ക്രെറ്റയുടെ വിൽപ്പന ഇടിച്ചു താഴ്ത്തും! സെഗ്മെൻ്റ് കീഴക്കാൻ രണ്ട് എതിരാളികൾ കൂടെ എത്തുന്നു
ഇന്ത്യൻ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റ് വർഷങ്ങളായി അടക്കിവാഴുന്ന ഒരു മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. ഒരു പുതിയ എസ്‌യുവി വാങ്ങാൻ ഇറങ്ങിത്തിരിക്കുന്ന പലരുടെയും ഫസ്റ്റ് ഓപ്ഷനായി കണ്ണ് പോകുന്നത് ഈ സൂപ്പർ മോഡലിൽ തന്നെയായിരിക്കും. എന്നാൽ ശക്തമായ ഫാൻ്റസി റീ-എൻട്രികൾക്കൊരുങ്ങുന്ന റെനോ ഡസ്റ്ററും നിസ്സാൻ ടെക്റ്റണും ക്രെറ്റയുടെ ദീർഘകാല രാജവാഴ്ച്ചക്കിടയിൽ ഒരു വിള്ളൽ വീഴ്ത്തുമെന്നത് ഉറപ്പുള്ള കാര്യമാണ്. CMF-B പ്ലാറ്റ്‌ഫോമിൻ്റെ അണിയറയിലൊരുങ്ങുന്ന ഈ രണ്ട് മോഡലുകളും പൂർണ്ണമായും പുതിയ ലുക്ക്, സ്മാർട്ട് ടെക്, ശക്തമായ പെട്രോൾ ടർബോ എൻജിനുകൾ, പ്രീമിയം ഇന്റീരിയറുകൾ എന്നിവയുമായി കയറിവരുന്നത് വലിയൊരു ആവേശം സൃഷ്ടിച്ചിരിക്കുന്ന കാര്യം കൂടിയാണ്.
ഡസ്റ്റർ തിരിച്ചെത്തുന്നു എന്ന വാർത്ത രാജ്യത്ത് ഉണ്ടാക്കിയ ഓളം ഒന്നു വേറെ തന്നെയായിരുന്നു. ഇപ്പോൾ 2025ൽ വരുന്ന പുതിയ തലമുറ ഡസ്റ്റർ കൂടുതൽ ആധുനിക രൂപത്തോടും സമ്പൂർണ്ണമായി പുതുക്കിയ ടെക്നോളജിയോടും കൂടിയാണ് എത്തുന്നത്. എസ്‌യുവിയുടെ ആദ്യക്കാഴ്ച്ചയിൽ തന്നെ കണ്ണിലുടക്കുന്നത് അതിൻ്റെ വലിയ സ്കൾപ്റ്റഡ് ഗ്രില്ലും Y-ആകൃതിയിലുള്ള LED ഹെഡ്‌ലാമ്പുകളുമാണ്.

ബമ്പർ ഇപ്പോൾ കൂടുതൽ ബലമുള്ള രൂപത്തിലാണ്, ഇത് റോഡിലും ഓഫ്‌റോഡിലും കാറിന് ഒരു കരുത്തൻ സ്റ്റാൻസ് നൽകാൻ സഹായിക്കുന്നുണ്ട്. സൈഡിൽ നീളം കൂടിയ ബ്ലാക്ക് ക്ലാഡിംഗ്, പുതുതായി ഡിസൈൻ ചെയ്ത അലോയി വീലുകൾ, കട്ടിയുള്ള വീൽ ആർച്ചുകൾ എന്നിവയുമുണ്ട്. പിന്നിൽ ഡിസൈൻ ചെയ്ത LED ടെയിൽ ലൈറ്റുകൾ, നീളമുള്ള റിയർ ബമ്പർ, സിംപിളാണെങ്കിലും ആകർഷകമായ ലൈനുകൾ എന്നിവ ചേർത്ത് ഏറെ ഗംഭീരമാക്കിയിട്ടുണ്ട്.
ഇൻ്റീരിയറിൻ്റെ കാര്യത്തിലും മുഴുവൻ ഒരു മോഡേൺ, കംഫർട്ടബിൾ, അനുഭവം നൽകുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ക്യാബിനിൽ കയറുന്ന നിമിഷം തന്നെ പ്രീമിയം ഫീൽ നൽകുന്ന ബ്ലാക്ക്-തീമിലുള്ള സോഫ്റ്റ്-ടച്ച് ഡാഷ്ബോർഡും, AC വെന്റുകളിൽ കാണുന്ന Y-പാറ്റേൺ ഡിസൈനുമാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോട്ടെയിൻമെൻറ് സിസ്റ്റവും 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും കാറിന്റെ ഉള്ളിൽ ഒരു സ്റ്റൈലിഷ് ലുക്ക് ഒരുക്കുന്നു.

കൂടെ വയർലെസ് ചാർജിംഗ്, ക്രൂയിസ് കൺട്രോൾ, മികച്ച കണക്റ്റിവിറ്റി എന്നിവയാൽ ഡ്രൈവിങ് കൂടുതൽ സുഖകരമാകും. സീറ്റുകൾ മികച്ച സപ്പോർട്ട് നൽകുന്ന പ്രീമിയം ഫാബ്രിക്കിലാണ് നിർമ്മിച്ചിരിക്കുന്നത് അതിനാൽ ദീർഘയാത്രകളിലും കമ്ഫർട്ട് കുറയില്ല. സെൻട്രൽ കൺസോൾ ഡ്രൈവർ ഭാഗത്തേക്ക് അല്പം തിരിഞ്ഞിരിക്കുന്നതിനാൽ ഓരോ ഫീച്ചറും റീച്ച് ചെയ്യാൻ വളരെ എളുപ്പമാണ്. ഇത് ഒരു പ്രോപ്പർ ഡ്രൈവർ ഫോക്കസ്ഡ് ഇൻ്റീരിയർ ഫീൽ നൽകുന്നു.
അതേ സമയം നിസ്സാനിൻ്റെ കാര്യത്തിലാണെങ്കിൽ തങ്ങൾക്കൊരു തിരിച്ചുവരവ് വേണം എന്ന മോഡിലാണ് പുത്തൻ ടെക്റ്റണിനെ ബ്രാൻഡ് ഇറക്കാൻ പോകുന്നത്. മുന്നിൽ തന്നെ വലിയ ഗ്രില്ലും അതിന്റെ ഇരുവശങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന C-ആകൃതിയിലുള്ള LED ഹെഡ്‌ലാമ്പുകളും ചേർന്ന് കാറിന് ഒരു കരുത്തുറ്റ പ്രൊഫൈൽ നൽകാൻ സഹായിക്കുന്നു. സൈഡ് ഡിസൈനിൽ കട്ടിയുള്ള വീൽ ആർച്ചുകളും വലിയ ക്ലാഡിംഗും, ഫംഗ്ഷണൽ റൂഫ് റെയിലുകളും കാറിന് ഒരു സാഹസികമായ ഔട്ട്ഡോർ ലുക്ക് നൽകുന്നുണ്ട്.

ടെക്റ്റണിന്റെ ഇൻ്റീരിയർ സിമ്പിളായിട്ടും പ്രീമിയമായിട്ടും രൂപകൽപ്പന ചെയ്‌തതാണ്. വലിയ ടച്ച്‌സ്‌ക്രീൻ, ഡാഷ്ബോർഡ് ലേ ഔട്ട്, മെച്ചപ്പെട്ട മെറ്റീരിയൽ ഗുണനിലവാരം എന്നിവ ക്യാബിന് ഒരു മോഡേൺ ഫീൽ നൽകുന്നു. സീറ്റുകൾക്ക് നല്ല സപ്പോർട്ടും കംഫർട്ടും ഇപ്പോൾ ലഭ്യമാണ്. കൂടാതെ സെന്റർ കൺസോളിൽ പ്രായോഗികമായ സ്റ്റോറേജ് സ്പേസുകളും, ഒപ്പം ദിവസേന ഉപയോഗത്തിന് സൗകര്യം കൂട്ടുന്ന ചെറിയ ഡിസൈൻ ഡീറ്റെയിലുകളും ഉണ്ട്.
പുതിയ ഡസ്റ്ററിലും ടെക്റ്റണിലും സുരക്ഷ ഒരു പ്രധാന പരിഗണനയാക്കിയിട്ടുണ്ട്. ഡസ്റ്ററിൽ എബിഎസ്, ഇബിഡി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 6 വരെ എയർബാഗുകൾ, കൂടാതെ ചില വേരിയന്റുകളിൽ ADAS പോലുള്ള ആധുനിക സുരക്ഷാ ഫീച്ചറുകളും പ്രതീക്ഷിക്കാം. ടെക്റ്റണിലും 6 എയർബാഗുകൾ, സ്റ്റബിലിറ്റി കൺട്രോൾ പോലുള്ള നിർണായക സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രവുമല്ല ടെക്റ്റണിൽ ADAS ലഭ്യത വേരിയന്റുകളനുസരിച്ച് വ്യത്യാസപ്പെടാനും സാധ്യതയുണ്ട്.
ഇരുവരുടേയും ഔദ്യോഗിക മൈലേജ് കണക്കുകൾ പൂർണ്ണമായി പുറത്തുവന്നിട്ടില്ലെങ്കിലും ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഡസ്റ്റർ 1.5 പെട്രോൾ വേരിയന്റിന് ഏകദേശം 14-15 km/L, ഡീസൽ വേരിയന്റിന് 19-20 km/L വരെ മൈലേജ് നൽകാനാണ് സാധ്യത. ടെക്റ്റണിന്റെ 1.5 പെട്രോൾ എൻജിന് 16-18 km/L, ടർബോ വേരിയന്റിന് 14-16 km/L, കൂടാതെ സാധ്യതയുള്ള ഹൈബ്രിഡ് മോഡലുകൾക്ക് 20 km/L+ വരെ ലഭിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Click it and Unblock the Notifications








