കാറുകളില്‍ ഇനി ഹെല്‍മെറ്റ് എയര്‍ബാഗും! ഈ ചൈനക്കാരുടെ ഒരു കാര്യമേ
ഹെല്‍മെറ്റ് ധരിക്കാത്തതിന് കാര്‍ ഉടമകള്‍ക്ക് ചലാന്‍ വന്ന വാര്‍ത്തകള്‍ നാം വായിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ചലാന്‍ സിസ്റ്റത്തിലെ തകരാര്‍ കാണമാണ് പലപ്പോഴും ഇത്തരത്തില്‍ ഫൈന്‍ വരുന്നത്. ചില സാഹചര്യങ്ങളില്‍ മോഷ്ടിച്ച ബൈക്കില്‍ ഫേക്ക് നമ്പര്‍ ഘടിപ്പിച്ച് പോകുന്ന വിരുതന്‍മാര്‍ക്ക് നമ്പര്‍ വെച്ച് ചലാനിട്ടപ്പോള്‍ യഥാര്‍ത്ഥ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടമയായ കാറുകാരന് മെസേജ് പോയ സംഭവങ്ങളും ഉണ്ട്. മോഡേണ്‍ കാറുകള്‍ ഇന്ന് മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് വരുന്നത്. തങ്ങളുടെ കാറുകള്‍ അപകടത്തില്‍ 'പപ്പടമാകരുത്' എന്നും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കണെമെന്നും കമ്പനികള്‍ നിര്‍ബന്ധം പിടിച്ച് തുടങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ ഒരു വാഹന നിര്‍മാതാവ് കാറുകള്‍ക്കുള്ളിലും ഹെല്‍മറ്റിന് സമാനമായ സുരക്ഷാ സംവിധാനം ഒരുക്കുന്ന വാര്‍ത്തയാണ് ചൈനയില്‍ നിന്ന് വരുന്നത്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമുണ്ടല്ലേ?. എന്നാല്‍ സംഗതി സത്യമാണ്. നൂതന ആശയം നടപ്പിലാക്കാനൊരുങ്ങുന്നത് ടെക് ഭീമന്‍മാരായ വാവെയുടെ അനുബന്ധ കമ്പനിയാണ്. ഈ പുതിയ സേഫ്റ്റി സവിശേഷതയെ കുറിച്ച് വിശദമായി വായിക്കാം.

വാവെയ്‌യും ചൈനീസ് ഇവി ബ്രാന്‍ഡ് ആയ ചെറിയും ചേര്‍ന്ന് 2023-ല്‍ ഹാര്‍മണി ഇന്റലിജന്റ് മൊബിലിറ്റി അലയന്‍സിന് (HIMA) കീഴില്‍ സംയുക്ത സംരംഭമായാണ് ലക്‌സീഡ് എന്ന കമ്പനി സ്ഥാപിച്ചത്. ബാറ്ററി ഇലക്ട്രിക് ആന്‍ഡ് എക്‌സ്റ്റന്‍ഡഡ് റേഞ്ച ഇവി (EREV) പവര്‍ട്രെയിന്‍ കോണ്‍ഫിഗറേഷനുകളുമായി വരുന്ന S7 സെഡാനും R7 കൂപ്പെ എസ്‌യുവിയുമടങ്ങുന്ന രണ്ട് വാഹനങ്ങളാണ് നിലവില്‍ ലക്‌സീഡ് വില്‍ക്കുന്നത്.
ഇപ്പോള്‍ വാവെയ്‌യുടെ ലക്‌സീഡ് ബ്രാന്‍ഡ് കാര്‍ സീറ്റുകളില്‍ 'ഇന്റഗ്രേറ്റഡ് ഹെല്‍മറ്റ് എയര്‍ബാഗ്' സേഫ്റ്റി ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇത് മുമ്പ് ഒരു കാറിലും കണ്ടിട്ടില്ലാത്ത സവിശേഷതയാണ് ഇത്. ലക്‌സീഡ് V9 ഇലക്ട്രിക് മിനിവാനിലൂടെയായിരിക്കും ഈ ഇന്റഗ്രേറ്റഡ് ഹെല്‍മെറ്റ് എയര്‍ബാഗ് ഫീച്ചര്‍ ആദ്യമായി ഇടംപിടിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026-ന്റെ ആദ്യ പകുതിയില്‍ ഈ ഇലക്ട്രിക് വാഹനം ചൈനീസ് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സീറ്റുകളുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ലക്‌സീഡ് V9 ഇലക്ട്രിക് മിനി വാനിലെ ഹെല്‍മറ്റ് എയര്‍ബാഗ് സംവിധാനം. അപകട സാഹചര്യത്തില്‍ ലക്‌സീഡ് V9 ഇവിയിലെ സീറ്റീകള്‍ ഓട്ടോമാറ്റിക്കായി പിന്നോട്ട് നീങ്ങി സുരക്ഷിതമായ സ്ഥാനത്തേക്ക് മാറും. ഇതോടൊപ്പം, സൈഡ് എയര്‍ബാഗുകളും ഹെല്‍മറ്റ് എയര്‍ബാഗും ഒരേ സമയം വിന്യസിക്കപ്പെടും. ചൈനീസ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഫോട്ടോകളില്‍ ഒരു കൊക്കൂണ്‍ പോലുള്ള ബലൂണ്‍ കാണാം.
ഈ എയര്‍ബാഗ് യാത്രക്കാരന്റെ തലയെ പൊതിഞ്ഞ് എല്ലാ വശങ്ങളില്‍ നിന്നും സംരക്ഷിക്കും. മുഖത്തിന്റെ താഴ്ഭാഗവും കഴുത്തും സംരക്ഷിക്കുന്നതിനുള്ള ഒരു ചെറിയ എക്‌സ്റ്റന്‍ഷനും ഈ സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നു. അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള ശരീര ഭാഗങ്ങളാണ് തലയും കഴുത്തും. ഇൗ ഭാഗങ്ങള്‍ക്ക് ഏല്‍ക്കുന്ന ആഘാതം കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൊത്തത്തില്‍ കാറിനകത്തെ ഹെല്‍മെറ്റ് എയര്‍ബാഗ് സംവിധാനം യാത്രക്കാരുടെ സുരക്ഷ ഗണ്യമായി മെച്ചപ്പെടുത്തും.

ഓട്ടോമോട്ടീവ് ഇന്റീരിയേഴ്‌സ് ആണ് ഈ ഹെല്‍മറ്റ് എയര്‍ബാഗ് സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഇന്റീരിയര്‍ സിസ്റ്റം വിതരണക്കാരില്‍ ഒന്നായ യാന്‍ഫെങ് 2023-ലായിരുന്നു ഈ ഫീച്ചര്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. ലോകോത്തര ബ്രാന്‍ഡുകളായ ഫോക്സ്വാഗണ്‍, ബിഎംഡബ്ല്യു, ടൊയോട്ട, ജനറല്‍ മോട്ടോര്‍സ്, ബിവൈഡി, ഗീലി തുടങ്ങിയ പ്രമുഖ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് യാന്‍ഫെങ്.
യെന്‍ഫെങ് വികസിപ്പിച്ച ഈ സീറ്റ് ആര്‍കിടെക്ചര്‍ സാധാരണയായി ക്യാബിന്‍ ഫ്‌ലെക്‌സിബിലിറ്റി മെച്ചപ്പെടുത്താനായി ഉപയോഗപ്പെടുത്തുന്ന ലാര്‍ജ് ആംഗിള്‍ റിക്ലൈനിംഗ്, സീറ്റ് റൊട്ടേഷന്‍ ഫംഗ്ഷനുകളും സാധ്യമാക്കുന്നതോടൊപ്പം മുന്നോട്ടും പിന്നോട്ടുമുള്ള സ്ലൈഡിംഗ് സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നു.
ADAS ഡാറ്റയെ അടിസ്ഥാനമാക്കി V9 മോഡലിന്റെ സീറ്റുകളില്‍ പ്രീ-ക്രാഷ് റാപ്പിഡ് റിട്ടേണ്‍ സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അപകടത്തിന് മുമ്പ് അവയെ നിവര്‍ന്ന് നില്‍ക്കുന്ന നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നു.

സംയോജിത സീറ്റ് ബെല്‍റ്റും അപകടത്തിന് മുമ്പ് വിന്യസിക്കുന്ന പ്രീ-ഇന്‍സ്റ്റാള്‍ഡ് എയര്‍ബാഗും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ യാത്രക്കാര്‍ മുന്നോട്ടായുന്നത് പരിമിതപ്പെടുത്താനും പിന്നില്‍ നടുവിനുള്ള ഭാരം കുറയ്ക്കാനും സഹായിക്കും. ചൈനയിലെ പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്ബോയിലെ ഒന്നിലധികം ഉപയോക്താക്കള്‍ ലക്സീഡ് V9 മോഡല്‍ ഹെല്‍മെറ്റ് എയര്‍ബാഗ് പോലുള്ള നൂതന സേഫ്റ്റി ഫീച്ചറുകളുമായി എത്തുമെന്ന് പറയുന്നുണ്ടെങ്കിലും കമ്പനി ഇതുവരെ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
ലക്‌സീഡ് V9 മിനിവാനിന്റെ പേരിലെ 'V' എന്നത് 'വിക്ടറി' യെ സൂചിപ്പിക്കുന്നു. അതേസമയം '9' എന്നത് ഹാര്‍മണി ഇന്റലിജ് അടയാളപ്പെടുത്തുന്നു. ഇതിന് 200.8 ഇഞ്ച് (5.3 മീറ്റര്‍) നീളവും 125.9 ഇഞ്ച് (3.2 മീറ്റര്‍) വീല്‍ബേസുമുണ്ടാകും. എക്സ്ലാന്റിക്സ് ET, ES പോലുള്ള മോഡലുകള്‍ക്കും മറ്റ് ലക്സീഡ് മോഡലുകള്‍ക്കും അടിസ്ഥാനമായിരിക്കുന്ന ചെറി വികസിപ്പിച്ച E0X മോഡുലാര്‍ ആര്‍ക്കിടെക്ചറിലാണ് V9 മിനിവാനും പണിയുന്നത്.
വാവെയ് വികസിപ്പിച്ച പവര്‍ട്രെയിനും ഹൈ-വോള്‍ട്ടേജ് സിസ്റ്റവും ഇതിന് ലഭിക്കും. EV, EREV പതിപ്പുകളിലായി പുറത്തിറക്കാന്‍ പോകുന്ന V9 മിനിവാന്‍ CATL ബാറ്ററി പായ്ക്കില്‍ നിന്നായിരിക്കും പവറെടുക്കുക. മുന്‍നിര മോഡലിന്റെ വരവ് വിപണിയില്‍ നിന്ന് മികച്ച വില്‍പ്പന വാരാന്‍ ലക്‌സീഡിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








