ഗിയര്‍ മാറ്റേണ്ട കാര്യമില്ല, കൂടെ മാരക മൈലേജും; റെയര്‍ പീസുകളാ... ഒന്ന് വാങ്ങിയാലോ?
ഇന്ത്യയിലെ ഓട്ടോമോട്ടീവ് ലാന്‍ഡ്സ്‌കേപ്പ് അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ഡീസല്‍ എസ്‌യുവികള്‍. എന്നിരുന്നാലും ഇന്നും ഡീസല്‍ കാറുകള്‍ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഉണ്ട്. അവയുടെ ഉയര്‍ന്ന മൈലേജും ശക്തമായ ടോര്‍ക്കും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. ഈ വിഭാഗത്തില്‍ ഓപ്ഷനുകള്‍ കുറഞ്ഞുവരികയാണ്, പ്രത്യേകിച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തിരയുന്നവര്‍ക്ക്. 25 ലക്ഷം രൂപയ്ക്ക് താഴെ വൈവിധ്യമാര്‍ന്ന ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍ അന്വേഷിക്കുന്നവര്‍ക്കായി ഒരു പട്ടിക ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. കോംപാക്ട്, മിഡ്സൈസ് വിഭാഗത്തില്‍ ഇവയില്‍ നിന്ന് അനുയോജ്യമായ ഒന്ന് തെരഞ്ഞെടുക്കാം.
ടാറ്റ നെക്സോണ്‍: കുറഞ്ഞ വിലയില്‍ നിന്ന് കൂടുതല്‍ വിലയുള്ള വാഹനങ്ങള്‍ എന്ന രീതിയില്‍ പോകാം. ഇന്ത്യയില്‍ നിലവില്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റുന്ന ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവിയാണ് ടാറ്റ നെക്സോണ്‍. ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ ഈ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ മിഡ്സ്പെക്ക് പ്യുവര്‍+ ട്രിമ്മില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്. വില 11.70 ലക്ഷം മുതല്‍ 15.60 ലക്ഷം വരെ പോകുന്നു.

6-സ്പീഡ് AMT ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 115hp, 1.5-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഇതില്‍ ഉള്‍പ്പെടുന്നു. കാറിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ലഭിക്കുന്നു. ലിറ്ററിന് 24.08 കിലോമീറ്റര്‍ വരെ മൈലേജും ടാറ്റ നെക്സോണിന്റെ ഡീസല്‍ പതിപ്പ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. നല്ല മൊഞ്ചുള്ള ഡീസല്‍ എസ്‌യുവി തേടുന്നവര്‍ക്ക് നെക്സോണിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് തെരഞ്ഞെടുക്കാവുന്നതാണ്.
മഹീന്ദ്ര XUV 3XO: മഹീന്ദ്ര കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സബ് 4 മീറ്റര്‍ എസ്‌യുവിയായ XUV 3XO-യും ഡീസല്‍ ഓട്ടോമാറ്റിക് ഓപ്ഷനില്‍ ലഭ്യമാണ്. മഹീന്ദ്ര XUV3XO മിഡ്സ്പെക്ക് MX3 വേരിയന്റ് മുതല്‍ ഡീസല്‍ ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭ്യമാണ്. 11.79 ലക്ഷം മുതല്‍ 14.49 ലക്ഷ രൂപ വരെ പ്രൈസ് റേഞ്ചില്‍ വാങ്ങാം.

എസ്‌യുവിയിലെ 117hp പവര്‍ നല്‍കുന്ന 1.5-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് AMT ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു.ലിറ്ററിന് 21.2 കിലോമീറ്ററാണ് മൈലേജ് പറയുന്നത്. ഈ ഡീസല്‍-ഓട്ടോമാറ്റിക് കോണ്‍ഫിഗറേഷന്‍ ടോപ്പ്-സ്പെക്ക് AX7L വേരിയന്റ് ലഭ്യമല്ലാത്തതിനാല്‍ 360 ഡിഗ്രി ക്യാമറയടക്കമുള്ള ചില നൂതന ഫീച്ചറുകള്‍ നഷ്ടമാകും. എങ്കിലും പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍-സോണ്‍ എസി എന്നിവയുള്‍പ്പെടെയുള്ള സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു
കിയ സോനെറ്റ്: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ ബെസ്റ്റ് സെല്ലര്‍ താങ്ങാവുന്ന വിലയില്‍ വാങ്ങാവുന്ന ഡീസല്‍ ഓട്ടോമാറ്റിക് കാര്‍ ആണ്. 116 hp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഉയര്‍ന്ന HTX, GTX+ വേരിയന്റുകള്‍ ഈ കോണ്‍ഫിഗറേഷനില്‍ ലഭ്യമാണ്. സോനെറ്റിന്റെ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില 13.39 ലക്ഷം മുതല്‍ 15.60 ലക്ഷം രൂപ വരെ പോകുന്നു.
ലിറ്ററിന് 18.6 കിലോമീറ്റര്‍ മൈലേജും ഇത് തരുമെന്നാണ് റിപ്പോര്‍ട്ട്. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ വില അല്‍പ്പം കൂടുതലാണെങ്കിലും എഎംടിയേക്കാള്‍ മെച്ചപ്പെട്ട ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും പ്രീമിയം ഫീച്ചറുകളും ഇത് ന്യായീകരിക്കുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, 1025 ഇഞ്ച് സ്‌ക്രീനുകള്‍, ADAS സ്യൂട്ട് എന്നിങ്ങനെ പ്രമിയം സവിശേഷതകള്‍ ഇതില്‍ വരുന്നു.
ഹ്യുണ്ടായി ക്രെറ്റ: 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി ജോടിയാക്കി 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ക്രെറ്റയിലും ലഭ്യമാണ്. പനോരമിക് സണ്‍റൂഫുള്ള EX(O) ട്രിം മുതല്‍ ഡീസല്‍-ഓട്ടോമാറ്റിക് പവര്‍ട്രെയിന്‍ ലഭ്യമാണ്. 15.96 ലക്ഷം മുതല്‍ 20.50 ലക്ഷം രൂപ വരെയാണ് വില. ലിറ്ററിന് 19.1 കിലോമീറ്റര്‍ മൈലേജിനൊപ്പം ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡ്രൈവ്, ട്രാക്ഷന്‍ മോഡുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

കിയ സിറോസ്: 17 ലക്ഷം മുതല്‍ 17.80 ലക്ഷം രൂപ വരെയാണ് കിയയുടെ പുതിയ കോംപാക്ട് എസ്‌യുവിയിലെ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില. 116 hp പവറും 250 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോകസുമായി ഇണചേര്‍ത്തിരിക്കുന്നു. സിറോസില്‍ ടോപ്‌സ്‌പെക് HTX+ ട്രിമ്മില്‍ മാത്രമേ ഈ ഓപ്ഷന്‍ ലഭ്യമാകൂ. സിറോസ് ഡീസല്‍-എടിക്ക് ലിറ്ററിന് 17.65 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ട്.
മഹീന്ദ്ര XUV700: ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ മുന്‍നിര എസ്‌യുവികളില്‍ ഒന്നായ XUV700 പവറിനും ആഡംബരത്തിനും മുന്‍ഗണന നല്‍കുന്നവര്‍ക്ക് പറ്റിയ ചോയ്സ് ആണ്. ഇതിന്റെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 185 bhp പവറും 420 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 25 ലക്ഷത്തില്‍ താഴെ വിലയുള്ള ഡീസല്‍ കാറുകളിലെ ഏറ്റവും ശക്തരില്‍ ഒന്നാണ് ഇത്.

AX3 വേരിയന്റിന് മുകളിലായി ബ്ലാക്ക് തീമിലുള്ള എബോണി എഡിഷന്‍ ഉണ്ട്. ഇത് പെര്‍ഫോമന്‍സും സുഖസൗകര്യങ്ങളും സംയോജിപ്പിക്കുന്നു. എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ് ലിറ്ററിന് 16.57 ആണ്. XUV700-യുടെ ഉയര്‍ന്ന വേരിയന്റില്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ലഭ്യമാണ് എന്നതാണ് മറ്റൊരു ആകര്‍ഷകമായ വസ്തുത.
ടാറ്റ ഹാരിയര്‍: ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രം ഓഫര്‍ ചെയ്യുന്ന രണ്ട് എസ്‌യുവികളാണ് ടാറ്റ ഹാരിയറും അതിന്റെ 7 സീറ്റര്‍ പതിപ്പായ സഫാരിയും. ഫിയറ്റില്‍ നിന്ന് സോഴ്‌സ് ചെയ്ത 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇവയില്‍ ഉപയോഗിക്കുന്നത്. 170hp പവറും 350Nm ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ക്കുന്നു.
19.35 ലക്ഷം രൂപയില്‍ തുടങ്ങുന്ന ഹാരിയറും 19.85 ലക്ഷം രൂപയില്‍ തുടങ്ങുന്ന സഫാരിയും വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍-സോണ്‍ എസി, ADAS സ്യൂട്ട് തുടങ്ങിയ സവിശേഷതകളോടെ പ്രീമിയം അനുഭവം പ്രദാനം ചെയ്യുന്നു. ഹാരിയര്‍ ലിറ്ററിന് 16.8 കിലോമീറ്ററും സഫാരി ലിറ്ററിന് 14.1 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്. രണ്ട് മോഡലുകളും ഒരു പ്രത്യേക ഡാര്‍ക്ക് എഡിഷന്‍ വേരിയന്റിലും വാങ്ങാനാകും.
ഹ്യുണ്ടായി അല്‍കസാര്‍: കൊറിയന്‍ കമ്പനി പുറത്തിറക്കുന്ന മൂന്ന് വരി എസ്‌യുവിയാണ് അല്‍കസാര്‍. ക്രെറ്റയിലും കിയ സോനെറ്റിലും ഉപയോഗിക്കുന്ന അതേ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹ്യുണ്ടായി അല്‍കാസറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള പ്ലാറ്റിനം, സിഗ്‌നേച്ചര്‍ വേരിയന്റുകളില്‍ ലഭ്യമാണ്. 20.90 ലക്ഷം മുതല്‍ 21.70 ലക്ഷം വരെയാണ് വില പോകുന്നത്.
ലിറ്ററിന് 18.1 കിലോമീറ്റര്‍ എന്ന ആകര്‍ഷകമായ മൈലേജിനൊപ്പം നിരവധി ആഡംബര സവിശേഷതകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. 6-സീറ്റര്‍, 7- സീറ്റര്‍ കോണ്‍ഫിഗറേഷനുകള്‍, രണ്ടാം നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ഫോള്‍ഡിംഗ് ടേബിളുകള്‍, ബാസ് മോഡ് പ്രവര്‍ത്തനം തുടങ്ങിയ പുതിയ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും പെട്രോള്‍ വേരിയന്റുകളില്‍ ലഭ്യമായ പനോരമിക് സണ്‍റൂഫ് ഡീസല്‍ പതിപ്പുകളില്‍ കാണാനാകില്ല.


Click it and Unblock the Notifications








