കാറേതായാലും കളർ ബ്ലാക്ക് തന്നെ; മുഖ്യമന്ത്രിയുടെ യാത്രാസുഖത്തിന് ബെസ്റ്റ് ഓപ്ഷൻ ഇതാണ്
കേരളത്തിൽ ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് പുതിയ വാഹനം വാങ്ങാൻ ധനകാര്യ വകുപ്പ് 1.10 കോടി അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അനുവദിച്ചിരിക്കുന്ന വാഹനങ്ങൾ മൂന്ന് വർഷത്തിൽ കൂടുതലോ ഒന്നരലക്ഷം കിലോമീറ്ററിലോ കൂടുതൽ ഉപയോഗിക്കരുതെന്നാണ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ നിർദേശം. അത് കൊണ്ടാണ് 3 വർഷങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി കിയ കാർണിവലിലേക്ക് മാറിയത്. അതോടൊപ്പം തന്നെ രണ്ട് ഇന്നോവ ക്രിസ്റ്റയും വാങ്ങിയിരുന്നു. തലസ്ഥാനത്തെ യാത്രകൾക്ക് വേണ്ടി മുഖ്യൻ കൂടുതലും ക്രിസ്റ്റ തന്നെയാണ് ഉപയോഗിക്കുന്നത്. ദൂരയാത്രകൾക്ക് പ്രത്യേകിച്ച് മലബാറിലേക്ക് പോകുന്നതിന് വേണ്ടിയാണ് കാർണിവൽ ഉപയോഗിക്കുന്നത്.
മുഖ്യമന്ത്രി വാങ്ങാൻ പോകുന്നത് ഏത് വാഹനമായിരിക്കുമെന്നാണല്ലോ എല്ലാവരും തലപുകയ്ക്കുന്നത്. ഞങ്ങളും അത് ആലോചിച്ച് തല പുകയ്ക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ മനസിലേക്ക് വരുന്ന രണ്ട് വാഹനങ്ങളുടെ ലിസ്റ്റ് നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ചിലരുടെ നിഗമനം കിയ കാർണിവൽ തന്നെയായിരിക്കും വാങ്ങുക എന്നതാണ്. എന്നാൽ മറ്റൊരു പേരും വന്നിട്ടുണ്ട് കേട്ടോ. അത് മറ്റാരുമല്ല ടൊയോട്ട വെൽഫയറാണ്. യാത്രസുഖത്തിൽ ടൊയോട്ടയുടെ ഈ എംപിവിയെ വെല്ലാൻ വേറെ ആരുമില്ല എന്നത് മറ്റൊരു സത്യമാണ്.

ഇനി നിറത്തിലേക്ക് വന്നാൽ കറുപ്പ് നിറത്തിലുള്ള വാഹനങ്ങൾ വാങ്ങിയപ്പോൾ വലിയ രീതിയിലുള്ള കമൻ്റുകളായിരുന്നു അന്ന് സോഷ്യൽ മീഡിയയിൽ വന്നത്. അത് കൊണ്ട് വീണ്ടും കറുപ്പ് നിറത്തിലേക്ക് തന്നെ മുഖ്യൻ പോകുമോ എന്ന് കണ്ടറിയണം. മുഖ്യൻ്റെ വാഹനവ്യൂഹത്തിലെ കാർണിവൽ കൂടാതെ രണ്ട് ക്രിസ്റ്റയാണുളളത്. തലസ്ഥാനത്തെ യാത്രകൾക്ക് ക്രിസ്റ്റ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ക്രിസ്റ്റയാണോ ഇനി മാറുന്നത് എന്നൊരു കരകമ്പിയും നിലവിലുണ്ട് കേട്ടോ. നിറം കറുപ്പായിരിക്കും എന്ന് തന്നെ നമ്മുക്ക് അനുമാനിക്കാം.
ഇനി മുഖ്യൻ്റെ ഔദ്യോഗിക വാഹനമായി വെൽഫയർ എത്തിയാൽ അതൊരു കിടിലൻ കോംബോ തന്നെയായിരിക്കും. ഇരട്ടചങ്കനായ മുഖ്യമന്ത്രിക്ക് പെട്രോൾ-ഹൈബ്രിഡ് കരുത്തുള്ള വെൽഫയർ മികച്ചൊരു ഓപ്ഷൻ തന്നെയാണ്. ഒരു കാരവാൻ അനുഭവം നൽകുന്ന ഈ മോഡലിൻ്റെ പ്രത്യേകത തന്നെ അന്യായ യാത്രാസുഖമാണ്.

ഡിസൈനിലേക്ക് നോക്കിയാൽ കൂറ്റൻ സിക്‌സ് സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ, വശങ്ങളിലെ വലിയ ഗ്ലാസ് ഏരിയ, സ്ലൈഡിംഗ് ഡോറുകൾ, V-ആകൃതിയിലുള്ള ടെയിൽ ലാമ്പ് എന്നിവയെല്ലാമാണ് എടുത്ത് പറയാനുള്ളത്. ജാപ്പനീസ് ബ്രാൻഡിന്റെ TNGA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം പണിതീർത്തിരിക്കുന്നത്.
വെൽഫയറിന്റെ വലിപ്പത്തിലേക്ക് നോക്കിയാൽ 4,995 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,950 മില്ലീമീറ്റർ ഉയരവും 3,000 മില്ലീമീറ്റർ വീൽബേസാണ് എംപിവിക്കുള്ളത്. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വെൽഫയർ വാങ്ങാനാവുക. ഇതിൽ വിഐപി പതിപ്പിന് എക്സിക്യൂട്ടീവ് ലോഞ്ച് പാക്കേജും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്ലാറ്റിനം പേൾ വൈറ്റ്, ജെറ്റ് ബ്ലാക്ക്, പ്രെഷ്യസ് മെറ്റൽ എന്നീ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ കഴിയുന്നതും.

ആദ്യം സൂചിപ്പിച്ചത് പോലെ ചിലപ്പോൾ കിയ കാർണിവൽ തന്നെ വാങ്ങാൻ സാധ്യതയും തളളിക്കളയാൻ സാധിക്കില്ല. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ആക്ടീവ് ലെയ്ന്‍ കീപ്പിംഗ്, മുതലായവയാണ് കാര്‍ണിവലിന്റെ സുരക്ഷാ സവിശേഷതകളിൽ കിയ മോട്ടോർസ് ഇന്ത്യ വാഗ്‌ദാനം ചെയ്യുന്നത്. അത് കൊണ്ട് തന്നെ സുരക്ഷയുടെ കാര്യത്തിൽ ഇത്രയും നാൾ മുഖ്യനെ സംരക്ഷിച്ചത് പോലെ മുന്നോട്ടും ചുമതലയേൽക്കാൻ വന്നേക്കാം. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യാൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








