ക്യൂട്ട് ലുക്ക്, ട്രാഫിക് പേടിക്കുകയേ വേണ്ട! ഹീറോ NEX3 മൈക്രോ ഇവിയെ സ്‌പെഷ്യലാക്കുന്ന സംഗതികള്‍
ഇന്ത്യയുടെ വൈദ്യുത വാഹന വിപണി അതിവേഗം വളരുമ്പോള്‍, പുതിയ പല കമ്പനികളും ഈ രംഗത്തേക്ക് കടന്നുവരികയാണ്. ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്ന ഓല ഇലക്ട്രിക് ഒരു കുഞ്ഞന്‍ ഇവിയുമായി അവ വീണ്ടും പൊടിതട്ടിയടുത്ത വാര്‍ത്ത നാം വായിച്ചു. ഇപ്പോള്‍ ഇവി പ്രേമികള്‍ക്ക് ആവേശം നല്‍കിക്കൊണ്ട് ഇന്ത്യയിലെ നമ്പര്‍ 1 ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പും വൈദ്യുത വാഹന മേഖലയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഓല ഇലക്ട്രിക്കിനെ പോലെ ഭാവിയില്‍ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനാണ് ഹീറോയുടെയും പദ്ധതി.
സിറ്റി ഡ്രൈവുകള്‍ക്ക് അനുയോജ്യമായ ഒരു ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് 'വിഡ NEX 3' എന്ന പേരില്‍ അടുത്തിടെ ഹീറോ അവതരിപ്പിച്ചിരുന്നു. മിലാനില്‍ നടന്ന EICMA 2025 ഷോയില്‍ വെച്ചാണ് ഹീറോ തങ്ങളുടെ ഭാവി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ബൈക്കുകള്‍ക്കുമൊപ്പം ഈ മൈക്രോ ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. ഹീറോയുടെ കണ്‍സെപ്റ്റുകളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്ന് കൂടിയായിരുന്നു NEX 3. ഈ കോംപാക്റ്റ് ഇലക്ട്രിക് കാറിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വിഡ NEX 3 നഗരങ്ങളിലെ ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്കും ഇത് ഉപകരിക്കുമെന്ന് ഹീറോ അവകാശപ്പെടുന്നു. സൗകര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ കാര്യക്ഷമമായി രൂപകല്‍പ്പന ചെയ്ത ഈ വാഹനം 14 മുതല്‍ 99 വയസ് വരെയുള്ളവര്‍ക്ക് ഉപയോഗിക്കാം.
വാഹനത്തിന്റെ ഡോര്‍ മെക്കാനിസം പ്രത്യേകത നിറഞ്ഞതാണ്. ഡോര്‍ മുകളിലേക്ക് സ്ലൈഡ് ചെയ്യുന്നതിനാല്‍ ഇടുങ്ങിയ സ്ഥലങ്ങളിലും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ കയറാനും ഇറങ്ങാനും സാധിക്കുന്നു. നഗര സാഹചര്യങ്ങളില്‍ ഈ സവിശേഷത വളരെ പ്രയോജനകരമാണ്. റോഡ് സൈഡിലും മറ്റും വാഹനം നിര്‍ത്തി ഡോര്‍ തുറക്കുന്ന സാഹചര്യങ്ങളില്‍ ഇത് ഏറെ സുരക്ഷിതമാണ്. അകത്തേക്ക് കടന്നാല്‍ ചതുരാകൃതിയിലും വൃത്താകൃതിയിലും സ്വിച്ച് ചെയ്യാവുന്ന ഒരു കസ്റ്റമൈസബിള്‍ മോഡുലാര്‍ കണ്‍സോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മിനിമലും ഫ്യൂചറിസ്റ്റിക്കുമായി ഒരു ക്യാബിനാണ് കണ്‍സെപ്റ്റ് പതിപ്പില്‍ ഹീറോ ഒരുക്കിയിരിക്കുന്നത്. മൈക്രോ ഇലക്ട്രിക് കണ്‍സെപ്റ്റിന് പവര്‍ ചെയ്യുന്ന ബാറ്ററിയെ കുറിച്ചോ റേഞ്ചിനെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഹീറോ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും മറ്റ് മൈക്രോ ഇലക്ട്രിക് കാറുകളുടേതിന് സമാനമായ ബാറ്ററിയും റേഞ്ചും ഇതിനുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഹീറോ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ എന്തുകൊണ്ട് ഒരു ഇലക്ട്രിക് എസ്‌യുവി നിര്‍മിക്കാതെ മൈക്രോ ഇവിക്ക് പിന്നാലെ പോകുന്നുവെന്ന സംശയം എല്ലാവര്‍ക്കും ഉണ്ടാകും. മൈക്രോ ഇലക്ട്രിക് കാറുകള്‍ക്ക് ഇപ്പോള്‍ വലിയ പ്രചാരം ലഭിക്കുന്നുണ്ട്. അടുത്തിടെ, ഓല ഇലക്ട്രിക് ഒരു പുതിയ മൈക്രോ ഇലക്ട്രിക് കാറിന് പേറ്റന്റ് നേടുകയും അത് വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മുംബൈ, ഡല്‍ഹി, ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ സ്ഥലപരിമിതിയും ഗതാഗതക്കുരുക്കും കൂടുതലായതുകൊണ്ട് നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന വലിയ കാറുകളേക്കാള്‍ മൈക്രോ ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ സൗകര്യപ്രദമാണ്.മൈക്രോ ഇലക്ട്രിക് കാര്‍ വിഭാഗത്തിലേക്ക് കൂടുതല്‍ ബ്രാന്‍ഡുകളെ ആകര്‍ഷിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് എംജി കോമറ്റ് ഇവിയുടെ വിജയമാണ്.
വാഹനങ്ങള്‍ പെരുകുകയും റോഡ് സൗകര്യങ്ങള്‍ പരിമിതമാകുകയും ചെയ്യുന്നത് കാരണം ഭാവിയില്‍ ഇത്തരം മൈക്രോകാറുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടാകും. നിലവില്‍ കണ്‍സെപ്റ്റ് രൂപത്തിലുള്ള വിഡ NEX3 മൈക്രോ ഇലക്ട്രിക് കാറിന്റെ പ്രൊഡക്ഷന്‍ പതിപ്പ് വൈകാതെ നമുക്ക് കാണാനാകുമെന്ന് പ്രതീക്ഷിക്കാം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിന്റെ ഉല്‍പ്പാദന പതിപ്പ് പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








