28.1 കി.മീ മൈലേജുള്ള പുത്തൻ കാര്‍ പുറത്തിറങ്ങി! 5 പേര്‍ക്ക് പോകാം, വില വെറും 7.16 ലക്ഷം മാത്രം
പെട്രോളിനും ഡീസലിനും തീപിടിച്ച വിലയായതിനാല്‍ കംപ്രസ്ഡ് നാചുറല്‍ ഗ്യാസ് അടക്കമുള്ള ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. മാരുതി സുസുക്കി, ടാറ്റ, ഹ്യുണ്ടായി എന്നീ കമ്പനികള്‍ ഇപ്പോള്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി വരുന്ന കാറുകള്‍ വാഗ്ദാനം ചെയ്യുന്നു. ജാപ്പനീസ് ബ്രാന്‍ഡ് ആയ ഹോണ്ട റെട്രോ ഫിറ്റ് ചെയ്യാവുന്ന സിഎന്‍ജി കിറ്റുകള്‍ നല്‍കി വരുന്നു. ബദല്‍ ഓപ്ഷനുകള്‍ക്കായുള്ള ആവശ്യകതയും രാജ്യത്തുടനീളമുള്ള സിഎന്‍ജി അടിസ്ഥാന സൗകര്യങ്ങളുടെ വികാസവും കണക്കിലെടുത്ത് ഫ്രഞ്ച് ബ്രാന്‍ഡ് ആയ സിട്രണും ഇപ്പോള്‍ സിഎന്‍ജി വിഭാഗത്തിലേക്ക് കാലുകുത്തിയിരിക്കുകയാണ്. ഡീലര്‍ ഫിറ്റഡ് സിഎന്‍ജി കിറ്റ് ഓപ്ഷനാണ് സിട്രണും വാഗ്ദാനം ചെയ്യുന്നത്.
കമ്പനിയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലായ C3 ഹാച്ച്ബാക്കാണ് ഇപ്പോള്‍ സിഎന്‍ജി മോഡലായി വിപണിയിലെത്തിയിരിക്കുന്നത്. സിട്രണ്‍ C3 മോഡലില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കാന്‍ 93000 രൂപയാണ് അധികം ചെലവ് വരുന്നത്. ഇതോടെ സിട്രണ്‍ C3-യുടെ വില 7.16 ലക്ഷം രൂപയാകും. എക്‌സ്‌ഷോറൂം വിലയാണിത്. പുതിയ സിട്രണ്‍ C3 സിഎന്‍ജി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ കാറിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് C3 സിഎന്‍ജി വേരിയന്റിന് കരുത്ത് പകരുന്നത്. പെട്രോള്‍ മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ എഞ്ചിന്‍ 82 bhp പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിട്രണ്‍ C3യില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് സജ്ജീകരിച്ചിരിക്കുന്നത്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹാച്ച്ബാക്കിന്റെ പെര്‍ഫോമന്‍സ് കണക്കുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന കാര്‍ കിലോഗ്രാമിന് 28.1 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു.
റൈഡ് നിലവാരം സ്ഥിരത പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സിട്രണ്‍ സിഎന്‍ജി വേരിയന്റിന്റെ റിയര്‍ സസ്പെന്‍ഷന്‍ നവീകരിച്ചിട്ടുണ്ട്. സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാളേഷന്‍ സുഗമമാക്കുന്നതിനായി ഈ മേഖലയിലെ പ്രമുഖരായ ലൊവാറ്റോയുമായി സിട്രണ്‍ ഇന്ത്യ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പ്രകടനത്തിലോ സുരക്ഷയിലോ വിട്ടുവീഴ്ച ചെയ്യാതെ സിട്രണ്‍ C3 ഉടമകളെ അവരുടെ വാഹനങ്ങള്‍ വിശ്വസനീയമായി സിഎന്‍ജിയിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഈ സഹകരണം വഴി സാധ്യമാകും.
55 ലിറ്റര്‍ (വാട്ടര്‍ കപാസിറ്റി) ശേഷിയുള്ള സിലിണ്ടറാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. ഫുള്‍ ടാങ്ക് സിഎന്‍ജിയില്‍ 170 മുതല്‍ 200 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് സിട്രണ്‍ പറയുന്നത്. ലൈവ്, ഫീല്‍, ഫീല്‍(0), ഷൈന്‍ എന്നീ നാല് വ്യത്യസ്ത ട്രിം ലെവലുകളില്‍ സിട്രണ്‍ C3 സിഎന്‍ജി ലഭ്യമാണ്. ഇന്ത്യയിലെ എക്‌സ്-ഷോറൂം വില 7.16 ലക്ഷം മുതല്‍ 9.24 ലക്ഷം രൂപ വരെ പോകുന്നു.
C3 പെട്രോള്‍ മോഡലിനൊപ്പം സിട്രണ്‍ C3 സിഎന്‍ജി പതിപ്പിന് 3 വര്‍ഷം/1 ലക്ഷം കിലോമീറ്റര്‍ വാറണ്ടി വാഗ്ദാനം ചെയ്യുന്നു. മാരുതി വാഗണ്‍ ആറിനെ അപേക്ഷിച്ച് സിട്രണ്‍ C3-യുടെ വില അല്‍പ്പം കൂടും. അതേസമയം ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവയെ അപേക്ഷിച്ച് വില കുറവാണ്. സിഎന്‍ജിയിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവരെ ഈ വിലനിര്‍ണയ തന്ത്രം വഴി ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് ഫ്രഞ്ചുകാരുടെ പ്രതീക്ഷ.
പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സിട്രണ്‍ ഇന്ത്യ C3 സിഎന്‍ജിയുടെ പുറത്തിറക്കിയിരിക്കുന്നത്. ഒരു ഹാച്ച്ബാക്കിന്റെ പ്രായോഗികതയും ഒരു സിഎന്‍ജി പവര്‍ട്രെയിനിന്റെ കാര്യക്ഷമതയും സംയോജിപ്പിച്ച് സിട്രണ്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഒരു പാക്കേജ് വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളം സിഎന്‍ജി അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിസ്ഥിലതി സൗഹൃദമായ ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ഒരുങ്ങുകയാണ് സിട്രണ്‍ C3 സിഎന്‍ജി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








