ഈ ശീലങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഇവി വാങ്ങരുത്! കാരണം പറഞ്ഞുതരാം...
ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് അധികകാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവ് മൂലവും ഇവികള്‍ക്കുള്ള ഗുണങ്ങള്‍ കൊണ്ടും കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ഇവികളിലേക്ക് ചുവടുമാറുന്നുണ്ട്. എന്നാല്‍ എല്ലാ തരം ഡ്രൈവര്‍മാര്‍ക്കും അനുയോജ്യമാണോ ഇവി എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടി വരും. ന്യൂജെന്‍ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒറ്റമൈന്‍ഡ്' വെച്ച്പുലര്‍ത്തുന്നവര്‍ നിലവിലെ സാഹചര്യത്തില്‍ ഇവികള്‍ വാങ്ങാതിരിക്കുന്നതാകും നല്ലത്. അതായത് ആസൂത്രണമില്ലാതെ ട്രിപ്പടിക്കുന്ന ചങ്കുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ തലവേദനയായി മാറിയേക്കാം. അത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം.
സോഷ്യല്‍ മീഡിയ സജീവമായതോടെ ദിനചര്യകള്‍ സ്വന്തം അക്കൗണ്ടിലൂടെ മാലോകരുമായി പങ്കുവെക്കുന്നവര്‍ അനവധിയാണ്. വൈകുന്നേരങ്ങളിലോ രാത്രി 10 മണിക്കോ പെട്ടെന്നുള്ള ഒരു തോന്നലിന്റെ പുറത്ത് കിലോമീറ്ററുകള്‍ അകലെ ചായകുടിക്കാന്‍ പോകുന്നവര്‍ ഉണ്ട്. ഉദാഹരണമായി പറഞ്ഞാല്‍ കോഴിക്കോട് ജില്ലയുടെ വിവധ ഭാഗങ്ങളില്‍ ഉളളവര്‍ ചായ കുടിക്കാനായി താമരശ്ശേരി ചുരത്തിന്റെ നാലാം വളവിലും വയനാട് ജില്ലയിലെ ലക്കിടിയിലും വരെ പോകാറുണ്ട്.

വെറും ചായകുടി മാത്രമല്ല ബേസില്‍ ജോസഫിന്റെ പൊന്‍മാന്‍ സിനിമയില്‍ പറയുന്ന പോലെ 'ആമ്പിയന്‍സ്' ആണ് പ്രധാനം. എന്നാല്‍ ഇക്കൂട്ടര്‍ക്ക് പറഞ്ഞതല്ല ഇവികള്‍. നട്ടപ്പാതിരക്കും അല്ലെങ്കില്‍ വാഹനത്തിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാതെ അതിരാവിലെയോ ഒരു റോഡ് ട്രിപ്പിന് തയാറെടുക്കുകയും ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഇലക്ട്രിക് വാഹനം നിങ്ങള്‍ക്ക് അനുയോജ്യമല്ല. പെട്രോള്‍, ഡിസല്‍ എഞ്ചിന്‍ വാഹന ഉടമകള്‍ക്കായി മുക്കിലും മൂലയിലും ഫ്യുവല്‍ സ്‌റ്റേഷനുകള്‍ ഉള്ളതിനാല്‍ ഇന്ധനം നിറയ്ക്കാന്‍ എളുപ്പമാണ്.
എന്തിനേറെ പറയുന്ന സിഎന്‍ജി സ്‌റ്റേഷനുകള്‍ വരെ ഇന്ന് നമ്മുടെ രാജ്യത്ത് വ്യാപകമാണ്. എന്നാല്‍ ഒരു ഇവി ഉടമസ്ഥന്് പെട്ടെന്നുള്ള യാത്രകള്‍ സാധ്യമല്ല. ഉദാഹരണത്തിന്, ടാറ്റ നെക്‌സോണ്‍ ഇവി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ചാര്‍ജ്ജ് ചെയ്യുന്ന ഒരാളാണെങ്കില്‍, 120 കിലോമീറ്റര്‍ ദൂരം പെട്ടെന്ന് യാത്ര ചെയ്യേണ്ടി വന്നാല്‍ വാഹനം വഴിയില്‍ കുടുങ്ങാനോ അല്ലെങ്കില്‍ ഹൈവേയില്‍ ചാര്‍ജ് ചെയ്യാനായി കാത്തുനില്‍ക്കേണ്ടിവരികയോ ചെയ്യും.
ഹൈവേകളില്‍ പോലും ഇവി ഉടമകള്‍ അവരുടെ ചാര്‍ജിംഗ് സ്റ്റോപ്പുകള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ ഫാസ്റ്റ് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ അതിവേഗം വളരുന്നുണ്ടെങ്കിലും ഇത് സാധാരണ പെട്രോള്‍ പമ്പുകള്‍ പോലെ വ്യാപകമായിട്ടില്ല. കൃത്യമായ ആസൂത്രണമുണ്ടെങ്കില്‍ ഒരു ഇവിയില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്നത് എളുപ്പമാക്കാം. മറിച്ചാണെങ്കില്‍ യാത്രകള്‍ ദുരിതമയമാകും.ഇത് മാത്രമല്ല ഹ്രസ്വകാലത്തേക്ക് മാത്രം ഇവി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പരിഗണിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
സാധാരണ ഐസി എഞ്ചിന്‍ വാഹനങ്ങളേക്കാള്‍ വില കൂടുതലാണ് ഇവികള്‍ക്ക്. കുറഞ്ഞ ഇന്ധന ചിലവ്, മെയിന്റനന്‍സ് എന്നിവ ഇവി വാങ്ങിയാല്‍ ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളാണ്. എന്നാല്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ കാര്‍ മാറ്റുന്ന ശീലം ഉള്ള വ്യക്തികള്‍ കൂടുതല്‍ ലാഭം പ്രതീക്ഷിക്കണമെന്നില്ല. ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് യൂസ്ഡ് ഇവി വിപണി വളര്‍ന്ന് വരുന്നതേയുള്ളൂ. അതിനാല്‍ നിലവില്‍ യൂസ്ഡ് ഇവികള്‍ക്ക് വില കുറവാണ്.

ബാറ്ററി തകരാര്‍ സംഭവിക്കാനുള്ള സാധ്യതകള്‍ കാരണമാണ് സെക്കന്‍ഡ് ഹാന്‍ഡ് ഇവികള്‍ക്ക് വില കുറയാനുള്ള ഒരു കാരണം. അതുകൊണ്ട് ആരും യൂസ്ഡ് ഇവികള്‍ വാങ്ങാനായി ധൈര്യപ്പെട്ട് മുന്നോട്ട് വരുന്നില്ല. പുതിയ സാങ്കേതികവിദ്യയും ഫീച്ചറുകളുമായി പുത്തന്‍ മോഡലുകള്‍ വരുമ്പോള്‍ പഴയ മോഡലുകള്‍ ആളുകള്‍ പരിഗണിക്കാറില്ല.
അതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് ഇവികള്‍ വാങ്ങുമ്പോള്‍ ബാറ്ററിക്ക് പ്രാധാന്യം നല്‍കുന്നു. ഇപ്പോള്‍ പല കമ്പനികളും ബാറ്ററികള്‍ക്ക് ലൈഫ്‌ടൈം വാറണ്ടി നല്‍കി വരുന്നുണ്ട്. മാത്രമല്ല വാഹനം വില്‍ക്കുമ്പോള്‍ വാറണ്ടി കൈമാറ്റം ചെയ്യാനും അവസരം നല്‍കുന്നു. ഇത് യൂസ്ഡ് ഇവി വിപണിക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും അധികകാലം ഒരു കാര്‍ ഉപയോഗിക്കാതെ അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്കും ഇവികള്‍ നിലവില്‍ അനുയോജ്യമാകില്ല.

പുതിയ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാനും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ചാര്‍ജറുകള്‍ കണ്ടെത്താനും മടിയുള്ള ആളുകള്‍ക്ക് ഇവികള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. വാഹനത്തിന്റെ ചാര്‍ജിംഗ് ഷെഡ്യൂളുകള്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ക്രമീകരിക്കാന്‍ സാധിക്കും. പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്കും റേഞ്ച് കുറയുമോ എന്ന ആശങ്കയുള്ളവര്‍ക്കും ഇവികള്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും. മറ്റൊന്ന് സൗകര്യപ്രദമായ ചാര്‍ജിംഗ് സൗകര്യമാണ്.
ചാര്‍ജിംഗ് പോയിന്റുള്ള ഒരു പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തവര്‍ ഇവി വാങ്ങുന്നത് വലിയ വെല്ലുവിളിയാണ്. സ്വന്തമായി പാര്‍ക്കിംഗ് സ്ഥലമില്ലാത്ത അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. പബ്ലിക് ചാര്‍ജറുകള്‍ ലഭ്യമാണെങ്കിലും വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതാണ് ഏറ്റവും സൗകര്യപ്രദവും ചിലവ് കുറഞ്ഞതുമായ മാര്‍ഗം. അതുകൊണ്ട് ഈ സൗകര്യം ഇല്ലാത്തവരോ ഇത് തരപ്പെടുത്താന്‍ പറ്റാത്തവരോ ആയിട്ടുള്ളവര്‍ നിലവില്‍ ഇവി വാങ്ങാതിരിക്കുന്നതായിരിക്കും നല്ലത്.

ഇവി വാങ്ങുമ്പോള്‍ ദൈനംദിന ഉപയോഗം കൂടി മനസ്സില്‍ വെക്കുന്നത് നല്ലതായിരിക്കും. ഐസി എഞ്ചിന്‍ വാഹനങ്ങളുടെ കാര്യത്തില്‍ തന്നെ നല്ല ഓട്ടമുള്ളവര്‍ മാത്രം ഡീസല്‍ വാഹനങ്ങള്‍ വാങ്ങിയാല്‍ മതിയെന്ന് പറയാറുണ്ട്. അതുപോലെ ദിവസവും 10 മുതല്‍ 15 കിലോമീറ്റര്‍ മാത്രം യാത്രയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഇവി വാങ്ങുന്നതിലൂടെയുള്ള അധിക ചിലവ് തിരികെ ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കും. പരിസ്ഥിതിക നേട്ടങ്ങള്‍, തല്‍ക്ഷണ ടോര്‍ക്ക് എന്നിവയ്ക്കായാണ് ഇവി വാങ്ങുന്നതെങ്കില്‍ കുഴപ്പമില്ല. അല്ലാത്തപക്ഷം ഐസിഇ കാര്‍ വാങ്ങുന്നതായിരിക്കും ലാഭകരം.
ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് ഇവികള്‍ക്ക് മെക്കാനിക്കല്‍ ഘടകങ്ങള്‍ കുറവായതിനാല്‍ ഇവയുടെ അറ്റുകുറ്റപ്പണികള്‍ നടത്താന്‍ പരിശീലനം ലഭിച്ച പ്രൊഫഷണലുകള്‍ ആവശ്യമാണ്. ലോക്കല്‍ മെക്കാനിക്കുകള്‍ക്ക് ഇവ നന്നാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. വാഹനത്തിന്റെ ബാറ്ററി പായ്ക്ക്, ഇലക്ട്രിക് മോട്ടോര്‍, പവര്‍ ഇലക്ട്രോണിക്‌സ് തുടങ്ങി നിര്‍ണായക ഘടകങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ കമ്പനിയെ സമീപിക്കേണ്ടി വരും. അതുകൊണ്ട് നിങ്ങളുടെ ചുറ്റുവട്ടത്ത് സര്‍വീസ് സൗകര്യം ലഭ്യമായ ബ്രാന്‍ഡിന്റെ ഇവി വാങ്ങാന്‍ ശ്രമിക്കുക.
ഇവി ഓടിക്കാന്‍ എളുപ്പമുള്ളതും ചെലവ് കുറഞ്ഞതും മികച്ചതുമാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിച്ച് കൊണ്ടിരിക്കുന്ന ഘട്ടത്തിലായതിനാല്‍ എല്ലാവര്‍ക്കും ഇത് അനുയാജ്യമല്ല. മുകളില്‍ പറഞ്ഞ ശീലങ്ങള്‍ ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ ഇവികള്‍ വാങ്ങാന്‍ അല്‍പ്പം കൂടി കാത്തിരിക്കുന്നതാകും നല്ലത്. നമ്മുടെ ശീലങ്ങളെ കുറിച്ച് കൃത്യമായി മനസ്സിലാക്കി ഒന്നുകില്‍ അവ മാറ്റാന്‍ തയാറാകുകയോ അല്ലെങ്കില്‍ ബദല്‍ ഇന്ധനങ്ങളിലേക്കുള്ള മാറ്റം കുറച്ച് കൂടി കാത്തിരുന്ന ശേഷമാക്കുന്നതോ ആയിരിക്കും നല്ലത്.


Click it and Unblock the Notifications








