ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ടാറ്റ ഇവി നെക്‌സോണ്‍ അല്ല! വില കൂടുതലാണെങ്കിലും എല്ലാവര്‍ക്കും ഇവനെ മതി
22,000 യൂണിറ്റിലധികം വില്‍പ്പനയുമായി 2025 നവംബറില്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് കാര്‍ ആയിരുന്നു ടാറ്റ നെക്‌സോണ്‍. എല്ലാ എഞ്ചിന്‍ തരങ്ങളും ഇവി വേരിയന്റുകളും ഉള്‍പ്പെടെ വമ്പന്‍ വില്‍പ്പന വാരിക്കൂട്ടി നെക്‌സോണ്‍ തുടര്‍ച്ചയായി മൂന്നാം മാസവും രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറി. മൊത്തത്തിലുള്ള വില്‍പ്പന ചാര്‍ട്ടുകളില്‍ ഒന്നാമന്‍ എന്നതിനൊപ്പം തന്നെ ടാറ്റയുടെ ഇവി ശ്രേണിയുടെ നട്ടെല്ലും നെക്‌സോണ്‍ ആയിരുന്നു. എന്നാല്‍ അടുത്തിടെ പുതിയ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ചെറിയൊരു ട്വിസ്റ്റുണ്ടായി. നെക്‌സോണ്‍ ഇവിയെ മറികടന്ന് ഹാരിയര്‍ ഇവി ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് വാഹനമായി മാറി.
ഹാരിയര്‍ ഇവി 2,458 യൂണിറ്റ് വില്‍പ്പന നേടിയപ്പോള്‍ നെക്‌സോണ്‍ ഇവിക്ക് 2,230 പുതിയ ഉപഭോക്താക്കളെയാണ് കിട്ടിയത്. ഈ ഒറ്റമാസത്തെ മുന്നേറ്റം ടാറ്റയുടെ ഇവി വില്‍പ്പനയിലെ ട്രെന്‍ഡ് മാറ്റത്തിനെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. കമ്പനിയുടെ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഇവിയായി മാറിയ ഹാരിയര്‍ ഇവി പുതിയ പ്രതിമാസ വില്‍പ്പന റെക്കോഡ് സൃഷ്ടിക്കാന്‍ സഹായിച്ചു. ഓഗസ്റ്റില്‍ ടാറ്റയുടെ ഇലക്ട്രിക് വാഹന വില്‍പ്പന ആദ്യമായി 8,500 യൂണിറ്റ് കടന്നു.

ഒക്ടോബറില്‍ ഇവി മൊത്തവ്യാപാരം 9,200 യൂണിറ്റിലധികമായി ഉയര്‍ന്നു. ഇതിനെല്ലാം കാരണം ഹാരിയര്‍ ഇവിയുടെ വരവാണ്. വിപണിയില്‍ ഹാരിയര്‍ ഇവിയുടെ സ്ഥാനവും ആകര്‍ഷകമായ പാക്കേജും പരിഗണിക്കുമ്പോള്‍ ഈ മോഡല്‍ മികച്ച വില്‍പ്പന നേടുമെന്നത് പ്രതീക്ഷിച്ചതാണ്. എന്നാല്‍ വര്‍ഷങ്ങളായി വിപണിയിലുള്ള നെക്‌സോണ്‍ ഇവി പോലെ ഒരു മാസ് മാര്‍ക്കറ്റ് ഇവിയെ താരതമ്യേന പ്രീമിയം വിലയില്‍ ലഭിക്കുന്ന ഹാരിയര്‍ ഇവി മറികടക്കുന്നു എന്നതാണ് അമ്പരപ്പിക്കുന്നത്.
ഹാരിയര്‍ ഇവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില 21.5 ലക്ഷം രൂപയാണ്. അതേസമയം ടോപ്‌സ്‌പെക് വേരിയന്റിന്റെ വില 30 ലക്ഷം കടക്കും. ടാറ്റയുടെ പുതിയ Acti.ev ജെന്‍ 2 ആര്‍ക്കിടെക്ചറില്‍ പണികഴിപ്പിച്ചിരിക്കുന്ന ഹാരിയര്‍ ഇവി ഫുള്‍ ചാര്‍ജില്‍ 600 കിലോമീറ്ററിലധികം റേഞ്ച് നല്‍കുന്നതോടൊപ്പം ഉയര്‍ന്ന വേരിയന്റുകളില്‍ ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍ ഡ്രൈവും വാഗ്ദാനം ചെയ്യുന്നു.

QWD എന്ന് ടാറ്റ പേരിട്ട് വിളിക്കുന്ന ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റുകള്‍ക്ക് പ്രതീക്ഷയില്‍ കവിഞ്ഞ സ്വീകാര്യത ലഭിച്ചതിനെ തുടര്‍ന്ന് മിഡ് വേരിയന്റുകളില്‍ സാങ്കേതികവിദ്യ ചേര്‍ക്കാന്‍ പോകുകയാണ് ടാറ്റ. വരുംദിവസങ്ങളില്‍ ഇവിയുടെ വില്‍പ്പനക്ക് ഉത്തേജനമേകാന്‍ ഈ നീക്കം വഴി സാധിക്കും. വലിയ ഐസിഇ വാഹനങ്ങള്‍ ഉപയോഗിച്ച് ശീലിച്ച കുടുംബങ്ങള്‍ക്ക് ഹാരിയര്‍ ഇവി ഒരു മികച്ച ഇലക്ട്രിക് ബദലാണ്.
വെറുമൊരു സിറ്റി കാര്‍ എന്നതിലുപരി വിശാലമായ ക്യാബിന്‍ സ്‌പെയ്‌സ്, ഹൈവേയിലെ മികച്ച സ്ഥിരത, മികച്ച ഡ്രൈവിംഗ് അനുഭവം എന്നിവ നല്‍കുന്ന കുടുംബങ്ങള്‍ക്ക് പറ്റിയ മികച്ച കൂട്ടാളിയാണ്. ഒതുങ്ങിയ രൂപമുള്ള നെക്‌സോണിനേക്കാള്‍ അല്‍പ്പം കൂടി വലിയ എസ്‌യുവി ആണെന്നതും ഹാരിയര്‍ ഇവിയിലേക്ക് ഒരുവിഭാഗത്തെ അടുപ്പിക്കുന്നു. മാത്രമല്ല സമീപകാലത്തായി ഉയര്‍ന്നുവന്ന ചില നെഗറ്റീവ് പ്രചാരണങ്ങളും നെക്‌സോണ്‍ ഇവിക്ക് വിനയായി എന്ന് വേണം കരുതാന്‍.

ബാറ്ററി മാറ്റിവയ്ക്കലിലെ കാലതാമസം, ആപ്പ് പ്രശ്‌നങ്ങള്‍, അപ്രതീക്ഷിത തകരാറുകള്‍ എന്നീ പരാതികള്‍ ഉന്നയിച്ച് കുറച്ച് പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിശ്വാസയോഗ്യമല്ലാത്ത ഇവിയാണെന്ന പേരുദോഷം കേള്‍പ്പിച്ചിട്ടില്ലെങ്കിലും നെക്‌സോണ്‍ ഇവി പ്രതിസന്ധിയിലാണെന്ന പ്രതീതി വന്നതോടെ നെക്‌സോണ്‍ ഇവി വാങ്ങാനിരുന്നു കുറേ പേര്‍ ഹാരിയര്‍ ഇവിയിലേക്ക് ചുവടുമാറി. ഹാരിയര്‍ ഇവിയുടെ ലോഞ്ച് ടാറ്റയ്ക്ക് തുടര്‍ച്ചയായി അഞ്ച് മാസങ്ങളില്‍ 6,000-ത്തിലധികം ഇവി റീട്ടെയില്‍ വില്‍പ്പന നിലനിര്‍ത്താന്‍ കാര്യമായി സഹായിച്ചു.
ഹാരിയര്‍ ഇവി പോലുള്ള പ്രീമിയം ഇലക്ട്രിക് എസ്‌യുവികള്‍ ഓരോ വാഹനത്തില്‍ നിന്നുമുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുകയും, പ്ലാറ്റ്ഫോമുകളിലും ചാര്‍ജിംഗ് ശൃംഖലകളിലുമുള്ള ഭാവി നിക്ഷേപങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഒന്നാം സ്ഥാനത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ലെങ്കിലും ഇപ്പോള്‍ ടാറ്റയുടെ വിപണി വിഹിതം കുറഞ്ഞ് വരികയാണ്.
മഹീന്ദ്ര, എംജി തുടങ്ങിയ ബ്രാന്‍ഡുകള്‍ മത്സരാധിഷ്ഠിത വിലയില്‍ നിരവധി ഫ്യൂചറിസ്റ്റിക് ഇവികള്‍ കൊണ്ടുവന്നതാണ് ഇതിന് ഒരു കാരണം. ഈ സാഹചര്യത്തില്‍ ടാറ്റയും തങ്ങളുടെ ഇവി മോഡല്‍ നിര വിപുലീകരിക്കുന്നുണ്ട്. ഈ മാസം പുറത്തിറങ്ങിയ സിയറ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അധികം വൈകാതെ വിപണിയിലെത്തും. ഒപ്പം ഹാരിയര്‍ ഇവിയുടെ താങ്ങാവുന്ന വിലയുള്ള QWD വേരിയന്റുകളും വരുന്നതോടെ വില്‍പ്പന ഇനിയും ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








