കാര്‍ വാങ്ങുന്നവരെ കണ്‍ഫ്യൂഷനാക്കുന്ന ഡിസംബര്‍! കൊട്ടക്കണക്കിന് ലാഭിക്കാം, പക്ഷേ ഇക്കാര്യം മറക്കരുത്
കാര്‍ ഉപഭോക്താക്കളെ ഏറ്റവും കണ്‍ഫ്യൂഷനാക്കുന്ന മാസം ഏതാണെന്ന് ചോദിച്ചാല്‍ ഡിസംബര്‍ എന്ന് പറയേണ്ടി വരും. ഡിസംബറില്‍ കാര്‍ വാങ്ങുന്നത് മറ്റു മാസങ്ങളില്‍ കാര്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പണം ലാഭിക്കാന്‍ അവസരമൊരുക്കുന്നുവെന്നതാണ് ഹൈലൈറ്റ്. എന്നാല്‍ ഇയര്‍ ഡിസംബറില്‍ കാര്‍ വാങ്ങുന്നത് കൊണ്ട് നേട്ടങ്ങള്‍ മാത്രമല്ല ചില കോട്ടങ്ങളുമുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതോടെ കാര്‍ വാങ്ങാനിരുന്നവര്‍ ആശയക്കുഴപ്പത്തിലാകും. നിങ്ങള്‍ ഈ മാസം കാര്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ എങ്ങിനെ ഏറ്റവും ലാഭകരമായ ഡീലില്‍ എത്താമെന്നും ഇയര്‍ എന്‍ഡ് ഓഫറില്‍ വാഹനം വാങ്ങുന്നത് കൊണ്ടുള്ള കുഴപ്പങ്ങള്‍ എന്തൊക്കെയാണെന്നുമാണ് നമ്മള്‍ ഈ ലേഖനത്തില്‍ പരിശോധിക്കാന്‍ പോകുന്നത്.
ഡിസംബറില്‍ കാര്‍ വാങ്ങുമ്പോള്‍ മറ്റ് മാസങ്ങളില്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ നേട്ടമുണ്ടെന്ന കാര്യം ശരി തന്നെയാണ്. കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും അവസാനത്തെ മാസമാണ് ഡിസംബര്‍. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും ഡിസംബറില്‍ ആ കൊല്ലം നിര്‍മ്മിച്ച എല്ലാ വാഹനങ്ങളും വിറ്റുതീര്‍ക്കാന്‍ നിര്‍മാതാക്കളും ഡീലര്‍മാരും ആഗ്രഹിക്കും. ഉദാഹരണമായി 2026 ജനുവരി മാസം പിറക്കുന്നതോടെ 2025-ല്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ ഒരു വര്‍ഷം പഴയതായി കണക്കാക്കപ്പെടും.

അതുകൊണ്ട് ഈ വര്‍ഷം നിര്‍മ്മിച്ച വാഹനങ്ങളുടെ സ്റ്റോക്ക് തീര്‍ക്കാന്‍ പരമാവധി ഓഫറുകള്‍ വാഗ്ദാനം ചെയ്യും.ഇത് ഡിസംബറില്‍ നിങ്ങള്‍ക്ക് മറ്റ് മാസങ്ങളില്‍ ലഭിക്കാത്ത ഡിസ്‌കൗണ്ടുകള്‍ ലഭ്യമാകാന്‍ വഴിയൊരുക്കുന്നു. ഇതുകൂടാതെ, ഓരോ വര്‍ഷവും എത്ര വാഹനങ്ങള്‍ വിറ്റുവെന്നതിന്റെ കണക്കുകള്‍ ഡിസംബര്‍ പൂര്‍ത്തിയാകുന്നതോടെ പുറത്തുവരും. കലണ്ടര്‍ വര്‍ഷത്തില്‍ വില്‍പ്പനയുടെ കാര്യത്തില്‍ നിശ്ചയിച്ച ടാര്‍ഗറ്റ് കൈവരിക്കാന്‍ ഡീലര്‍മാര്‍ക്ക് സമ്മര്‍ദമുണ്ടാകും. ഇതിന് പരമാവധി യൂണിറ്റുകള്‍ വിറ്റുതീര്‍ക്കാനായി ഡീലര്‍മാര്‍ പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കും.
ക്യാശ് ഡിസ്‌കൗണ്ടിന് പുറമെ ചിലപ്പോള്‍ സൗജന്യ ഇന്‍ഷുറന്‍സ്, എക്സ്റ്റന്‍ഡഡ് വാറണ്ടി, സൗജന്യ ആക്സസറികള്‍, പ്രത്യേക പലിശ നിരക്കില്‍ ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ എന്നിവയായിരിക്കും മുന്നോട്ട് വെക്കുക. ഈ ഓഫറുകളും മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കും. ഈ വര്‍ഷം പ്ലാന്‍ ചെയ്ത് കാര്‍ വാങ്ങാന്‍ നിന്നവര്‍ എല്ലാം തന്നെ ദീപാവലിക്ക് മുമ്പ് തന്നെ വാങ്ങിക്കാണും. അതുകൊണ്ട് ഡിസംബര്‍ മാസം ഷോറൂമകളില്‍ വലിയ രീതിയിലുള്ള തിരക്ക് ഉണ്ടാവില്ല.

ഈ സമയത്ത് ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് പരമാവധി 'വിലപേശി' മികച്ച ഓഫറില്‍ വാഹനം തരപ്പെടുത്താന്‍ അവസരമുണ്ട്. വര്‍ഷാവസാനം കുറഞ്ഞ വില്‍പ്പനയുള്ള കാറുകള്‍ വിറ്റ് ഒഴിവാക്കാനായി ഡീലര്‍മാര്‍ ഞെട്ടിപ്പിക്കുന്ന ചില ഓഫറുകള്‍ നല്‍കാറുണ്ട്. ചില കാറുകളുടെ അത്ര ജനപ്രിയമല്ലാത്ത വേരിയന്റുകള്‍ക്കും നിറങ്ങള്‍ക്കും ഒാഫര്‍ ഉണ്ടാകും. കാര്‍ വാങ്ങുമ്പോള്‍ കൃത്യമായ ചോയ്‌സ് ഇല്ലാതെ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറായാല്‍ ലക്ഷങ്ങളാണ് പോക്കറ്റിലാക്കാന്‍ പറ്റുക.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. നിങ്ങള്‍ റീസെയില്‍ വാല്യൂ നോക്കി കാര്‍ വാങ്ങുന്നയാള്‍ ആണെങ്കില്‍ ഡിസംബറില്‍ വിട്ടുപിടിക്കുന്നതാണ് നല്ലത്. ഈ മാസം ഒരു കാര്‍ വാങ്ങുന്നത് മോഡലിന്റെ മൂല്യം കുറച്ചുകൂടി കുറയ്ക്കുന്നു. കാരണം, ഡിസംബര്‍ മുതലാണെങ്കില്‍ പോലും നിങ്ങളുടെ ആര്‍സി ബുക്കില്‍ മോഡല്‍ ഇയര്‍ 2026 അല്ല 2025 ആയാണ് കാണിക്കുക.

നിങ്ങള്‍ വാഹനം വളരെക്കാലം അല്ലെങ്കില്‍ 5-6 വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്ന ഒരാളാണെങ്കില്‍ തീര്‍ച്ചയായും ഈ മാസം കാര്‍ വാങ്ങാം. ഇത്രയൊക്കെ വായിച്ച് കണ്‍ഫ്യൂഷനായോ? ഇയര്‍ എന്‍ഡ് ഓഫറില്‍ വാങ്ങണോ അതോ പുതുവര്‍ഷം പുതിയ മോഡല്‍ ഇയറില്‍ വരുന്നത് ബുക്ക് ചെയ്യണോ എന്ന സംശയത്തിലാണെങ്കില്‍ പേടിക്കേണ്ട. ബുക്ക് ചെയ്യാന്‍ പറ്റിയില്ലെങ്കിലും അടുത്ത വര്‍ഷം മുന്‍ വര്‍ഷം നിര്‍മ്മിച്ച മോഡല്‍ തിരഞ്ഞെടുക്കാന്‍ തീര്‍ച്ചയായും കഴിയും.
ഉദാഹരണത്തിന് MY2025 കാര്‍ മോഡലിന് അടുത്ത വര്‍ഷം MY2026 കാര്‍ മോഡലുകളേക്കാള്‍ മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. ചിലപ്പോള്‍ ഡീലര്‍മാര്‍ക്ക് ഇന്‍വെന്ററികള്‍ മുഴുവനായി വിറ്റുതീര്‍ക്കാന്‍ സാധിക്കില്ല. അപ്പോള്‍ അവ എങ്ങിനെയെങ്കിലും യാര്‍ഡില്‍ നിന്ന് നീക്കാനായി വാരിക്കോരി ഓഫര്‍ നല്‍കും. ഈ അവസരവും വേണമെങ്കില്‍ പ്രയോജനപ്പെടുത്താം. എന്നാല്‍ ഇതെല്ലാം സ്‌റ്റോക്കിന്റെ ലഭ്യതയ്ക്ക് അനുസരിച്ചാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. അതുകൊണ്ട് സമയമെടുത്ത് ഇഷ്ടത്തിനും ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ഒരു നല്ല മോഡല്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കൂ.


Click it and Unblock the Notifications








