ഇന്ധനമടിക്കുന്നതിൽ പിശുക്ക് കാണിക്കല്ലേ; ലോ ഫ്യുവലിൽ ഓടിയാൽ എട്ടിൻ്റെ പണി കിട്ടുമേ
ഓരോ ദിവസവും ഇന്ധനവില കുതിച്ചു ഉയരുമ്പോൾ നെഞ്ചിനകത്ത് ഒരു കാളലാണ്. എല്ലാ ദിവസവും ബൈക്കിലും കാറിലും ജോലിക്ക് പോകുന്നവരെ സംബന്ധിച്ച് അവരുടെ കുടുംബ ബജറ്റിനെ തന്നെ താളം തെറ്റിക്കും ഇ വിലകയറ്റം. എല്ലാവർക്കും ഫുൾ ടാങ്ക് ഇന്ധമടിക്കാനുളള സാമ്പത്തിക ശേഷിയുണ്ടാവില്ല, പക്ഷേ റിസർവിൽ മാത്രം വാഹനമോടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. അത് നിങ്ങളുടെ വാഹനത്തിനും അത് പോലെ തന്നെ നിങ്ങളുടെ പോക്കറ്റിനും നഷ്ടം വരുത്തും. കുറഞ്ഞ ഇന്ധനച്ചിൽ വാഹനമോടിച്ചാൽ ഇപ്പോൾ എന്താണ് പ്രശ്നമെന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്. ഡിസ്റ്റൻസ് ടു എംടി എന്നത് കൃത്യമായ കണക്ക് അല്ലെങ്കിലും ഏറെക്കുറെ ഇതിനെ വിശ്വസിക്കാം.
പക്ഷേ ഇത്തരത്തിൽ ലോ ഫ്യുവലിൽ വാഹനമോടിച്ചാൽ വഴിയിൽ കിടക്കുന്നത് മാത്രമല്ല, വണ്ടിയുടെ എഞ്ചിനിൽ സമ്മർദ്ദം ചെലുത്താനും കാരണമാവും. ഇത്തരത്തിൽ വാഹനമോടിച്ചാൽ ഫ്യുവൽ പമ്പ് തകരാറിലാവുന്നതാണ് നിങ്ങളുടെ വാഹനത്തിന് സംഭവിച്ചേക്കാവുന്ന ആദ്യത്തെ കംപ്ലയിന്റ്. ഫ്യുവൽ ടാങ്കിലെ പെട്രോൾ അല്ലെങ്കിൽ ഡീസൽ ഫ്യുവൽ പമ്പിന് ചുറ്റും ഇൻസുലേഷൻ അല്ലെങ്കിൽ ലൂബ്രിക്കന്റ് പോലെയാണ് പ്രവർത്തിക്കുന്നത്. ടാങ്കിൽ ആവശ്യത്തിന് ഇന്ധനം ഇല്ലെങ്കിൽ ഫ്യുവൽ പമ്പിന് ആവശ്യമായ അളവിൽ ലൂബ്രിക്കേഷൻ ലഭിക്കാതെ വരും.

ഇതോടെ ഇന്ധനം കുറഞ്ഞ അവസ്ഥയിൽ ദീർഘനേരം വണ്ടിയോടിക്കുമ്പോൾ അമിതമായി ചൂടാകുന്നതിലൂടെ ഫ്യുവൽ പമ്പിന് വേഗത്തിൽ കേടുപാടുകളും സംഭവിച്ചേക്കാം. കൂടാതെ ദീർഘനേരം വായുവുമായി സമ്പർക്കം പുലർത്തുന്നതും ഫ്യുവൽ പമ്പിനെ തകരാറിലാക്കിയേക്കാം. ലോ ഫ്യുവലിൽ ഓടുന്ന കാറിന്റെ ഇന്ധനം തീർന്നതിനാൽ പെട്ടെന്ന് പവർ നഷ്ടപ്പെടുകയും വണ്ടി മുന്നോട്ട് നീങ്ങാതിരിക്കുകയും ചെയ്യും.
തിരക്കേറിയ റോഡിലോ ഹൈവേയിലോ ഇത് ഗുരുതരമായ പ്രശ്‌നമുണ്ടാക്കിയേക്കാം. മാത്രമല്ല, എഞ്ചിൻ കട്ട് ഔട്ട് ആകുന്നതിനാൽ വാഹനത്തിന്റെ പവർ സ്റ്റിയറിംഗും പവർ ബ്രേക്കിന്റെ നിയന്ത്രണവും നഷ്ടപ്പെടുകയും ചെയ്യും. മറ്റൊരു പ്രശ്നം എന്താണെന്ന് വച്ചാൽ ലോ ഫ്യുവലിൽ വണ്ടിയോടിക്കുന്നത് ടാങ്കിലെ ചെളി എഞ്ചിനിലേക്ക് കയറാനും കാരണമായേക്കാം. പമ്പിൽ നിന്നും നിറയ്ക്കുന്ന ഇന്ധനത്തിൽ സാധാരണയായി ധാരാളം മാലിന്യങ്ങൾ അടങ്ങിയിട്ടുണ്ട്.

ഇവ ടാങ്കിന്റെ അടിയിൽ അടിഞ്ഞുകൂടുകയും കാലക്രമേണ ചെളിയായി മാറുകയും ചെയ്യുന്നു. വാഹനത്തിൽ ഇന്ധനം കുറവാണെങ്കിൽ, ഫ്യുവൽ പമ്പിൽ നിന്ന് ചെളി വലിച്ചെടുത്ത് എഞ്ചിനിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഫ്യുവൽ ഫിൽട്ടറുകളും അടഞ്ഞുപോവാനും എഞ്ചിന് ഗുരുതരമായ കേടുപാടുകൾ വരാനും കാരണമായേക്കാം. കൂടാതെ ലോ ഫ്യുവലിൽ കാറോ ബൈക്കോ ഓടിക്കുന്നത് മൈലേജിനെയും ബാധിച്ചേക്കാം.
അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇറക്കത്തിൽ ന്യുട്രൽ ഗിയറിൽ പോകുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെ ചെയ്യുന്നത് കുറവാണെങ്കിലും പലരും ചെയ്യുന്നുണ്ട്. ന്യൂട്രലില്‍ കയറ്റം ഇറക്കുമ്പോള്‍ നിരന്തരം ബ്രേക്ക് അപ്ലൈ ചെയ്യേണ്ടതായി വരും. അത് ബ്രേക്ക് ഡിസ്‌കുകളുടെയും ബ്രേക്ക് പാഡുകളുടെയും വേഗത്തിലുള്ള തേയ്മാനത്തിന് കാരണമാകും.

ഗിയര്‍ മാറ്റുമ്പോഴോ ബ്രേക്ക് ചെയ്യുമ്പോഴോ മാത്രമേ വാഹനത്തിന്റെ ക്ലച്ച് ഉപയോഗിക്കാവൂ. ഡ്രൈവ് ചെയ്യുമ്പോള്‍ കാലുകള്‍ ക്ലച്ചില്‍ വെച്ചാല്‍ അത് അധിക ഫ്രിക്ഷന് കാരണമാകും. കൂടാതെ ക്ലച്ച് വേഗം തേഞ്ഞ് തീരുകയും ചെയ്യും. ക്ലച്ചുമായി ബന്ധപ്പെട്ട മറ്റൊരു തെറ്റായ ശീലമാണ് അടുത്തത്. ഗിയര്‍ മാറ്റുമ്പോള്‍ ക്ലച്ച് അമര്‍ത്താന്‍ മടി കാണിക്കുന്ന ചിലരെങ്കിലും ഉണ്ട്. വാഹനമോടിക്കുമ്പോൾ ഇത്തരത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








