരുന്നില്ലെങ്കിലും ഇടക്ക് വരുത്തിയ അപ്‌ഡേറ്റിലാണ് ഇവ കൂട്ടിച്ചേര്‍ത്തത്. ബലേനോയുടെ ആല്‍ഫ വേരിയന്റിലും ഗ്ലാന്‍സയുടെ V വേരിയന്റിലും 360-ഡിഗ്രി ക്യാമറ ലഭ്യമാണ്. നിലവില്‍, ബലേനോ ആല്‍ഫ വേരിയന്റിന്റെ വില 9.82 ലക്ഷം രൂപയാണ്. മറുവശത്ത് ഗ്ലാന്‍സ V വേരിയന്റിന് 9.92 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
ഇടുങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക, ഗതാഗതക്കുരുക്കില്‍ സുഗമമായി വാഹനമോടിക്കുക, കാല്‍നടയാത്രക്കാരുമായോ സൈക്കിള്‍ യാത്രക്കാരുമായോ അനാവശ്യമായ കൂട്ടിയിടികള്‍ ഒഴിവാക്കുക എന്നിങ്ങനെ നിരവധി ഉപകാരങ്ങളാണ് 360 ഡിഗ്രി ക്യാമറ കൊണ്ടുള്ളത്. ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കണ്ടെത്താന്‍ കഴിയുന്നതിനാല്‍ ഇടുങ്ങിയ തെരുവുകളില്‍ പോലും പാര്‍ക്കിംഗ് എളുപ്പമാക്കുന്നു. 360-ഡിഗ്രി ക്യാമറ ബേഡ് ഐ വ്യൂ നല്‍കുന്നതിനാല്‍ ഡ്രൈവര്‍ക്ക് ചുറ്റുപാടും കൃത്യമായി നിരീക്ഷിച്ച് വളയം പിടിക്കാന്‍ സാധിക്കും.
കാറിലെ 360 ഡിഗ്രി ക്യാമറ ആഡംബര സവിശേഷതയായി കാണാന്‍ പറ്റില്ല. ഇത് ഒരു സുരക്ഷാ സവിശേഷത കൂടിയാണ്. പ്രത്യേകിച്ച് വാഹനം റിവേഴ്സ് എടുക്കേേമ്പാള്‍ കാറിന്റെ ചുറ്റുപാടും കാണാന്‍ സഹായിക്കുന്നത് നിരവധി അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള അത്തരമൊരു സവിശേഷതയുള്ള കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുകളില്‍ സൂചിപ്പിച്ച മോഡലുകളില്‍ ഒന്ന് പരിഗണിക്കാവുന്നതാണ്. ഈ ഉത്സവകാലത്ത് വാങ്ങുമ്പോള്‍ മികച്ച ആനുകൂല്യങ്ങളുമുണ്ടാകും.


Click it and Unblock the Notifications








