ഇ-വിറ്റാര രാജ്യത്തുണ്ടാക്കാൻ പോകുന്ന ഓളം! അവതാരപ്പിറവിക്ക് ഇനി ദിവസങ്ങൾ മാത്രം
മാരുതി സുസുക്കിയുടെ ഏറ്റവും പ്രതീക്ഷയുള്ള ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര, ഇന്ത്യൻ വിപണിയിൽ വൻ തരംഗമായിരിക്കും സൃഷ്ടിക്കാൻ പോകുന്നത്. മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് കോംപാക്ട് എസ്‌യുവായതിനാൽ തന്നെ, ഇതിന്റെ ലോഞ്ച് രാജ്യമെമ്പാടുമുള്ള വാഹന ഉപഭോക്താക്കളും വിപണി നിരീക്ഷകരും വലിയ ആകാംക്ഷയോടെയാണ് നോക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഇവി വളർച്ചയുടെ അടുത്ത അധ്യായം നിർണ്ണയിക്കുന്ന മോഡൽ എന്ന നിലയിലാണ് ഇതിനെ കണക്കാക്കുന്നത് എന്ന് തന്നെ പറയാം. ഇ-വിറ്റാര എത്തുന്നതോടെ ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയിൽ വരാൻ പോകുന്ന മാറ്റങ്ങളും കോളിളക്കങ്ങളുമാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
മാരുതിയുടെ വൻ ഡീലർ നെറ്റ്‌വർക്കിലൂടെ എത്തുന്ന മോഡലിൻ്റെ സർവീസ് സൗകര്യങ്ങളുടെ വ്യാപനവും കുറഞ്ഞ മെയിന്റനൻസ് ചെലവും വാഹനത്തിൻ്റെ വിൽപ്പനയെ വലിയ രീതിയിൽ ഗുണം ചെയ്യും. ടാറ്റ,എംജി,മഹീന്ദ്ര എന്നിവയുടൊക്കം ആധിപത്യം ഒറ്റ മോഡൽ കൊണ്ട് തന്നെ തകർത്തേക്കാം. ഇവി സെഗ്മെൻ്റിലെ ഗെയിം ചേഞ്ചറാകുമോ എന്ന് കണ്ടറിയണം.

വിലയുടെ കാര്യത്തിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാരണം എതിരാളികളുടെ നെഞ്ചിൽ കൊളളുന്ന കിടിലൻ വില കൂടി പ്രഖ്യാപിച്ചാൽ മാരുതിയെ പിന്നെ പിടിച്ചാൽ കിട്ടൂല്ല. ഇ-വിറ്റാരയുടെ വിൽപ്പന വർധിച്ചാൽ മാരുതി തന്നെ മുൻകൈ എടുത്ത് ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതോടെ ചാർജിങ്ങിനെ കുറിച്ചുളള ആശങ്കകൾ മാറി കിട്ടും. അതോടെ വിൽപ്പനയും കൂടും.
വരുന്ന ഡിസംബർ രണ്ടിന് മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിലെത്തും. ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഇ വിറ്റാരയെ പ്രദർശിപ്പിച്ച കമ്പനി അധികം വൈകാതെ ഇലക്ട്രിക് എസ്‌യുവി വിപണനത്തിന് എത്തിക്കാനായിരുന്നു പ്ലാനിട്ടിരുന്നതും. ഈ വർഷം ആദ്യം പ്രതീക്ഷിച്ചിരുന്ന മാരുതി ഇ വിറ്റാരയുടെ വില പ്രഖ്യാപനം ബാറ്ററി വിതരണവും സോഫ്റ്റ്‌വെയർ വെല്ലുവിളികളും കാരണം പലതവണ വൈകുകയായിരുന്നു.
എന്നാൽ ഇപ്പോൾ പ്രതിസന്ധികളെല്ലാം മറികടന്ന് ഇലക്ട്രിക് എസ്‌യുവി മത്സരത്തിനിറങ്ങുകയാണ്. ഓഗസ്റ്റ് അവസാനം മുതൽ മാരുതിയുടെ ഗുജറാത്ത് പ്ലാന്റിൽ നിന്ന് ഇവിക്കായുള്ള നിർമാണവും ബ്രാൻഡ് ആരംഭിച്ചിരുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ ഒരു ഉൽപ്പാദന കേന്ദ്രം കൂടിയാണ് ഇന്ത്യ. നിലവിൽ ഇവിടെ നിർമിച്ച ഇ വിറ്റാരകളെല്ലാം യൂറോപ്പിലേക്ക് കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്.
മാരുതി സുസുക്കി EVX കൺസെപ്റ്റിൽ നിന്നാണ് ഇ വിറ്റാരയുടെ ഡിസൈൻ ഉരുത്തിരിഞ്ഞിരിക്കുന്നത്. കൺസെപ്റ്റ് കാറിന്റെ ഡിസൈൻ ഭൂരിഭാഗവും പ്രൊഡക്ഷൻ വാഹനത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. എസ്‌യുവിക്ക് വൈ ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള ആംഗുലർ ഹെഡ്‌ലാമ്പ് ക്ലസ്റ്ററാണ് ലഭിക്കുന്നത്. അതേസമയം വീൽ ആർച്ചുകൾക്ക് ചുറ്റും, ഫ്രണ്ട്, റിയർ ബമ്പറുകൾ, ഡോറുകളുടെ അടിവശം എന്നിവിടങ്ങളിൽ ക്ലാഡിംഗിന്റെ വിപുലമായ ഉപയോഗവും കാണാം.
ഇന്ത്യയ്ക്കുള്ള ഇ വിറ്റാരയിൽ 49 kWh, 61 kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. രണ്ടാമത്തേത് ടോപ്പ് വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയാലും അത്ഭുതപ്പെടാനൊന്നുമില്ല. ചെറിയ ബാറ്ററി പായ്ക്ക് സിംഗിൾ ചാർജിൽ 344 കിലോമീറ്റർ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 142 bhp പവറിൽ പരമാവധി 193 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന സിംഗിൾ ഫ്രണ്ട്-വീൽ ഡ്രൈവ് സജ്ജീകരണത്തോടെയാണ് ഈ ബാറ്ററി പായ്ക്ക് വേരിയന്റുകൾ വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








