ഫോർഡിൻ്റെ പുത്തൻ ഇവി പതിപ്പ് ഉടനെത്തും; ബ്രോങ്കോ ഇന്ത്യയിലേക്ക് എത്തുമോ എന്ന് ആരാധകർ
രാജ്യം വിട്ട് പോയ ഫോർഡ് മറ്റ് രാജ്യങ്ങളിൽ തങ്ങളുടെ പുതിയ മോഡലുകളെല്ലാം അവതരിപ്പിച്ച് വിപണിയിൽ ആറാടുന്നുണ്ട്. ഇന്ത്യയിലേക്ക് തിരികെ വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയത് കൊണ്ട് തന്നെ പലരുടേയും പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ ഫോർഡ് തങ്ങളുടെ ബ്രോങ്കോയുടെ ഇവി പതിപ്പ് ഉടൻ വരുമെന്ന് അറിയിച്ചിരിക്കുകയാണ്. ചൈനയിലെ ജിയാങ്‌ലിംഗ് മോട്ടോഴ്‌സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത പുതുതായി നിർമ്മിച്ച എസ്‌യുവിയായ പുതിയ ഫോർഡ് ബ്രോങ്കോ ന്യൂ എനർജി, പൂർണ്ണമായും ഇലക്ട്രിക്, എക്സ്റ്റൻഡഡ്-റേഞ്ച് ഹൈബ്രിഡ് പതിപ്പുകൾ ഉടൻ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ലുക്കിലും ഡിസൈനിലും വലിയ മാറ്റമൊന്നും വരുന്നില്ല എങ്കിലും കരുത്ത് പകരാൻ ഇത്തവണ ഇലക്ട്രിക് ഹൃദയമാണ് എന്നതാണ് പ്രധാന വൃത്യാസം. പെട്രോൾ മോഡലിൽ നിന്ന് ഡിസൈനുകൾ കടമെടുത്തിട്ടുണ്ട്. 5,025 മില്ലീമീറ്റർ നീളവും 2,950 മില്ലീമീറ്റർ വീൽബേസുമാണ് പുത്തൻ വാഹനത്തിന് ഉള്ളതാണ്. വാഹനത്തിൻ്റെ പവർട്രെയിനുകളിലേക്ക് നോക്കിയാൽ ഓൾ-ഇലക്ട്രിക് വേരിയന്റിൽ ഇരട്ട മോട്ടോറുകൾ ആണ് ഉണ്ടാവുക. മുന്നിലുളള മോട്ടോർ 177 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുമ്പോൾ, പിൻഭാഗം 275 ബിഎച്ച്പി വാഗ്ദാനം ചെയ്യുന്നവയാണ്.

ഇത് ഒരുമിച്ച് 311 bhp പവർ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ എസ്‌യുവി മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയാണ് അവകാശപ്പെടുന്നത്, കൂടാതെ BYD-യിൽ നിന്ന് ലഭിക്കുന്ന 105.4kWh LFP ബ്ലേഡ് ബാറ്ററിയിൽ നിന്നാണ് പവർ എടുക്കുന്നത്. CLTC ടെസ്റ്റ് സൈക്കിളിൽ 650 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. എന്തായാലും ഇന്ത്യയിലേക്കുള്ള തിരിച്ചു വരവിൽ ബ്രോങ്കോയുടെ വരവും പ്രതീക്ഷിക്കാം എന്നാണ് തോന്നുന്നത്.
ഫോർഡിൻ്റെ തിരിച്ചു വരവ് എവറസ്റ്റ് എന്ന മോഡലിലൂടെയായിരിക്കും എന്ന് പല റിപ്പോർട്ടുകളും സൂചിപ്പിച്ചിരുന്നു. എവറസ്റ്റ് മോഡൽ ഇന്ത്യയിൽ പലയിടത്തും കാണുകയും ചെയ്തിരുന്നു. തുടക്കത്തിൽ ഇറക്കുമതിയായാവും (കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ്) പുറത്തിറങ്ങുകയെങ്കിലും കാര്യമായ ഡിമാന്റ് ഉണ്ടെങ്കിൽ ഭാവിയിൽ എവറസ്റ്റ് (Everest) ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കാനും ഫോർഡിന് ഉദ്ദേശമുണ്ട്.

നിലവിൽ അവതരണത്തിന്റെ ഭാഗമായി എസ്‌യുവിയുടെ പരീക്ഷണയോട്ടം നടത്തുകയാണ് കമ്പനി. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന ലുക്കാണ് വാഹനത്തിനുണ്ടാവുക. മൂന്ന് നിരകളുള്ള ലാഡർ ഫ്രെയിം എസ്‌യുവിയുടെ ആകാരം മൊത്തത്തിൽ ബോക്‌സി സ്റ്റൈലായിരിക്കും. മുൻവശത്ത് വലിയ ഗ്രില്ലും അതിന്റെ മധ്യഭാഗത്ത് തിരശ്ചീനമായി പോവുന്നൊരു ബാറും പുതിയ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് ഇടംപിടിക്കുക.
C-ആകൃതിയിലുള്ള ഡിആർഎല്ലുകളും എവറസ്റ്റിനെ മിഴിവുറ്റതാക്കുന്നുണ്ട്. പിന്നിലേക്ക് വന്നാൽ ഇൻവേർട്ടഡ് സ്റ്റൈലുള്ള L-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ് ശ്രദ്ധേയമാവുക. എവറസ്റ്റിൻ്റെ ഇന്റീരിയർ കണ്ടാലും ഫോർച്യൂണർ കുലുങ്ങും. ഫോർഡിൻ്റെ ഏറ്റവും പുതിയ SYNC ഇൻഫോടെയ്ൻമെൻ്റ് സോഫ്‌റ്റ്‌വെയർ പ്രവർത്തിക്കുന്ന 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 12.4 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 3 സ്‌പോക്ക് ലെതർ എൻകേസ്ഡ് സ്റ്റിയറിംഗ് വീൽ പോലുള്ള കാര്യങ്ങളെല്ലാം ഇതിലുണ്ടാവും.

ഫോർഡ് എൻഡവറിലെ ADAS ലെവൽ 2 ടെക്കിൽ പ്രീ-കൊളിഷൻ അസിസ്റ്റ്, ഇൻ്റർസെക്ഷൻ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ് തുടങ്ങിയ നൂതന സുരക്ഷാ ഉപകരണങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇനി എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ എവറസ്റ്റിന് 170 bhp കരുത്തിൽ 405 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ സിംഗിൾ ടർബോ ഡീസൽ എഞ്ചിനാവും ലഭിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








