ക്രെറ്റ ഇവിയ്ക്ക് കട്ട കോംപറ്റീഷൻ! വരാനിരിക്കുന്ന ടൊയോട്ട ഇലക്ട്രിക് എസ്‌യുവിയിൽ വരുന്നത് ഇവയൊക്കെ
പണ്ടത്തേക്കാൾ ഇന്ന് ഇവികൾക്ക് ആവശ്യകതയും ഡിമാന്റും ഏറി വരികയാണ്, രാജ്യത്തെ വാഹന വിപണിയുടെ സാരമായ ഒരു വിഹിതവും ഇന്ന് ഇലക്ട്രിക് വാഹനങ്ങൾ കൈവരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അതിനാൽ തന്നെ പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ തങ്ങളുടെ മോഡൽ നിരയിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ വിപണി ആയതിനാൽ ഇന്ത്യ ആഗോള തലത്തിൽ തന്നെ വാഹന നിർമ്മാതാക്കളുടെ എല്ലാം ശ്രദ്ധാ കേന്ദ്രമാണ്. മറ്റ് അന്താരാഷ്ട്ര വിപണികളിൽ നിന്ന് ഇവിടുത്തെ പല സാഹചര്യങ്ങളും വ്യത്യസ്തമായതിനാൽ ഇന്ത്യയ്ക്കായി വളരെ ശ്രദ്ധയോടെയാണ് പുത്തൻ ഇവി മോഡലുകൾ കമ്പനികൾ ഒരുക്കുന്നത്.
ടാറ്റയാണ് നിലവിൽ ഇന്ത്യൻ ഇവി സെഗ്മെന്റിൽ മേൽക്കൈ വഹിക്കുന്നത്, എന്നിരുന്നാലും മഹീന്ദ്രയും എംജിയും എല്ലാം ഇതിനു തൊട്ടു പിന്നാലെ തന്നെയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതിയും, ദക്ഷിണ കൊറിയൻ വാഹന ഭീമനായ ഹ്യുണ്ടായിയും എല്ലാം തന്നെ തങ്ങളുടെ സ്ഥാനം ഇവി മാർക്കറ്റിൽ ഉറപ്പിക്കാൻ പുത്തൻ മോഡലുകളും വമ്പൻ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയും ഇക്കാര്യത്തിൽ ഒട്ടും പിറകോട്ടല്ല.

അടുത്തിടെയാണ് ടൊയോട്ട ഇന്ത്യയ്ക്കായി പുതിയ അർബൻ ക്രൂയിസർ ഇവി അവതരിപ്പിച്ചത്. സുസുക്കി e-വിറ്റാരയെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട ഇവി ഒരുങ്ങുന്നത്. ഈ പുതിയ ഇവി അതിൻ്റെ പവർട്രെയിൻ, ഇൻ്റീരിയർ, സവിശേഷതകൾ എന്നിവ എല്ലാം മാരുതി മോഡലുമായി പങ്കിടുന്നു. ഈ മാസം നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ ടൊയോട്ട ഈ അർബൻ ക്രൂയിസർ ഇവി പ്രദർശിപ്പിക്കും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിൽ അറിയാവുന്ന വാഹനത്തിൻ്റെ പ്രധാന ഹൈലൈറ്റുകൾ ഇവയൊക്കെയാണ്.
ഒരു പ്രത്യേക പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആറ് ബാറ്ററി -ഇലക്‌ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 2026 -ഓടെ 15 സീറോ എമിഷൻ വാഹനങ്ങൾ തങ്ങളുടെ മോഡൽ നിരയിൽ കൊണ്ടുവരാനാണ് ടൊയോട്ട പദ്ധതിയിടുന്നത്. ബാറ്ററി ഇലക്‌ട്രിക് ലൈനപ്പിൻ്റെ വിപുലീകരണത്തോടൊപ്പം, പ്ലഗ് -ഇൻ ഹൈബ്രിഡ്, ഫുൾ ഹൈബ്രിഡ്, ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുമായി സംയോജിപ്പിച്ച് എമിഷൻ തോത് ക്രമേണ കുറയ്ക്കാം എന്ന പ്രതീക്ഷയിലാണ് ടൊയോട്ട.

ഇത് കമ്പനിയുടെ 100 ശതമാനം CO2 കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടു വെയ്പ്പാണ്. 2035, 2040 -ഓടെ പൂർണ്ണ കാർബൺ ന്യൂട്രാലിറ്റി എന്ന ടൊയോട്ട യൂറോപ്പിൻ്റെ ലക്ഷ്യത്തിലേക്കും ഇത് കാര്യമായി സംഭാവന ചെയ്യുന്നു. ടൊയോട്ടയുടെ ഫുൾ ഹൈബ്രിഡ് കോംപാക്റ്റ് എസ്‌യുവിയായ യാരിസ് ക്രോസിനേക്കാൾ അൽപ്പം വലുതാണ് അർബൻ ക്രൂയിസറിൻ്റെ അളവുകൾ എന്നത് ശ്രദ്ധേയമാണ്.
നീളം, വീതി, ഉയരം എന്നിവയുടെ കാര്യത്തിൽ, അർബൻ ക്രൂയിസർ ഇവിയ്ക്ക് യഥാക്രമം 4,285 mm, 1,800 mm, 1,640 mm എന്നിങ്ങനെയാണ് അളവുകൾ വരുന്നത്. കൂടാതെ സ്ലൈഡിംഗ് റിയർ സീറ്റ് സിസ്റ്റം കാരണം വലിയ D -സെഗ്‌മെൻ്റ് എസ്‌യുവികൾക്ക് തുല്യമായ സ്പെയ്സ് സൃഷ്ടിക്കുന്നതിന് മുന്നിലും പിന്നിലും യാത്രക്കാർ തമ്മിലുള്ള അകലം ക്രമീകരിക്കാൻ കഴിയും എന്നത് ഒരു മികച്ച സവിശേഷതയാണ്.

സീറ്റുകൾ 40:20:40 കോൺഫിഗറേഷനിൽ സ്പ്ലിറ്റ് ചെയ്യപ്പെടുന്നു, ഒപ്പം വിശാലമായി ചാരിയിരിക്കാനും ഇതിൽ കഴിയും. അർബൻ ക്രൂയിസർ ഇവിക്ക് രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഫ്രണ്ട് അല്ലെങ്കിൽ ഓൾ -വീൽ ഡ്രൈവ് സിസ്റ്റവും നിർമ്മാതാക്കൾ നൽകും. രണ്ടും ലിഥിയം -അയൺ ഫോസ്ഫേറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ്.
കുഞ്ഞൻ 49 kWh ബാറ്ററി പായ്ക്ക് FWD പതിപ്പിൽ ലഭ്യമാകും, ഇത് 144 bhp പവർ ഔട്ട്പുട്ട് നൽകുന്നു. കൂടാതെ, FWD മോഡലിന്, വലിയ 61 kWh ബാറ്ററിയും ലഭ്യമാണ്, ഈ സജ്ജീകരണം 174 bhp പവർ ഉത്പാദിപ്പിക്കുന്നു. അർബൻ ക്രൂയിസറിന് ഓൾ -വീൽ ഡ്രൈവ് സംവിധാനവും ലഭിക്കും. ഈ പതിപ്പിൽ 61 kWh ബാറ്ററി 184 bhp പവർ ഔട്ട്പുട്ട് നൽകുന്നു.
റിയർ ആക്‌സിലിൽ 48 kW മോട്ടോർ ചേർന്ന് എത്തുന്നത് വഴുവഴുപ്പുള്ള പ്രതലങ്ങളിൽ കൂടുതൽ ഗ്രിപ്പ് വാഗ്ദാനം ചെയ്യും. ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ, ഒരു ട്രെയിൽ മോഡ് എന്നിവയും ഈ സിസ്റ്റം നൽകുന്നു. കൂടാതെ മഞ്ഞുമൂടിയ റോഡുകളിൽ വാഹനമോടിക്കുമ്പോൾ വീൽ -സ്ലിപ്പ് കുറയ്ക്കാൻ സഹായിക്കുന്നതിന് ഡ്രൈവ് ടോർക്ക് നിയന്ത്രിക്കുന്ന 'സ്നോ മോഡ്' ഫ്രണ്ട്-വീൽ ഡ്രൈവ് മോഡലിന് വളരെ പ്രയോജനകരമായ ഒന്നാണ്.


Click it and Unblock the Notifications








