കൈയിലൊതുങ്ങും വിലയിൽ 100 bhp കരുത്തുള്ള കാറുകൾ; ഇനി പവർ കുറഞ്ഞുപോയെന്ന് ആരും പറയില്ല
ഇന്ത്യയിൽ കുറഞ്ഞ വിലയിൽ കിടിലൻ പെർഫോമൻസ് നൽകുന്ന കാറുകൾ വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് 100 bhp പവറോളം വികസിപ്പിക്കാനാവുന്ന പുതിയ കാറുകൾക്ക് വലിയ ഡിമാൻഡാണ്. കാരണം ഈ കാറുകൾ ഡ്രൈവ് ചെയ്യാൻ കൂടുതൽ എളുപ്പവും, കൂടാതെ നല്ല മൈലേജും ലഭിക്കുന്നതിനാൽ ഇത് സാധാരണ ഉപഭോക്താവിന് പ്രായോഗികവും ആസ്വാദ്യകരവുമായ ഒരു ഓപ്ഷനായിരിക്കുന്നു. ഈ പറഞ്ഞ കൂട്ടത്തിൽപ്പെടുന്ന ആളുകളാണ് നിങ്ങളെങ്കിൽ 100 bhp നൽകുന്ന കുറഞ്ഞ വിലയിലുള്ള ഏതാനും ചില മോഡലുകളെ ഈ ലേഖനത്തിലൂടെ പരിചയപ്പെടാം.
മഹീന്ദ്ര XUV 3XO: ശക്തമായ പ്രകടനവും പ്രീമിയം ഫീച്ചറുകളും ഡിസൈനും നൽകുന്ന ഈ എസ്‌യുവി, യുവാക്കൾക്കായാലും മികച്ച ഓപ്ഷനുകളിൽ ഒന്നാണ്. 7.28 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ലഭ്യമായ XUV 3XO രണ്ട് 1.2L പെട്രോൾ എഞ്ചിൻ, ഒരു 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ടർബോ പെട്രോൾ 111 bhp കരുത്തും 200 Nm ടോർക്കും ഉത്പാദിപ്പിക്കുകയും ഒപ്പം 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിട്ടുമുണ്ട്.

ടാടാ നെക്സോൺ: 100 bhp ക്ലാസിൽ ഏറ്റവും ബാലൻസ്ഡ് പെർഫോമൻസ് നൽകുന്ന കോംപാക്ട് എസ്‌യുവികളിലൊന്നാണ് നെക്സോൺ. 1.2-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ നൽകുന്ന 116 bhp പവറും 170 Nm ടോർക്കും സിറ്റിയിലും ഹൈവേയിലും ഒരുപോലെ ആത്മവിശ്വാസമുള്ള ഡ്രൈവിംഗ് നൽകുന്നുണ്ട്. മൈലേജിൻ്റെ കാര്യത്തിൽ മാനുവൽ പതിപ്പ് ശരാശരി 17-18 കിലോമീറ്റർ വരെ എത്തുമ്പോൾ AMT ഏകദേശം 16 കിലോമീറ്റർ വരെ നൽകും. എക്സ്ഷോറൂം വില 7.32 ലക്ഷം മുതലാണ്.
സ്കോഡ കൈലാക്: ശക്തമായ യൂറോപ്യൻ പ്രകടനം അന്വേഷിക്കുന്നവർക്ക് ഏറ്റവും പുതിയ ഒരു ആകർഷകമായ മോഡലാണ് കൈലാക്. ക്ലാസിക് വേരിയന്റിന് ഇന്ത്യയിൽ 7.55 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 1.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിൽ വരുന്ന ഈ എസ്‌യുവി, ഏകദേശം 112 ബിഎച്ച്പി പവറും 178 എൻഎം ടോർക്കും നൽകുന്നുണ്ട്. കൂടാതെ മൈലേജിൽ മാനുവൽ വകഭേദങ്ങളിൽ 19 കിലോമീറ്റർ വരെയും, ഓട്ടോമാറ്റിക്കിൽ ഏകദേശം 18 കിലോമീറ്റർ വരെയുമാണ്.

മാരുതി സുസുക്കി ബ്രെസ്സ: വിശ്വസനീയതയും പ്രായോഗികതയും ഒരുമിച്ച് നൽകുന്ന ഏറ്റവും സ്ഥിരതയുള്ള മോഡലുകളിൽ ഒന്നാണ് ബ്രെസ്സ. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 100 ബിഎച്ച്പി പവറും 139 എൻഎം ടോർക്കും ദിനംപ്രതി യാത്രകളിലും ദൈർഘ്യമേറിയ ഹൈവേ ഡ്രൈവുകളിലും മികച്ച അനുഭവം നൽകുന്നു. മൈലേജിൽ മാനുവൽ പതിപ്പ് ശരാശരി 17 കിലോമീറ്റർ വരെ, ഓട്ടോമാറ്റിക് പതിപ്പ് ഏകദേശം 19 കിലോമീറ്ററും വരെ നൽകുന്നതോടെ ഉപയോഗച്ചെലവും വളരെ കുറവാണ്.
സിട്രൺ C3X ടർബോ: 100 ബിഎച്ച്പി ശ്രേണിയിൽ ശക്തമായ ടർബോ പ്രകടനം നൽകുന്ന കാറുകളിലൊന്നാണ് C3 എക്സ് ടർബോ. 1.2 ലിറ്റർ ടർബോ എഞ്ചിൻ നൽകുന്ന 107 ബിഎച്ച്പി പവറും 190-205 എൻഎം വരെ ഉയരുന്ന ടോർക്കും ഈ കാറിനെ നഗര യാത്രകളിലും ഹൈവേ ഡ്രൈവുകളിലും ഒരുപോലെ തിളക്കമുള്ളതാക്കുന്നു. മാനുവൽ പതിപ്പ് 19.3 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പ് 18 കിലോമീറ്റർ വരെ മൈലേജ് നൽകുന്നതിനാൽ ദിനംപ്രതി ഉപയോഗച്ചെലവുകളും നിയന്ത്രണവിധേയമാണ്.

നിസാൻ മാഗ്നൈറ്റ് ടർബോ: ഈ ശ്രേണിയിൽ ഏറ്റവും മൂല്യമുള്ള പാക്കേജായി കണക്കാക്കപ്പെടുന്നൊരു കോംപാക്ട് എസ്‌യുവിയാണിത്. 1.0 ലിറ്റർ ടർബോ പെട്രോൾ നൽകുന്ന 100 ബിഎച്ച്പി പവറും 160 എൻഎം വരുന്ന ടോർക്കും കാറിനെ തന്റെ സെഗ്മെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മോഡലാക്കി മാറ്റുന്നു. മാനുവൽ പതിപ്പ് 20 കിലോമീറ്റർ വരെയും CVT ഓട്ടോമാറ്റിക് പതിപ്പ് 17-18 കിലോമീറ്റർ വരെയും മൈലേജ് നൽകുന്നത്. ഇതിന്റെ എക്സ്ഷോറൂം വില 8.60 ലക്ഷം രൂപയാണ്.
കിയ സോനെറ്റ്: 8.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ വരുന്ന സോനെറ്റ് 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ഡീസൽ എന്നിവക്കൊപ്പമാണ് ലഭ്യമാകുന്നത്. ടർബോ എഞ്ചിൻ 116 ബിഎച്ച്പി പവറും 172 Nm ടോർക്കും നൽകുന്നുണ്ട്. ഡ്രൈവിംഗ് അനുഭവം കൂടുതൽ ആന്ദകരമാക്കാൻ 6-സ്പീഡ് iMT, 7-സ്പീഡ് DCT ഓപ്ഷനും ലഭിക്കുന്നുണ്ട്. ARAI കണക്കു പ്രകാരം iMT പതിപ്പ് 18.2 കിലോമീറ്റർ വരെ, DCT പതിപ്പ് 19.2 കിലോമീറ്റർവരെയും മൈലേജ് നൽകുന്നു.


Click it and Unblock the Notifications








