ടാറ്റയുടെ ആധിപത്യം ഇനി എത്ര നാള്‍? ഒറ്റ ഇവിയുടെ പവറില്‍ ലീഡ് 821 യൂണിറ്റാക്കി കുറച്ച് ഈ കമ്പനി
മാസങ്ങളായി ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിപണി ഭരിച്ച് കൊണ്ടിരിക്കുന്നത് ടാറ്റ മോട്ടോര്‍സ് ആണ്. ഇവികളുടെ കാര്യത്തില്‍ മാരുതിയെ പോലെയായിരുന്നു ടാറ്റ. ഇലക്ട്രിക് ഫോര്‍ വീലര്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നുവെങ്കിലും ടാറ്റയുടെ മുഖത്ത് ഇപ്പോള്‍ ആശങ്കയുടെ കരിനിഴല്‍ വീണിരിക്കുകയാണ്. അതിന്റെ കാരണം ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയാണ്. 2025 മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്. രണ്ട് കമ്പനികളും തമ്മിലുള്ള വില്‍പ്പനയിലെ വ്യത്യാസം കുറഞ്ഞ് വരികയാണ്. പോയ മാസത്തെ ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ വില്‍പ്പന നമുക്ക് വിശദമായി നോക്കാം.
2025 മാര്‍ച്ചില്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി 4710 കാറുകള്‍ വിറ്റഴിച്ചു. 2024 മാര്‍ച്ചിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 34% ഇടിവ് രേഖപ്പെടുത്തി. 12 മാസം മുമ്പ് ടാറ്റയുടെ ഇവി വില്‍പ്പന 7184 യൂണിറ്റ് ആയിരുന്നു. എന്നാല്‍, പഞ്ച് ഇവിയുടെയും നെക്സോണ്‍ ഇവിയുടെയും ജനപ്രീതി കാരണം 2025 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 18% വളര്‍ച്ചയോടെ ടാറ്റ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. 2025 ഫെബ്രുവരിയില്‍ ടാറ്റയുടെ വില്‍പ്പന 3980 യൂണിറ്റ് മാത്രമായിരുന്നു.

ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റയ്ക്ക് ശക്തമായ എതിരാളിയായി എംജി മോട്ടോര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 2025 മാര്‍ച്ചില്‍ എംജി 3,889 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം വിറ്റ 1,173 കാറുകളില്‍ നിന്ന് 232% ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 13% വര്‍ദ്ധനവ് ഉണ്ടായി. നിലവില്‍ ടാറ്റയും എംജിയും തമ്മില്‍ 821 യൂണിറ്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. വിന്‍ഡ്‌സര്‍ ഇവി എന്ന ഒറ്റ കാര്‍ ആണ് ഈ മാജിക്കിന് പിന്നില്‍.
മഹീന്ദ്രയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായി. 2024 മാര്‍ച്ചില്‍ 692 യുണിറ്റ് മാത്രം വിറ്റിരുന്ന മഹീന്ദ്ര 2025 മാര്‍ച്ചിലെത്തിയപ്പോള്‍ അത് 1,944 യൂണിറ്റാക്കി ഉയര്‍ത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 181% വളര്‍ച്ച നേടാന്‍ സാധിച്ചു. 2025 ഫെബ്രുവരി മാസവുമായി താരതമ്യം ചെയ്യുമ്പോഴും അത്ഭുതകരമായ വളര്‍ച്ചയാണ്. 498 യൂണിറ്റുകള്‍ വിറ്റ മാര്‍ച്ചിനെ അപേക്ഷിച്ച് 290% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. XEV 9e, BE 6 മോഡലുകളുടെ ഡെലിവറികള്‍ ആരംഭിച്ചതാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം.

ഹ്യുണ്ടായിയും ഇവി സെഗ്‌മെന്റില്‍ പതുക്കെ തങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. 2025 മാര്‍ച്ചില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ 849 ഇലക്ട്രിക് കാറുകള്‍ വിറ്റു. 2024 മാര്‍ച്ചില്‍ കമ്പനിക്ക് 153 പുതിയ ഇവി ഉപഭോക്താക്കളെ മാത്രമായിരുന്നു ലഭിച്ചത്. 455% ആണ് വാര്‍ഷിക വളര്‍ച്ച. 2025 ഫെബ്രുവരിയില്‍ വിറ്റ 766 യൂണിറ്റുമായി തട്ടിച്ച്‌നോക്കുമ്പോള്‍ 11% വളര്‍ച്ചയുണ്ട്. ക്രെറ്റ ഇലക്ട്രിക്കിന് ലഭിക്കുന്ന സ്വീകാര്യതയാണ് വില്‍പ്പനയില്‍ പ്രതിഫലിക്കുന്നത്.
2024 മാര്‍ച്ചില്‍ ബിവൈഡി ഇന്ത്യയുടെ വില്‍പ്പന 144 ആയിരുന്നു. 2025 മാര്‍ച്ചില്‍ ഇത് 396 യൂണിറ്റിലെത്തി. അതായത് 175% വളര്‍ച്ച ഉണ്ടായി. 2025 ഫെബ്രുവരിയിലെ 267 യൂണിറ്റിനെ അപേക്ഷിച്ച് പ്രതിമാസ വളര്‍ച്ച 48% ആയി. ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡ് ആയ ബിഎംഡബ്ല്യുവും വളര്‍ച്ച നേടി. 2024 മാര്‍ച്ചില്‍ 74 ഇലക്ട്രിക് കാറുകള്‍ വിറ്റ ബിഎംഡബ്ല്യു 2025 മാര്‍ച്ചില്‍ 250 യൂണിറ്റാക്കി ഉയര്‍ത്തി. അതായത് 238% വളര്‍ച്ച ഉണ്ടായി.

2025 ഫെബ്രുവരിയില്‍ വില്‍പ്പന 236 യൂണിറ്റുകളായിരുന്നു. പ്രതിമാസം 6% വളര്‍ച്ച ലഭിച്ചു.2024 മാര്‍ച്ചില്‍ മെര്‍സിഡീസ്-ബെന്‍സ് 53 ഇലക്ട്രിക് കാറുകളായിരുന്നു വിറ്റിരുന്നത്. അതേസമയം 2025 മാര്‍ച്ചില്‍ ഇത് 170 യൂണിറ്റിലെത്തി. 12 മാസം മുമ്പുണ്ടായിരുന്നതില്‍ നിന്ന് 221% വളര്‍ച്ച. 2025 ഫെബ്രുവരിയില്‍ വിറ്റ 69 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസം 146% വളര്‍ച്ച ലഭിച്ചു.
അതേസമയം ഫ്രഞ്ച് ബ്രാന്‍ഡ് ആയ സിട്രണിന്റെ കഷ്ടകാലം ഇനിയും അവസാനിച്ചിട്ടില്ല. 2024 മാര്‍ച്ചില്‍ 178 ഇലക്ട്രിക് കാറുകള്‍ വിറ്റിരുന്ന സിട്രണിന് 2025 മാര്‍ച്ചില്‍ 46 പുതിയ ഉപഭോക്താക്കളെ മാത്രമാണ് കണ്ടെത്താനായത്. വില്‍പ്പന ഇടിഞ്ഞത് 74% ആണ്. 2025 ഫെബ്രുവരിയില്‍ വിറ്റ 60 യൂണിറ്റുകളെ അപേക്ഷിച്ച് 23% ഇടിവാണ്.
2025 മാര്‍ച്ചില്‍ വോള്‍വോ 46 ഇവികൾ വിറ്റു. 2024 മാര്‍ച്ചില്‍ വിറ്റ 51 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 10% ഇടിവാണ്. 2025 ഫെബ്രുവരിയില്‍ വിറ്റ 23 യൂണിറ്റുകളെ അപേക്ഷിച്ച് 100% വളര്‍ച്ച ലഭിച്ചു. 2024 മാര്‍ച്ചില്‍ 34 ഇലക്ട്രിക് കാറുകള്‍ വിറ്റിരുന്ന കിയക്ക് 2025 മാര്‍ച്ചില്‍ 24 യൂണിറ്റ് മാത്രമാണ് വില്‍ക്കാനായത്. ഇടിവ് 29%. 21 യൂണിറ്റുകള്‍ വിറ്റ 2025 ഫെബ്രുവരിയെ അപേക്ഷിച്ച് 14% വളര്‍ച്ച ലഭിച്ചുവെന്നത് ആശ്വാസമാണ്.


Click it and Unblock the Notifications








