കഴിഞ്ഞ മാസം 2 മാസമായി വില്‍പ്പന 0! ഈ യമണ്ടന്‍ എസ്‌യുവി ഇപ്പോൾ ₹2.67 ലക്ഷം വിലക്കുറവില്‍
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ്ടി പരിഷ്‌കരണം ഇന്ത്യയിലെ ഓട്ടോമൊബൈല്‍ രംഗത്ത് സൃഷ്ടിച്ച അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഒട്ടുമിക്ക കമ്പനികളും ജിഎസ്ടി നിരക്ക് ഇളവിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണ്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ക്ക് ശേഷമുള്ള വില വിവരപ്പട്ടിക പുറത്തുവിട്ടിരുന്നു. സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന പ്രീമിയം എസ്‌യുവിയാണ് C5 എയര്‍ക്രോസ്. ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷം ഈ കാറിന്റെ വില 2.67 ലക്ഷം രൂപ കുറയുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. നേരത്തെ, C5 എയര്‍ക്രോസിന്റെ ഷൈന്‍ വേരിയന്റ് 39.99 ലക്ഷം രൂപയ്ക്കായിരുന്നു വിറ്റിരുന്നത്.
ഇനി ഇതേ വേരിയന്റ് 37.32 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വാങ്ങാം. കാറിന് 6.68 ശതമാനത്തോളം വിലക്കിഴിവിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. കമ്പനി ഈ കാര്‍ ഒറ്റ വേരിയന്റില്‍ മാത്രമേ വില്‍ക്കുന്നുള്ളൂ. സിംഗിള്‍, ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാണ്. കഴിഞ്ഞ 6 മാസത്തിനിടെ വെറും 56 പേര്‍ മാത്രമാണ് ഈ കാര്‍ വാങ്ങിയത്. അതില്‍ തന്നെ 2025 മാര്‍ച്ച്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ വില്‍പ്പന പൂജ്യമായിരുന്നു.

2025 ഏപ്രില്‍ (54 യൂണിറ്റ്) മാസം മാത്രമാണ് വില്‍പ്പന രണ്ടക്കം കടന്നത്. കഴിഞ്ഞ വില വെട്ടിക്കുറച്ചതിനാല്‍ ഈ കാറിന്റെ വില്‍പ്പന കൂടാന്‍ സാധ്യതയുണ്ട്.സിട്രണ്‍ C5 എയര്‍ക്രോസിനെ കുറിച്ച് പറയുമ്പോള്‍ ഈ എസ്‌യുവിക്ക് 4500 mm നീളവും 1969 mm വീതിയും 1710 mm ഉയരവുമുണ്ട്. 2730 mm ആണ് ഇതിന്റെ വീല്‍ബേസ്.
എല്‍ഇഡി വിഷന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, 3ഡി എല്‍ഇഡി റിയര്‍ ലാമ്പുകള്‍, ഒആര്‍വിഎമ്മുകളില്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് ഈ കാറിന്റെ എക്സ്റ്റീരിയറിലെ പ്രധാന ആകര്‍ഷണങ്ങള്‍. ആംബിയന്റ് ബ്ലാക്ക് 'ക്ലോഡിയ' ലെതറും ലെതര്‍-എഫക്റ്റ് ഫാബ്രികും പനോരമിക് സണ്‍റൂഫും ഉള്ള മെട്രോപൊളിറ്റന്‍ ബ്ലാക്ക് ഇന്റീരിയറാണ് കാറിനുള്ളത്.

അക്കോസ്റ്റിക് ലാമിനേറ്റഡ് ഫ്രണ്ട് വിന്‍ഡോയും വിന്‍ഡ്‌സ്‌ക്രീനും കാറിനുണ്ട്. ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ ഡ്രൈവര്‍ സീറ്റും അഡ്ജസ്റ്റ് ചെയ്യാവുന്ന റിക്ലൈന്‍ ആംഗിളോട് കൂടിയ ഫുള്‍ സൈസ് റിയര്‍ സീറ്റും എസ്‌യുവിക്ക് ലഭിക്കുന്നു. റിയര്‍ എസി വെന്റിനൊപ്പം ഡ്യുവല്‍ സോണ്‍ ഇലക്ട്രോണിക് ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോളും ആക്ടിവേറ്റഡ് കാര്‍ബണ്‍ ഫില്‍ട്ടറും ലഭ്യമാണ്.
31.24 സെന്റീമീറ്റര്‍ കസ്റ്റമൈസ് ചെയ്യാവുന്ന ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിനുള്ളത്. സെന്‍ട്രല്‍ യൂണിറ്റിന് 25.4 സെന്റിമീറ്റര്‍ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഉണ്ട്. ഇത് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു. ഹാന്‍ഡ്‌സ് ഫ്രീ ഇലക്ട്രിക് ടെയില്‍ ഗേറ്റുള്ള കാറില്‍ 580 ലിറ്ററിന്റെ ബൂട്ട് സ്പേസാണ് ഉള്ളത്. പിന്‍സീറ്റ് മടക്കിയാല്‍ ബൂട്ട് ശേഷി 720 ലിറ്ററാക്കി ഉയര്‍ത്താം.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ സിട്രണ്‍ C5 എയര്‍ക്രേസിന് 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ DW10FC ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 177 PS പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ലിറ്ററിന് 17.5 കിലോമീറ്ററാണ് ഈ എസ്‌യുവിയുടെ ക്ലെയിംഡ് മൈലേജ്.
6 എയര്‍ബാഗുകള്‍, കോഫി ബ്രേക്ക് അലേര്‍ട്ട്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, റിവേഴ്‌സ് ക്യാമറ, ഫ്രണ്ട് പാസഞ്ചര്‍, റിയര്‍ സീറ്റുകളില്‍ 3-പോയിന്റ് ISOFIX മൗണ്ടിംഗ്, ഫ്രണ്ട് ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനര്‍ എന്നിവ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നു. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ C5 എയര്‍ക്രോസ് 4-സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്.
ലോകോത്തര കാര്‍ നിര്‍മാതാക്കളായ സിട്രണ്‍ C5 എയര്‍ക്രോസ് ഉള്‍പ്പെടെ ഒന്നിലേറെ കാറുകള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിച്ചിട്ടും കാര്യമായി ക്ലച്ചുപിടിച്ചിട്ടില്ല. സിട്രണ്‍ C5 എയര്‍ക്രോസിന് തന്നെ മികച്ച നിരൂപക പ്രശംസ ലഭിച്ചിട്ടും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല. അതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് സിട്രണിന്റെ വില്‍പ്പനാനന്തര സേവനങ്ങളെ കുറിച്ചുള്ള പേടിയാണ്. കാരണം ഇന്ത്യയില്‍ കമ്പനിയുടെ സെയില്‍സ് ആന്‍ഡ് സര്‍വീസ് ശൃംഖല അത്ര വിപുലമല്ല. എന്നാല്‍ കമ്പനി ഈ പോരായ്മകളെല്ലാം തിരുത്തി ഇന്ത്യയില്‍ വേരൂന്നാനുള്ള ശ്രമങ്ങളിലാണ്.


Click it and Unblock the Notifications








